മധ്യഗസ്സയിൽ ഓരോ മിനിറ്റിലും സ്‌ഫോടനം; അൽ അഖ്‌സ ആശുപത്രിക്ക് സമീപമുണ്ടായ ആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു

ഡസൺ കണക്കിന് മൃതദേഹങ്ങൾ തെരുവിൽ ചിതറിക്കിടക്കുകയാണെന്നും രക്ഷാപ്രവർത്തകർക്ക് അവിടേക്ക് എത്താൻ പറ്റാത്ത അവസ്ഥയാണെന്നും റഫയിലെ കുവൈറ്റ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ഡയറക്ടർ പറഞ്ഞു.

Update: 2024-06-08 12:22 GMT
Advertising

ഗസ്സ: അൽ അഖ്‌സ രക്തസാക്ഷി ആശുപത്രിക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഡസൺ കണക്കിന് മൃതദേഹങ്ങൾ തെരുവിൽ ചിതറിക്കിടക്കുകയാണെന്നും രക്ഷാപ്രവർത്തകർക്ക് അവിടേക്ക് എത്താൻ പറ്റാത്ത അവസ്ഥയാണെന്നും റഫയിലെ കുവൈറ്റ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ഡയറക്ടർ പറഞ്ഞു. വെടിനിർത്തൽ നിർദേശത്തോടെ ഹമാസ് അനുകൂലമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഖത്തർ-ഈജിപ്ത് മധ്യസ്ഥർ പറഞ്ഞു.

ഗസ്സയിലെ എല്ലാ ആശുപത്രികളും ആക്രമിക്കപ്പെട്ടതിനാൽ പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള അൽ അഖ്‌സ ആശുപത്രിയാണ് പ്രധാന ആശുപത്രിയായി പ്രവർത്തിക്കുന്നത്. ആശുപത്രിയിൽ ഭീകരമായ ദൃശ്യങ്ങളാണ് കാണാൻ കഴിയുന്നതെന്ന് ഡോക്ടർസ് വിത്തൗട്ട് ബോർഡേർസിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ശിശുരോഗ വിദഗ്ധയായ ഡോ. തന്യ ഹാജ് ഹസൻ പറഞ്ഞു. ഇതൊരു വംശഹത്യാ സൈറ്റ് ആയി മാറിയെന്നാണ് തീവ്രപരിചരണ വിഭാഗത്തിലെ ഒരു സഹപ്രവർത്തകൻ തനിക്ക് സന്ദേശമയച്ചത്. കൂട്ടക്കൊല...കൂട്ടക്കൊല...എന്ന് അവൻ ആവർത്തിച്ചുകൊണ്ടിരുന്നു. കാഷ്വാലിറ്റിയുടെ വീഡിയോ ദൃശ്യങ്ങൾ അവൻ എനിക്കയച്ചിരുന്നു. അവിടെ രക്തത്തിൽ കുളിച്ച നിലയിലാണെന്നും തന്യ ഹാജ് ഹസൻ പറഞ്ഞു.

ഫലസ്തീനികളുടെ സുരക്ഷ ഉറപ്പാക്കാതെ വെടിനിർത്തൽ കരാർ അംഗീകരിക്കില്ലെന്ന് ഹമാസ് തലവൻ ഇസ്മായീൽ ഹനിയ പറഞ്ഞു. ഇസ്രായേൽ ഗസ്സയിൽ വംശഹത്യ തുടരുകയാണ്. ഫലസ്തീൻ ജനതയെ തുടച്ചുനീക്കാൻ ലക്ഷ്യമിട്ടുള്ള ആക്രമണം തുടരുമ്പോഴും അത് അവസാനിപ്പിക്കാൻ ലോകരാഷ്ട്രങ്ങൾക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബർ ഏഴിന് തുടങ്ങിയ ഇസ്രായേൽ ആക്രമണത്തിൽ 36,801 പേരാണ് ഇതുവരെ ഗസ്സയിൽ കൊല്ലപ്പെട്ടത്. 83,680 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ 24 മണിക്കൂറിനിടെ 70 ഫലസ്തീനികൾ കൊല്ലപ്പെടുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News