വിഖ്യാത ഫ്രഞ്ച് സംവിധായകൻ ഗൊദാർദ് അന്തരിച്ചു
ചലച്ചിത്രനിരൂപകൻ, നടൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, നിർമാതാവ്, സംവിധായകൻ തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്ന വ്യക്തികൂടിയാണ് ഗൊദാർദ്.
പാരീസ്: വിഖ്യാത ഫ്രഞ്ച് സിനിമാ സംവിധായകൻ ഴാങ് ലുക് ഗൊദാർദ് (91) അന്തരിച്ചു. 'രാഷ്ട്രീയ സിനിമ'യുടെ ശക്തനായ പ്രയോക്താവായി അറിയപ്പെടുന്ന ഗൊദാർദ് ചലച്ചിത്രനിരൂപകൻ, നടൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, നിർമാതാവ്, സംവിധായകൻ തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്ന വ്യക്തികൂടിയാണ്.
ഫ്രഞ്ച് നവതരംഗസിനിമയുടെ ആചാര്യനായി വിലയിരുത്തപ്പെടുന്ന ഗൊദാർദ് തിരക്കഥാ രചനയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തുന്നത്. ബ്രെത്ത്‌ലെസ് ആണ് ആദ്യ ചിത്രം. 1969-ൽ പുറത്തിറങ്ങിയ എ വുമൺ ഈസ് എ വുമൺ ആയിരുന്നു കളറിൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യ ചിത്രം.
അറുപതുകൾ മധ്യത്തോടെ ഗൊദാർദ് ഇടതുപക്ഷരാഷ്ട്രീയ വീക്ഷണമുള്ള ചിത്രങ്ങളിലേക്കുമാറി. ടൂ ഓർ ത്രീ തിങ്‌സ് ഐ നോ എബൗട്ട് ഹെർ (1966) ഈ ഘട്ടത്തിലെ മുഖ്യസൃഷ്ടിയാണ്. ഫ്രഞ്ച് വിദ്യാർത്ഥി കലാപത്തിനുശേഷം ഗൊദാർദിന്റെ ചലച്ചിത്രകല മറ്റൊരു തലത്തിലേക്കു മാറി. ആർട്ട് സിനിമ, ചലച്ചിത്ര സ്രഷ്ടാവ് എന്നീ സങ്കല്പങ്ങൾ തിരസ്കരിച്ച ദ് സീഗ വെർട്ടോവ് ഗ്രൂപ്പുമായി ചേർന്ന് രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചുള്ള ചിത്രങ്ങൾ നിർമിച്ചു. ഗൊദാർദും ടോങ് പിയറി ഗോറിനുമായിരുന്നു ഈ സംഘത്തിൽ പ്രമുഖർ. ആ പരീക്ഷണത്തിന്റെ സൃഷ്ടിയായ വിൻഡ് ഫ്രം ദ ഈസ്റ്റ് (1969) തത്ത്വചിന്താപദ്ധതിയായ അപനിർമ്മാണത്തിന്റെ സ്വാധീനമുള്ള വെസ്റ്റേൺ ആണ്. എഴുപതുകളിൽ വീഡിയോയും ടെലിവിഷൻ പരമ്പരകളും ഗൊദാർദ് മാധ്യമമാക്കി. എൺപതുകളോടെ വീണ്ടും ചലച്ചിത്രത്തിലേക്കു തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ ഘട്ടത്തിലെ ചിത്രങ്ങൾ ഗൊദാർദിന്റെ പ്രതിഭാക്ഷീണത്തെ കാണിക്കുന്നുവെന്ന് വിമർശകർ അഭിപ്രായപ്പെട്ടിട്ടു്. കിങ്‌ലിയർ, ഹിസ്റ്ററി ഓഫ് സിനിമ എന്നിവയും ശ്രദ്ധേയം.