വടക്കൻ ഗസ്സയിൽ ഹമാസ് തിരിച്ചടി; നാല് ഇസ്രായേൽ സൈനികർ കൂടി കൊല്ലപ്പെട്ടു

ഹൈഫയിലും സമീപപ്രദേശങ്ങിലൂടെയും ഹിസ്ബുല്ല യുദ്ധവിമാനങ്ങളും ഡ്രോണുകളും പറക്കുന്നതായി നാട്ടുകാര്‍ക്ക് അപായ മുന്നറിയിപ്പ് ലഭിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

Update: 2024-11-12 08:37 GMT
Editor : Shaheer | By : Web Desk
Advertising

ഗസ്സ സിറ്റി: വടക്കൻ ഗസ്സയിൽ നാല് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഐഡിഎഫ് സ്ഥിരീകരണം. ജബാലിയയിൽ ഹമാസ് ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്നാണു വിവരം.

20, 21 വയസ് പ്രായമുള്ള സൈനികരാണു കൊല്ലപ്പെട്ടത്. സ്റ്റാഫ് സെർജന്റുമാരായ ഓർ കാറ്റ്‌സ്(20), നാവി യായിർ അസൂലിൻ(21), ഗാരി ലാൽഹുറൂയ്കിമ സൊലാറ്റ്(21), ഒഫിർ എലിയാഹു(20) എന്നിവർക്കാണു ജീവൻ നഷ്ടമായതെന്ന് ഐഡിഎഫ് വക്താവ് അറിയിച്ചു. 92-ാമത് ബറ്റാലിയന്റെ ഭാഗമായ കെഫർ ബ്രിഗേഡിൽ അംഗങ്ങളാണ് ഇവരെല്ലാം. ജബാലിയയിൽ ടാങ്ക് വേധ മിസൈൽ ആക്രമണത്തിലാണ് എല്ലാവരും കൊല്ലപ്പെട്ടതെന്ന് 'ഹാരെറ്റ്‌സ്' റിപ്പോർട്ട് ചെയ്തു.

ഇതോടെ ഗസ്സയിൽ ഒക്ടോബർ ഏഴിനുശേഷം കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 375 ആയി. ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന കരയാക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടവരാണ് ഇത്രയും പേർ. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ വടക്കൻ ഗസ്സയിൽ ഉൾപ്പെടെ നിരവധി യുവസൈനികരാണു കൊല്ലപ്പെട്ടത്.

വടക്കൻ ഗസ്സയിൽ ഹമാസും ഇസ്രായേൽ സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഇവിടെ ഇസ്രായേൽ ആക്രമണം കടുപ്പിച്ചിട്ടും നൂറുകണക്കിന് ഹമാസ് പോരാളികളാണ് മേഖലയിലുള്ളതെന്ന് 'യെദിയോത്ത് അക്രൊനോത്ത്' റിപ്പോർട്ട് ചെയ്തു.

അതിനിടെ, വടക്കൻ ഇസ്രായേലിൽ ഹിസ്ബുല്ല വ്യോമാക്രമണം തുടരുകയാണ്. ഹൈഫയിലും സമീപപ്രദേശങ്ങിലൂടെയും ഹിസ്ബുല്ല യുദ്ധവിമാനങ്ങളും ഡ്രോണുകളും പറക്കുന്നതായുള്ള അപായസൈറൺ ലഭിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉത്തര ഗലീലിയിലും പടിഞ്ഞാറൻ ഗലീലിയിലും ഏക്രയിലുമെല്ലാം അപായ മുന്നറിയിപ്പുണ്ട്. ഈ പ്രദേശങ്ങളിലെല്ലാം ലബനാനിൽനിന്നുള്ള തുടർച്ചയായ റോക്കറ്റ് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Summary: Four Israeli soldiers killed in Northern Gaza in anti-tank missile attack

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News