വിദേശരാജ്യങ്ങളുമായുള്ള ബന്ധം ശരീഅത്ത് അനുസരിച്ചു മാത്രം: താലിബാൻ
സ്ത്രീകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കാനും ഹൈസ്കൂൾ പ്രായമുള്ള പെൺകുട്ടികൾക്കായി സ്കൂളുകൾ തുറക്കാനും യു.എസ് ഉൾപ്പെടെയുള്ള പല ഭരണകൂടങ്ങളും താലിബാനുമേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്
കാബൂൾ: അഫ്ഗാനിസ്ഥാൻ അന്താരാഷ്ട്ര സമൂഹവുമായി ബന്ധം പുലർത്തുന്നത് ഇസ്‍ലാമിക ശരീഅത്ത് നിയമപ്രകാരം മാത്രമായിരിക്കുമെന്ന് താലിബാന്റെ പരമോന്നത നേതാവ്. അന്താരാഷ്ട്ര ഉപരോധങ്ങൾ കർശനമായി നടപ്പിലാക്കിയതിനാലും വികസന സഹായം വെട്ടിക്കുറച്ചതിനാലും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് താലിബാൻ നേരിടുന്നത്. ഇതിനിടെയാണ് വിദേശബന്ധങ്ങൾക്ക് വിള്ളൽ വീഴ്‌ത്തുന്ന പുതിയ തീരുമാനം.
സ്ത്രീകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കാനും ഹൈസ്കൂൾ പ്രായമുള്ള പെൺകുട്ടികൾക്കായി സ്കൂളുകൾ തുറക്കാനും യു.എസ് ഉൾപ്പെടെയുള്ള ഭരണകൂടങ്ങള്‍ താലിബാനുമേൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിദേശ ഇടപെടലുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ താലിബാന്റെ പരമോന്നത നേതാവ് ഹൈബത്തുല്ല അഖുന്ദ്‌സാദയുടെ നേതൃത്വത്തിൽ മുവ്വായിരത്തോളം ഗോത്ര നേതാക്കളും ഉദ്യോഗസ്ഥരും മതപണ്ഡിതരും പങ്കെടുത്ത യോഗം ചേർന്നിരുന്നു. അഫ്ഗാന്റെ അധികാരം പിടിച്ചെടുത്ത ശേഷം ഇത് രണ്ടാം തവണയാണ് താലിബാൻ ഇത്തരത്തിൽ യോഗം ചേരുന്നത്.
"അല്ലാഹുവിന്റെ അനുഗ്രഹത്താൽ നമ്മുടെ മുജാഹിദുകളുടെ (പോരാളികൾ) രക്തത്തിൽ നിന്ന് നാം നേടിയ സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കാനാണ് ഈ യോഗം വിളിച്ചിരിക്കുന്നത്. ഇസ്‍ലാമിക ശരീഅത്ത് അനുസരിച്ച് മാത്രമേ ഇനി അന്താരാഷ്ട്ര സമൂഹവുമായി നാം ഇടപെടുകയുള്ളൂ. ഇതിന് വിസമ്മതിക്കുന്ന രാജ്യങ്ങളുമായി യാതൊരു ബന്ധവും താലിബാൻ വെച്ചുപുലർത്തില്ല"-ഹൈബത്തുല്ല പറഞ്ഞു.