'എന്റെ മകൾ ഗസ്സയിലെ രാജ്ഞിയായി സ്വയം കരുതി'; കുറിപ്പുമായി ഹമാസ് മോചിപ്പിച്ച തടവുകാരി
"ഈ ലോകത്ത് നിങ്ങളുടെ യഥാർത്ഥ സുഹൃത്തുക്കളാകാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിക്കുന്നു."
ഗസ്സ സിറ്റി: ഹമാസിന്റെ തടവിൽ കഴിയവെ അസാധാരണമായ മനുഷ്യത്വവും ദയാവായ്പുമാണ് അനുഭവിച്ചതെന്ന് മോചിതയായ ഇസ്രായേൽ പൗര ഡാനിയേൽ അലോണി. തന്റെ മകൾ എമിലിയയോട് അവർ കാണിച്ച സ്‌നേഹവായ്പുകൾ ജീവിതത്തിൽ ഒരിക്കൽ പോലും മറക്കാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഹമാസ് പോരാളികളെയും അൽ ഖസ്സാം ബ്രിഗേഡ് നേതൃത്വത്തെയും പ്രകീർത്തിച്ച് ഹീബ്രു ഭാഷയിൽ ഇവർ എഴുതിയ കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായി.
താൽക്കാലിക വെടിനിർത്തൽ കരാറിന്റെ ഭാഗമായി വെള്ളിയാഴ്ചയാണ് ഡാനിയേലും എമിലിയയും ഉൾപ്പെടെ 13 ബന്ദികളെ ഹമാസ് വിട്ടയച്ചത്. 43 ദിവസത്തിന് ശേഷമാണ് ഇവർ മോചിതരായത്. 44 കാരിയാണ് ഡാനിയേൽ. എമിലിയയ്ക്ക് പ്രായം അഞ്ചു വയസ്സ്.
മോചിതയാകും മുമ്പ് ഇവർ എഴുതിയ കത്തിന്റെ പൂർണരൂപം
കഴിഞ്ഞ ആഴ്ചകളിൽ എന്നെ അനുഗമിച്ച പടയാളികളോട്, നാളെ നമ്മൾ പിരിയുമെന്ന് തോന്നുന്നു. അതുകൊണ്ടു തന്നെ, എന്റെ മകൾ എമിലിയയോട് നിങ്ങൾ കാണിച്ച അസാധാരണമായ മനുഷ്യത്വത്തിന് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി അറിയിക്കുന്നു.
നിങ്ങൾ അവൾക്ക് രക്ഷാകർത്താക്കളെ പോലെയായിരുന്നു. ആഗ്രഹിക്കുമ്പോഴെല്ലാം നിങ്ങൾ അവളെ വീട്ടിലേക്ക് ക്ഷണിച്ചു. നിങ്ങൾ അവളുടെ സുഹൃത്തുക്കൾ മാത്രമല്ല, ഏറെ പ്രിയപ്പെട്ടവരാണെന്നും എമിലിയ സമ്മതിക്കുന്നു.
നന്ദി, നന്ദി, പോറ്റമ്മയെ പോലെ അവൾക്കൊപ്പം ചെലവഴിച്ച മണിക്കൂറുകൾക്ക് നന്ദി. അവളോട് ക്ഷമയോടെ പെരുമാറിയതിനും മധുരപലഹാരങ്ങൾ, പഴങ്ങൾ, അധികം ലഭ്യമല്ലെങ്കിൽപ്പോലും അവിടെ ഉണ്ടായിരുന്നതെല്ലാം കൊണ്ട് അവളെ ചേർത്തുവച്ചതിനും നന്ദി.
കുട്ടികളെ ബന്ദികളാക്കി പിടിക്കരുത്. എന്നാൽ നിങ്ങൾക്കും യാത്രയിലുടനീളം കണ്ടുമുട്ടിയ നല്ല മനുഷ്യർക്കും നന്ദി. എന്റെ മകൾ ഗസ്സയിലെ ഒരു രാജ്ഞിയായി സ്വയം കരുതി. ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാണ് അവളെന്ന് അവൾ സമ്മതിക്കുന്നു.
ഞങ്ങളുടെ അവിടത്തെ നീണ്ട യാത്രയിൽ താഴെ റാങ്കിലുള്ള പട്ടാളക്കാർ മുതൽ നേതാക്കൾ വരെ അവളോട് ദയയും അനുകമ്പയും സ്‌നേഹവും കാണിക്കാത്ത ഒരാളെ പോലും ഞങ്ങൾ കണ്ടുമുട്ടിയില്ല. ഞാനെന്നും നിങ്ങളുടെ മഹാമനസ്‌കതയുടെ തടവുകാരിയായിരിക്കും. ശാശ്വതമായ മാനസിക ആഘാതത്തോടെ അവൾ ഗസ്സ വിട്ടുപോകാത്തതു കൊണ്ട് നിങ്ങളോട് എന്നും നന്ദിയുള്ളവളായിരിക്കും.
ഗസ്സയിൽ നിങ്ങൾ അനുഭവിച്ച നഷ്ടം, അത്യാഹിതങ്ങൾ... ഇങ്ങനെ ദുഷ്‌കരമായ സാഹചര്യങ്ങൾക്കിടയിലും നിങ്ങൾ കാണിച്ച സദ് പ്രവൃത്തികൾ എന്നും ഓർത്തിരിക്കും. ഈ ലോകത്ത് നിങ്ങളുടെ യഥാർത്ഥ സുഹൃത്തുക്കളാകാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. നിങ്ങൾക്കെല്ലാവർക്കും സ്വാസ്ഥ്യം നേരുന്നു. നിങ്ങളുടെ കുട്ടികൾക്കും കുടുംബത്തിനും ആരോഗ്യവും ക്ഷേമവും ഉണ്ടാകട്ടെ. നിങ്ങൾക്ക് ഒരുപാട് നന്ദി.
ഡാനിയേലും എമിലിയയും.
നേരത്തെ, ഹമാസ് പോരാളികളോട് കൃതജ്ഞതാപൂർവ്വം യാത്ര പറഞ്ഞു പോകുന്ന ഇസ്രായേൽ ബന്ദികളുടെ വീഡിയോകൾ വാർത്തയിൽ ഇടം പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബന്ദികൾ ഹമാസ് പോരാളികളെ പ്രകീർത്തിച്ച് എഴുതിയ കത്തും പുറത്തുവരുന്നത്. വെടിനിർത്തൽ കരാറിന്റെ ഭാഗമായി അമ്പത് ഇസ്രായേൽ ബന്ദികളെയാണ് ഹമാസ് മോചിപ്പിക്കുന്നത്. 150 ഫലസ്തീനികളെ ഇസ്രായേലും മോചിപ്പിക്കും. ഇരുനൂറിലേറെ ബന്ദികൾ ഹമാസിന്റെ പക്കലുണ്ട് എന്നാണ് റിപ്പോർട്ട്.
Summary: Israeli captive released by Hamas leaves behind “Letter of Thanks”