അദാനി തുറമുഖത്തിന്‍റെ ചെയര്‍മാനായി മുൻ ഇസ്രായേൽ അംബാസഡര്‍ റോണ്‍ മല്‍ക
ബോളിവുഡിലെ ഹിന്ദുത്വ പ്രോപഗണ്ട തുറന്നുപറഞ്ഞ ഗോവ ചലച്ചിത്ര മേള ജൂറി തലവൻ നാദവ് ലാപിദിനെതിരെ വിമർശനവുമായി രംഗത്തെത്തിയയാളാണ് റോൺ മൽക
തെല്‍അവീവ്: മുൻ ഇസ്രായേൽ അംബാസഡറെ ചെയർമാനായി നിയമിച്ച് അദാനി ഗ്രൂപ്പ്. ഇന്ത്യയിലെ അംബാസഡറായിരുന്ന റോൺ മൽകയെയാണ് ഇസ്രായേലിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായ ഹൈഫ പോർട്ട് കമ്പനി(എച്ച്.പി.സി)യുടെ തലവനായി നിയമിച്ചിരിക്കുന്നത്.
2018 മുതൽ 2021 വരെ ഇന്ത്യയിലെ ഇസ്രായേൽ അംബാസഡറായിരുന്നു മൽക. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ വാർത്ത പുറത്തുവിട്ടത്. കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയർമാനായാണ് നിയമനം. അദാനി, ഗാഡറ്റ് ഗ്രൂപ്പുകളുടെ പരിചയസമ്പത്തിന്റെയും വൈദഗ്ധ്യത്തിന്റെയും കരുത്തിൽ, തൊഴിലാളികളുടെ സമർപ്പണത്തോടൊപ്പം ഹൈഫ തുറമുഖത്തെ പുതിയ ഉയരങ്ങളിലേക്ക് ഉയർത്തുമെന്ന് മൽക ട്വീറ്റ് ചെയ്തു.
ബോളിവുഡിലെ ഹിന്ദുത്വ പ്രോപഗണ്ട തുറന്നുപറഞ്ഞ ഗോവ ചലച്ചിത്ര മേള ജൂറി തലവൻ നാദവ് ലാപിദിനെതിരെ വിമർശിച്ച് രംഗത്തെത്തിയയാളാണ് റോൺ മൽകയെന്നാണ് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര പ്രതികരിച്ചത്. കഴിഞ്ഞ ചലച്ചിത്ര മേളയിൽ മത്സരവിഭാഗത്തിൽ 'ദ കശ്മീർ ഫയൽസ്' ഉൾപ്പെടുത്താൻ രാഷ്ട്രീയ സമ്മർദമുണ്ടായിരുന്നതായി ഇസ്രായേലിലെ പ്രമുഖ സംവിധായകനായ നാദവ് ആരോപിച്ചിരുന്നു. എന്നാൽ, ഇദ്ദേഹത്തിനെതിരെ മൽക വിമർശനവുമായി രംഗത്തെത്തിയയിരുന്നു. ഇതോടൊപ്പം ഇസ്രായേലിലെ അദാനി ഇടപാടുകളെ അദ്ദേഹം പരസ്യമായി ന്യായീകരിക്കുകയും ചെയ്തിരുന്നു.
പ്രതിവർഷം 20 മില്യൻ ടൺ ചരക്കുകളാണ് ഹൈഫ തുറമുഖം വഴി കടന്നുപോകുന്നത്. ഷിപ്പിങ് കണ്ടെയ്‌നറുകളുടെയും ടൂറിസ്റ്റ് ക്രൂയിസ് കപ്പലുകളുടെയും കണക്കിൽ ഇസ്രായേലിലെ രണ്ടാമത്തെ വലിയ തുറമുഖം കൂടിയാണിത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഹൈഫ തുറമുഖം സ്വകാര്യവൽക്കരിക്കാനുള്ള ടെൻഡർ ഇസ്രായേലിലെ ഗാഡറ്റ് ഗ്രൂപ്പും അദാനി ഗ്രൂപ്പും ചേർന്ന് സ്വന്തമാക്കിയത്. 1.18 ബില്യൻ യു.എസ് ഡോളറിനായിരുന്നു ഇരു കമ്പനികളും കരാർ സ്വന്തമാക്കിയത്.
കഴിഞ്ഞ ജനുവരിയിൽ ഇസ്രായേലിൽ നടന്ന പ്രത്യേക ചടങ്ങിലാണ് തുറമുഖത്തിന്റെ ചുമതല അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. ചടങ്ങിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടക്കമുള്ള പ്രമുഖ ഇസ്രായേൽ വൃത്തങ്ങളും പങ്കെടുത്തിരുന്നു. അദാനി ഗ്രൂപ്പിന്റെ വരവോടെ ഇന്ത്യയിൽനിന്ന് കൂടുതൽ നിക്ഷേപം രാജ്യത്തെത്തുമെന്നാണ് ഇസ്രായേൽ ഭരണകൂടം പ്രതീക്ഷിക്കുന്നത്.
Summary: Ron Malka, former Israel ambassador to India, appointed executive chairman of Adani's Haifa Port Company