‘ഇസ്രായേൽ നേതൃത്വത്തിന് കാഴ്ചപ്പാടില്ല’; ഗസ്സയിൽ ഉടൻ വെടിനിർത്തണമെന്ന് ഫിൻലൻഡ്
‘സാധാരണക്കാർ കൊല്ലപ്പെടുന്നത് തടയാൻ ഇസ്രായേൽ നടപടി സ്വീകരിക്കുന്നില്ല’
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ഫിൻലൻഡ് വിദേശകാര്യ മന്ത്രി എലീന വാൾട്ടൺ. സ്വയം പ്രതിരോധത്തിന്റെ സമയം അവസാനിച്ചു. എല്ലാം മതിയാക്കണം. ഗസ്സയിലെ സാധാരണ ജനങ്ങൾക്ക് അടിയന്തിര മാനുഷിക വെടിനിർത്തൽ ആവശ്യമാണെന്നും അവർ പറഞ്ഞു.
ഗസ്സയിൽ സാധാരണക്കാർ കൊല്ലപ്പെടുന്നത് തടയാൻ ഇസ്രായേൽ നടപടി സ്വീകരിക്കുന്നില്ല. 25,000ന് മുകളിൽ ആളുകളാണ് അവിടെ കൊല്ലപ്പെട്ടത്. യുദ്ധം നീളുംതോറും തീവ്രവാദവും വർധിക്കും. പശ്ചിമേഷ്യയിൽ യുദ്ധം വ്യാപിച്ചുകഴിഞ്ഞു. ഇത് സാഹചര്യം രൂക്ഷമാക്കുന്നു. ഹൂതികൾ പോലുള്ള തീവ്ര സംഘടനകൾ ജനപ്രീതി നേടുകയാണ്. നമ്മൾ അത് അവസാനിപ്പിക്കണം. ദ്വിരാഷ്ട്ര പരിഹാരം നെതന്യാഹു നിരസിച്ചത് പരിഹാരം നീണ്ടുപോകാൻ കാരണമാകുന്നു.
ഇസ്രായേലിൽ ഉടൻ തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. ഫലസ്തീനികളെപ്പോലെ ഇസ്രായേലികളും സമാധാനം ഉറപ്പുനൽകുന്ന ഭാവി ആഗ്രഹിക്കുന്നുണ്ട്. ഇസ്രായേൽ നേതൃത്വത്തിന് യാതൊരു കാഴ്ചപ്പാടും ഇല്ല. നെതന്യാഹു ദ്വിരാഷ്ട്ര പരിഹാരത്തിന് ബദൽ അവതരിപ്പിച്ചിട്ടില്ല.
ഗസ്സയിലെ ജനങ്ങൾ പട്ടിണിയിലാണ്. ശുദ്ധമായ കുടിവെള്ളവുമില്ല. ഇതിനെല്ലാം കാരണം ഇസ്രായേലാണ്. വിദേശത്തുനിന്ന് ദുരിതാശ്വാസ സാമഗ്രികളുമായി വരുന്ന ട്രക്കുകൾ അതിർത്തി കടക്കാൻ ഇസ്രായേൽ അനുവദിക്കുകയും ഭക്ഷണം എല്ലാവർക്കും വിതരണം ചെയ്യുകയും വേണമെന്നും എലീന വാൾട്ടൺ ആവശ്യപ്പെട്ടു.
കഴിഞ്ഞയാഴ്ച യൂറോപ്യൻ പാർലമെന്റ് ഗസ്സയിൽ ശാശ്വത വെടിനിർത്തലിന് ആഹ്വാനം ചെയ്തിരുന്നു. അന്താരാഷ്ട്ര കോടതിയുടെ ഇടക്കാലവിധി വെള്ളിയാഴ്ച വരാനിരിക്കെ, ഗസ്സയിലെ സിവിലിയൻ കൂട്ടക്കുരുതി ഇസ്രായേൽ ഉടൻ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭയും ആവശ്യപ്പെട്ടിട്ടുണ്ട്.
ഖാൻയൂനിസിലെ സിവിലിയൻ കേന്ദ്രങ്ങൾക്കുനേരെ നടത്തുന്ന ആക്രമണം ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണെന്ന് യു.എൻ വ്യക്തമാക്കി. ഗസ്സയിൽ ഇസ്രായേൽ വംശഹത്യ നടത്തുന്നുവെന്നാരോപിച്ച് ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി വെള്ളിയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.