മൂന്ന് ദിവസം സിഡ്‌നിലാന്റിൽ അവധിയാഘോഷം; പിന്നാലെ മകനെ കഴുത്തറുത്ത് കൊന്ന് ഇന്ത്യൻ വംശജ
ഇന്ത്യൻ വംശജയായ സരിത രാമരാജു (48) ആണ് മകന്റെ ജീവനെടുത്തത്.


ന്യൂയോർക്ക്: സിഡ്‌നിലാന്റിൽ അവധി ആഘോഷിച്ചതിന് പിന്നാലെ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തി അമ്മ. ഇന്ത്യൻ വംശജയായ സരിത രാമരാജു (48) ആണ് മകന്റെ ജീവനെടുത്തത്. സരിതയെ പൊലീസ് അറസ്റ്റ് ചെയ്തു. ആയുധം കൈവശംവെച്ചതിനും കേസെടുത്തിട്ടുണ്ട്.
2018ൽ സരിത ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയിരുന്നു. കാലിഫോർണിയയിൽ താമസിക്കുന്ന ഇവർ മകനെ കാണാനായാണ് എത്തിയത്. മൂന്ന് ദിവസത്തെ ഡിസ്‌നിലാന്റ് സന്ദർശനത്തിനുള്ള ടിക്കറ്റാണ് തനിക്കും മകനുമായി സരിത ബുക്ക് ചെയ്തത്.
മാർച്ച് 19-നായിരുന്നു അവധി ആഘോഷിക്കാനായി എടുത്ത ഹോട്ടൽമുറി ഒഴിഞ്ഞ് കുട്ടിയെ അച്ഛനെ ഏൽപ്പിക്കേണ്ടിയിരുന്നത്. എന്നാൽ താൻ കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന് ഇവർ രാവിലെ ഒമ്പത് മണിയോടെ എമർജൻസി നമ്പറിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു.
മരിച്ചുകിടക്കുന്ന 11 വയസ്സുകാരനെയാണ് റൂമിലെത്തിയ പൊലീസ് കണ്ടത്. എമർജൻസി നമ്പറിൽ വിവരമറിയിക്കുന്നതിന് ഏറെ നേരം മുമ്പ് തന്നെ കുട്ടി മരിച്ചതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം മുതൽ സംരക്ഷണ അവകാശവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛൻ പ്രകാശ് രാജുവുമായി സരിത നിയമപോരാട്ടത്തിലായിരുന്നു. തന്നോട് അഭിപ്രായം ചോദിക്കാതെ കുട്ടിയുടെ വിദ്യാഭ്യാസ-ആരോഗ്യ കാര്യങ്ങളിൽ പ്രകാശ് രാജു തീരുമാനമെടുക്കുന്നതിൽ സരിതക്ക് എതിർപ്പുണ്ടായിരുന്നു. പ്രകാശ് രാജു ബെംഗളൂരു സ്വദേശിയാണെന്നാണ് റിപ്പോർട്ട്.