ഉർദുഗാന്റെ മുഖ്യ രാഷ്ട്രീയ എതിരാളി അറസ്റ്റിൽ; പ്രതിഷേധത്തിൽ മുങ്ങി തുർക്കി
കഴിഞ്ഞ ഒരു ശാബ്ദത്തിനിടയിലെ ഏറ്റവും മോശം രാഷ്ട്രീയ കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു


ഇസ്താംബൂൾ: പ്രസിഡന്റ് തയ്യിപ് ഉർദുഗാന്റെ മുഖ്യ രാഷ്ട്രീയ എതിരാളിയും ഇസ്താംബൂൾ മേയറുമായ എക്രം ഇമാമോഗ്ലു അറസ്റ്റിലായതിന് പിന്നാലെ തുർക്കിയിൽ വ്യാപക പ്രതിഷേധം. അഴിമതി, ഭീകരസംഘടനകളുമായുള്ള ബന്ധം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് എക്രം ഇമാമോഗ്ലുവിനെ അറസ്റ്റ് ചെയ്തത്. തുർക്കിയിലുടനീളം പതിനായിരക്കണക്കിന് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
കഴിഞ്ഞ ഒരു ശാബ്ദത്തിനിടയിലെ ഏറ്റവും മോശം രാഷ്ട്രീയ കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റുകളും ഉപയോഗിച്ചു. ചില പ്രതിഷേധക്കാർക്ക് നേരെ പേപ്പർ സ്പ്രേയും പ്രയോഗിച്ചിട്ടുണ്ട്.
പ്രക്ഷോഭങ്ങളെ അപലപിച്ച ഉർദുഗൻ പ്രതിഷേധക്കാർ സമാധാനം തകർക്കാനും രാജ്യത്തെ ജനങ്ങളെ ധ്രുവീകരിക്കാനും ശ്രമിക്കുന്നുവെന്നും ആരോപിച്ചു. ഇമാമോഗ്ലുവിനെ മേയർ സ്ഥാനത്ത് നിന്ന് സസ്‌പെൻഡ് ചെയ്തതായി തുർക്കി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. വിചാരണ ആരംഭിക്കുന്നത് വരെ ഇമാമോഗ്ലുവിനെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
അതേസമയം, തനിക്കെതിരായ നടപടികൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ഇമാമോഗ്ലു ആരോപിച്ചു. തന്റെ പങ്കാളി നേരിട്ട അനീതി മനസ്സാക്ഷിയെ വേദനിപ്പിച്ചിരിക്കുന്നുവെന്ന് ഇന്നലെ വൈകുന്നേരത്തോടെ ഇസ്താംബൂളിലെ സിറ്റി ഹാളിന് സമീപം തടിച്ച് കൂടിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഇമാമോഗ്ലുവിന്റെ ഭാര്യ ദിലേക് കയ ഇമാമോഗ്ലു പറഞ്ഞു. റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിയുടെ (CHP) 2028 ലെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെടേണ്ടതായിരുന്നു ഇമാമോഗ്ലു.
രാജ്യത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തിലധികത്തിലും പ്രതിഷേധങ്ങളും റാലികളും നടന്നതായി ഫ്രഞ്ച് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ഇമാമോഗ്ലുവിന് പുറമെ നിരവധി രാഷ്ട്രീയ-മാധ്യമ പ്രവർത്തകരും വ്യവസായികളും ഉൾപ്പടെ നൂറിലധികം പേർ രാജ്യത്ത് അറസ്റ്റിലായിട്ടുണ്ട്.