ഗസ്സയിലുടനീളം ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ; കുഞ്ഞുങ്ങൾ ഉൾപ്പെടെ 46 മരണം
യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ വീണ്ടും അമേരിക്കൻ വ്യോമാക്രമണമുണ്ടായി


തെൽ അവിവ്: ഗസ്സയിലുടനീളം ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ. കുഞ്ഞുങ്ങൾ ഉൾപ്പെടെ 46 മരണം. ഖാൻ യൂനുസിലെ നാസർ മെഡിക്കൽ സമുച്ചയത്തിനു നേരെയും ആക്രമണമുണ്ടായി. യുദ്ധത്തിനൊപ്പം വെടിനിർത്തൽ ചർച്ചാ സാധ്യത വിലയിരുത്തി ഇസ്രായേലും അമേരിക്കയും. അതിനിടെ യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ വീണ്ടും അമേരിക്കൻ വ്യോമാക്രമണമുണ്ടായി.
മധ്യ, തെക്കൻ ഗസ്സകളിൽ ആക്രമണം വ്യാപിപ്പിച്ച ഇസ്രായേൽ ഫലസ്തീൻ കൂട്ടക്കുരുതി തുടരുന്നു. ഇന്നലെ മാത്രം 46 പേരാണ് കൊല്ലപ്പെട്ടത്. മധ്യ ഗസ്സയിലെ ഖാൻ യൂനുസിൽ ഫലസ്തീൻ അഭയാർഥികളുടെ താമസ കേന്ദ്രങ്ങൾക്കും ഇസ്രായേൽ ബോംബിട്ടു. ആരോഗ്യ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തിലും മാറ്റമില്ല. ഖാൻ യുനൂസിൽ പരിമിത സ്വഭാവത്തിൽ മാത്രം പ്രവർത്തിക്കുന്ന നാസർ മെഡിക്കൽ സമുച്ചയത്തിനു നേരെ ഇസ്രായേൽസേന ആക്രമണം നടത്തി.മധ്യ ഗസ്സയിലെ തുർക്കിഷ്-ഫലസ്തീനിയൻ ഫ്രണ്ട്ഷിപ് ആശുപത്രി വെള്ളിയാഴ്ച ഇസ്രായേൽ ബോംബിട്ട് തകർത്തിരുന്നു.
ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ് അൽ ബർദാവീലും ഭാര്യയും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തെക്കൻഗസ്സയിലെ ഖാൻ യൂനിസിൽ ഇവർ താമസിച്ച ടെന്‍റിന് നേരെയായിരുന്നു ആക്രമണം. അതിനിടെ, യുദ്ധത്തിന്‍റെ ഭാവിയും വെടിനിർത്തൽ ചർച്ചാ സാധ്യതയും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞു. ബന്ദികളുടെ മോചനവും ഹമാസിനെ നശിപ്പിക്കലുമാണ് ലക്ഷ്യമെന്ന് യുഎസ് പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റിവ് വിറ്റ്കോഫ് പ്രതികരിച്ചു.
ഫലസ്തീൻ ജനതക്ക് സൈനിക നടപടിയിലൂടെ പിന്തുണ നൽകുന്ന യെമനിലെ ഹൂതികൾക്കെതിരെ അമേരിക്കൻ സേന വീണ്ടും വ്യോമാക്രമണം നടത്തി. സൻആയിലെ വിവിധ കേന്ദ്രങ്ങളിൽ ബോംബിട്ടതായി യുഎസ് സെൻട്രൽ കമാന്‍റ് അറിയിച്ചു. താമസ കേന്ദ്രത്തിനു നേരെ നടന്ന ആക്രമണത്തിൽ നിരവധി പേർ മരിച്ചതായി ഹൂതികൾ അറിയിച്ചു. തെൽ അവീവ് ഉൾപ്പടെ ഇസ്രായേൽ നഗരങ്ങളിൽ ആയിരങ്ങൾ അണിചേർന്ന നെതന്യാഹു വിരുദ്ധ റാലി നടന്നു. ബന്ദികളുടെ മോചനവും ഇന്‍റലിജൻസ് മേധാവിയെ പുറത്താക്കാനുള്ള നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം തുടരാനാണ് വിവിധ കൂട്ടായ്മകളുടെ തീരുമാനം.