പാകിസ്താൻ ആണവ പദ്ധതിയുടെ പിതാവ് അബ്ദുൽ ഖാദർ ഖാൻ അന്തരിച്ചു
ആണവ സാങ്കേതികവിദ്യ നിയമവിരുദ്ധമായി ഇറാൻ, ലിബിയ, ഉത്തര കൊറിയ എന്നി രാജ്യങ്ങളുമായി പങ്കുവെച്ചു എന്ന ആരോപണത്തിന്റെ പേരിൽ 2004 മുതൽ അദ്ദേഹം വീട്ടുതടങ്കലിലായിരുന്നു
പാകിസ്താൻ ആണവ പദ്ധതിയുടെ പിതാവ് അബ്ദുൽ ഖാദർ ഖാൻ അന്തരിച്ചു. 85 വയസ്സായിരുന്നു. കോവിഡ് ബാധിതനായി ആഗസ്ത് മുതൽ ഇസ്ലമാബാദിലുള്ള കെആർഎൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
പാകിസ്താനിലെ ആണവ പദ്ധതിയിൽ മികച്ച സംഭാവനകൾ നൽകിയ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളെയും അപകടകാരിയായി പാശ്ചാത്യ രാജ്യങ്ങൾ മുദ്ര കുത്തുകയായിരുന്നു.
അബ്ദുൽ ഖാദർ ഖാന്റെ നിര്യാണത്തിൽ പാകിസ്താൻ പ്രസിഡന്റ് ആരിഫ് ആൽവി അനുശോചനം അറിയിച്ചു. 1982 മുതൽ തനിക്ക് വ്യക്തിപരമായി അറിയാവുന്ന വ്യക്തിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ആരിഫ് ആൽവി ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ ആണവ പദ്ധതിയിൽ അദ്ദേഹം നൽകിയ സംഭാവനകൾ വിസ്മരിക്കാനാവില്ലെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.
അതേസമയം ആണവ സാങ്കേതികവിദ്യ നിയമവിരുദ്ധമായി ഇറാൻ, ലിബിയ, ഉത്തര കൊറിയ എന്നി രാജ്യങ്ങളുമായി പങ്കുവെച്ചു എന്ന ആരോപണത്തിന്റെ പേരിൽ 2004 മുതൽ അദ്ദേഹം വീട്ടുതടങ്കലിലായിരുന്നു. ഇതിനിടെ ക്യാൻസർ ബാധിതനാവുകയും 2009ൽ വീട്ടുതടങ്കലിൽ നിന്ന് മോചിതനാവുകയും ചെയ്തു.