നീ എന്‍റെ ജോലിക്കാരിയായിരുന്നെങ്കില്‍ പിരിച്ചുവിടുമായിരുന്നുവെന്ന് അദ്ദേഹം എന്നോട് പറഞ്ഞു; ഇലോണ്‍ മസ്കിനെതിരെ ആദ്യ ഭാര്യ
ഈ ബന്ധത്തിലെ പ്രധാനപ്പെട്ടയാള്‍ താനാണെന്ന് വിവാഹ പാര്‍ട്ടിയില്‍ ഡാന്‍സ് ചെയ്യുമ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു
ന്യൂയോര്‍ക്ക്: ടെസ്‍ല മേധാവി ഇലോണ്‍ മസ്കിന്‍റെ ജീവചരിത്രം വിപണിയില്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ മസ്കിന്‍റെ ആദ്യഭാര്യ ജസ്റ്റിന്‍ മസ്കിന്‍റെ പഴയൊരു തുറന്നുപറച്ചിലാണ് വീണ്ടും ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. വിവാഹമോചനം നേടിയതുമായി ബന്ധപ്പെട്ട് 2010ല്‍ ജസ്റ്റിന്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ശ്രദ്ധ നേടുന്നത്.
എഴുത്തുകാരിയും അഞ്ച് ആൺമക്കളുടെ അമ്മയുമായ ജസ്റ്റിൻ മസ്‌ക്, മേരി ക്ലെയർ മാഗസിനില്‍ എഴുതിയ കുറിപ്പിലാണ് കയ്പേറിയ വിവാഹജീവിതത്തെക്കുറിച്ച് പറയുന്നത്. വിവാഹിതരായ രാത്രിയില്‍ പോലും മസ്ക് തന്‍റെ സ്വഭാവത്തെക്കുറിച്ച് ചില അപകട സൂചനകള്‍ കാണിച്ചിരുന്നുവെന്നും ജസ്റ്റിന്‍ പറയുന്നു. '' ഈ ബന്ധത്തിലെ പ്രധാനപ്പെട്ടയാള്‍ താനാണെന്ന് വിവാഹ പാര്‍ട്ടിയില്‍ ഡാന്‍സ് ചെയ്യുമ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു. വിവാഹാനന്തര ഉടമ്പടിയിൽ ഒപ്പിടുന്നത് പിന്നീട് ഞാൻ ഒഴിവാക്കി. പക്ഷേ സമയം കടന്നുപോകുന്തോറും അദ്ദേഹം ഗൗരവമുള്ളയാളാണെന്ന് ഞാൻ മനസ്സിലാക്കി. ദക്ഷിണാഫ്രിക്കയിലെ പുരുഷ മേധാവിത്വ സംസ്കാരത്തിലാണ് അദ്ദേഹം വളർന്നത്. മത്സരിക്കാനും ആധിപത്യം സ്ഥാപിക്കാനുമുള്ള ഇച്ഛാശക്തി അദ്ദേഹത്തെ ബിസിനസില്‍ വിജയിപ്പിച്ചതുപോലെ വീട്ടിലെത്തിയപ്പോഴും അതിനു മാറ്റമുണ്ടായിരുന്നില്ല''
ഈ സാമ്പത്തിക അസന്തുലിതാവസ്ഥ തുടര്‍ന്നുള്ള മാസങ്ങളില്‍ ഞങ്ങളുടെ ഇടയില്‍ പ്രകടമാകാന്‍ തുടങ്ങി. എല്ലാത്തിനെയും മുന്‍വിധിയോടെയാണ് അദ്ദേഹം സമീപിച്ചത്. അതെന്നെ ഒന്നുമല്ലാതാക്കി. ഒടുവില്‍ ഞാന്‍ നിങ്ങളുടെ ഭാര്യയാണെന്നും ജോലിക്കാരിയല്ലെന്നും അദ്ദേഹത്തോട് പറഞ്ഞു. ജോലിക്കാരിയായിരുന്നെങ്കില്‍ നിന്നെ പിരിച്ചുവിടുമായിരുന്നുവെന്നായിരുന്നു മസ്കിന്‍റെ മറുപടി. തലമുടി കളര്‍ ചെയ്യാന്‍ അദ്ദേഹം എന്നെ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു''. ആദ്യത്തെ കുഞ്ഞ് നെവാഡ നഷ്ടപ്പെട്ടതോടെ ജസ്റ്റിന്‍ വളരെയധികം തകര്‍ന്നു. തുടർന്ന് അവൾ ഇരട്ടക്കുട്ടികൾക്കും മൂന്നുകുട്ടികൾക്കും ജന്മം നൽകി.
"നെവാഡയുടെ മരണം എന്നെ വർഷങ്ങളോളം വിഷാദത്തിന്‍റെയും അശ്രദ്ധയുടെയും കൂട്ടിലാക്കി. എന്‍റെ ആയമാര്‍ ഇത് ശ്രദ്ധിച്ചില്ലായിരുന്നെങ്കിലും അതിന്നും തുടരുമായിരുന്നു'' ജസ്റ്റിന്‍ വിശദീകരിക്കുന്നു. 2008ലാണ് ജസ്റ്റിനും മസ്കും വിവാഹമോഹിചതരാകുന്നത്.