സുനിത വില്യംസിന് ഓവര്‍ടൈം അലവന്‍സ് നല്‍കുമോയെന്ന് ചോദ്യം; സ്വന്തം പോക്കറ്റില്‍നിന്ന് നല്‍കുമെന്ന് ട്രംപ്
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ 278 ദിവസത്തെ വാസത്തിന് ശേഷമാണ് സുനിത വില്യംസിനും ബുച്ച് വില്‍മോറും ഭൂമിയില്‍ തിരിച്ചെത്തിയത്


വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ 278 ദിവസത്തെ വാസത്തിന് ശേഷം ഭൂമിയില്‍ തിരിച്ചെത്തിയ സുനിത വില്യംസിനും ബുച്ച് വില്‍മോറിനും ലഭിക്കേണ്ട ഓവര്‍ടൈം അലവന്‍സ് താന്‍ നല്‍കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. എട്ട് ദിവസത്തെ ബഹിരാകാശ ദൗത്യവുമായി പോയ ഇരുവരും സാങ്കേതിക തകരാര്‍ മൂലം ഒന്‍പത് മാസമാണ് ബഹിരാകാശത്ത് കുടുങ്ങിയത്.
ബഹിരാകാശത്ത് ചെലവിട്ട അധിക ദിവസങ്ങളില്‍ ലഭിക്കേണ്ട ഓവര്‍ടൈം വേതനത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ട്രംപിന്റെ പ്രഖ്യാപനം. നാസയുടെ ബഹിരാകാശ യാത്രികര്‍ക്ക് ഓവര്‍ടൈമിന് ഏതെങ്കിലും തരത്തിലുള്ള അധിക വേതനം ലഭിക്കുമോ എന്നതായിരുന്നു വൈറ്റ് ഹൗസില്‍വെച്ച് മാധ്യമ പ്രവര്‍ത്തകന്‍ ട്രംപിനോട് ചോദിച്ചത്. 'ഇക്കാര്യം ആരും തന്റെ മുന്നില്‍ അവതരിപ്പിച്ചിട്ടില്ല. അക്കാര്യം തന്റെ മുന്നിലെത്തിയാല്‍ എന്റെ സ്വന്തം പോക്കറ്റില്‍നിന്ന് ഞാനത് നല്‍കും' എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന് ട്രംപ് മറുപടി നല്‍കിയത്.
നാസയുടെ ബഹിരാകാശ യാത്രികര്‍ യുഎസ് ഫെഡറല്‍ ജീവനക്കാരാണ്. അവര്‍ക്ക് ചട്ട പ്രകാരം നിശ്ചിത ശമ്പളം മാത്രമേ ലഭിക്കുകയുള്ളൂ. എത്ര കാലം ബഹിരാകാശത്ത് തങ്ങിയാലും ചട്ടപ്രകാരമുള്ള ശമ്പളത്തിന് മാത്രമേ അര്‍ഹതയുള്ളൂവെന്നാണ് എന്നതായിരുന്നു വിദഗ്ധരുടെ അഭിപ്രായം. സര്‍ക്കാര്‍ ജീവനക്കാരെന്ന നിലയില്‍ യുഎസില്‍ ബഹിരാകാശ യാത്ര പോലും ഔദ്യോഗിക യാത്രയായിട്ടാണ് കണക്കാക്കപ്പെടുന്നത്.
ഒരു ദിവസം അഞ്ച് ഡോളറാണ് (430രൂപ) ശമ്പളം കൂടാതെ പ്രതിദിന അലവന്‍സായി ഇവര്‍ക്ക് ലഭിക്കുന്നത്. ഇത്രയും ദിവസം ബഹിരാകാശത്ത് തങ്ങിയതിന് ഇരുവരികികും അധികമായി കിട്ടുക 1,22,980 രൂപ മാത്രമാണ്. മാധ്യമ പ്രവര്‍ത്തകന്‍ ഇരുവര്‍ക്കും ലഭിക്കുന്ന അധിക ശമ്പളത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, അത്രയേ ഉള്ളോ എന്നും അവര്‍ കടന്നുപോയ കാര്യങ്ങള്‍ നോക്കുമ്പോള്‍ അത് വലിയ കാര്യമല്ലെന്നും ട്രംപ് പറഞ്ഞു. ഇരുവരെയും തിരിച്ചെത്തിക്കാന്‍ സഹായം നല്‍കിയ ഇലോണ്‍ മസ്‌കിനും ട്രംപ് നന്ദി പറഞ്ഞു.