ഗസ്സയിലെ ഇസ്രായേൽ ആക്രമണം ഉടൻ അവസാനിപ്പിക്കണം; ഫ്രാന്‍സിസ് മാര്‍പാപ്പ

88കാരനായ മാര്‍പാപ്പ അഞ്ച് ആഴ്ചയിലധികം നീണ്ട ആശുപത്രി വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്

Update: 2025-03-24 08:21 GMT
Editor : Jaisy Thomas | By : Web Desk
Pope Francis
AddThis Website Tools
Advertising

വത്തിക്കാൻ സിറ്റി: ഗസ്സയിലെ ഇസ്രായേലി ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള സംഭാഷണങ്ങൾ പുനരാരംഭിക്കാനും നിർണായകമായ വെടിനിർത്തൽ നടപ്പിലാക്കാനും ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. 88കാരനായ മാര്‍പാപ്പ അഞ്ച് ആഴ്ചയിലധികം നീണ്ട ആശുപത്രി വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.

"ഗസ്സയിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചതിൽ ഞാൻ ദുഃഖിതനാണ്, നിരവധി പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആയുധങ്ങൾ ഉടനടി നിശബ്ദമാക്കണമെന്നും എല്ലാ ബന്ദികളെയും മോചിപ്പിക്കാനും ഒരു നിശ്ചിത വെടിനിർത്തൽ നടപ്പിലാക്കാൻ കഴിയുന്ന തരത്തിൽ ചര്‍ച്ചകൾ പുനരാരംഭിക്കണമെന്നും ആവശ്യപ്പെടുന്നു. ഗസ്സയിലെ മാനുഷിക സാഹചര്യം വീണ്ടും വളരെ ഗുരുതരമായിരിക്കുകയാണ്, സംഘർഷത്തിലുള്ള കക്ഷികളുടെയും അന്താരാഷ്ട്ര സമൂഹത്തിന്‍റെയും അടിയന്തര പ്രതിബദ്ധത ഇതിന് ആവശ്യമാണ്" അദ്ദേഹം പറഞ്ഞു.

ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും മാർപാപ്പയ്ക്ക് രണ്ടുമാസത്തെ വിശ്രമം അനിവാര്യമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ശ്വാസകോശ രോഗത്തെത്തുടർന്ന് കഴിഞ്ഞ മാസം 14നാണ് ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രി ചാപ്പലിൽ കുർബാനയിൽ പങ്കെടുക്കുന്നതിന്റെ ഒരു ചിത്രം കഴിഞ്ഞാഴ്ച പുറത്തുവിട്ടിരുന്നു. എല്ലാ ഞായറാഴ്ചയും സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെ പൊതുവേദിയിലെത്തി വിശ്വാസികളെ അനുഗ്രഹിച്ചിരുന്ന മാർപാപ്പ ഫെബ്രുവരി 9നാണ് അവസാനം ഈ ചടങ്ങിൽ പങ്കെടുത്തത്.

അതേസമയം ഗസ്സ പൂര്‍ണമായും പിടിച്ചെടുത്ത് സൈനിക ഭരണം ഏര്‍പ്പെടുത്താനാണ് ഇസ്രായേൽ നീക്കം. ഇസ്രായേൽ സംഘം അമേരിക്കയിലെത്തി പദ്ധതി ട്രംപ് ഭരണകൂടവുമായി ചര്‍ച്ച ചെയ്യും. അതിനിടെ ഗസ്സയിലെ നാസർ ആശുപത്രിയിൽ ഇസ്രായേൽ ബോംബിട്ടു. മുതിർന്ന ഹമാസ് നേതാവ് ഇസ്മാഈൽ ബർഹൂമും 16 വയസുള്ള കുട്ടിയും കൊല്ലപ്പെട്ടു. ഇവരടക്കം ഇന്ന് മാത്രം 16 പേരെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. യമനിലെ ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കയുടെ വ്യോമാക്രമണവും തുടരുകയാണ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News