'നെതന്യാഹു ഇസ്രായേലിന്റെ നിലനിൽപ്പ് അപകടത്തിലാക്കി'; രൂക്ഷവിമർശനവുമായി മുൻ പ്രധാനമന്ത്രി എഹൂദ് ഒൽമെർട്ട്
ഈ നിമിഷം തന്നെ നെതന്യാഹു പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്ന് ഒൽമെർട്ട്
തെൽഅവീവ്: ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രൂക്ഷവിമർശനവുമായി മുൻ പ്രധാനമന്ത്രി എഹൂദ് ഒൽമെർട്ട്. ഇസ്രായേലിന്റെ നിലനിൽപ്പ് തന്നെയാണ് നെതന്യാഹു അപകടത്തിലാക്കിയിരിക്കുന്നതെന്ന് ഒൽമെർട്ട് കുറ്റപ്പെടുത്തി.
നെതന്യാഹു പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഇപ്പോൾ, ഈ നിമിഷം തന്നെ താഴെയിറങ്ങണം. അദ്ദേഹം ആ പദവിയിലിരിക്കുന്ന ഓരോ നിമിഷവും ഇസ്രായേലിനു നേരിട്ടാണു പരിക്കുണ്ടാക്കുന്നത്. ഇസ്രായേൽ എന്ന രാഷ്ട്രത്തിന്റെ അടിത്തറ തന്നെ ഇളക്കിക്കൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് ഇപ്പോൾ തന്നെ രാജി വേണമെന്നും ഒൽമെർട്ട് ആവശ്യപ്പെട്ടു.
ആന്തരികഭദ്രതയില്ലാത്ത തെമ്മാടികൾ നയിക്കുന്ന അഴിമതിയും അശ്രദ്ധയും അഹങ്കാരവും നിറഞ്ഞ സ്വേച്ഛാധിപത്യമാണ് നെതന്യാഹു ഭരണകൂടമെന്നും എഹൂദ് ഒൽമെർട്ട് ആക്ഷേപിച്ചു. ഇസ്രായേലിന്റെ അടിസ്ഥാനങ്ങൾക്കു തന്നെ നെതന്യാഹു ഭീഷണിയുയർത്തുകയാണ്. ഈ ഭരണകൂടത്തിൽ അസന്തുഷ്ടരായവരുടെ ഉഗ്രൻ സ്‌ഫോടനം രാജ്യം മുഴുവൻ പൊട്ടിയൊലിക്കും. ജൂണിനുമുൻപ് സുപ്രധാനമായൊരു രാഷ്ട്രീയമാറ്റം രാജ്യത്തുണ്ടാകും. അതിനുമുൻപ് പൊതുതെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് ആയിരങ്ങൾ തെരുവിലിറങ്ങുമെന്നും മുൻ ഇസ്രായേൽ പ്രധാനമന്ത്രി വിലയിരുത്തി.
അതിനിടെ, ഗസ്സയിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മാത്രം 390 ഫലസ്തീനികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 734 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആശയവിനിമയമാർഗങ്ങളെല്ലാം അപ്പാടെ തകർന്നിരിക്കുകയാണ്.
Summary: Ehud Olmert, former Israeli Prime Minister says current prime minister Netanyahu should resign and that he threatens the very existence of the state of Israel