ഗസ്സയിലേക്ക് കപ്പൽ മാർഗം വീണ്ടും മാനുഷിക സഹായമെത്തിക്കാൻ ​ഫ്രീഡം ഫ്ലോട്ടില; തടയുമെന്ന് ഇസ്രായേൽ

2010ൽ സഹായവുമായെത്തിയ കപ്പലിന് ​നേരെ ഇസ്രായേൽ ആക്രമണം നടത്തി നിരവധി പേ​രെ കൊന്നിരുന്നു

Update: 2024-04-21 05:30 GMT
Advertising

ഇസ്താംബൂൾ: ഗസ്സയിലേക്ക് കപ്പൽ മാർഗം മാനുഷിക സഹായം എത്തിക്കാനുള്ള തയ്യാറെടുപ്പിൽ അന്താരാഷ​്ട്ര ഫ്രീഡം ഫ്ലോട്ടില കൂട്ടായ്മ. പത്തിലധികം രാജ്യങ്ങളിൽ നിന്നുള്ള സർക്കാറിതര സംഘടനകൾ ചേർന്ന് രൂപീകരിച്ച കൂട്ടായ്മയാണിത്. തുർക്കിയിലെ ഇസ്താംബൂളിലുള്ള കപ്പലിൽ അവശ്യ വസ്തുക്കൾ സംഭരിച്ചുകൊണ്ടിരിക്കുകയാണെന്ന് സന്നദ്ധ പ്രവർത്തകർ അറിയിച്ചു. 

ഏഴ് നിലകളുള്ള അക്ഡെനിസ് എന്ന കപ്പലിലാണ് സഹായമെത്തിക്കുക. 30 രാജ്യങ്ങളിൽ നിന്നായി 800ഓളം പേർ കപ്പലിലുണ്ടാകും. 5500 ടൺ സഹായമാണ് ഗസ്സയിലേക്ക് കൊണ്ടുപോകുന്നത്. ലോകമെമ്പാടുമുള്ള നാല് ദശലക്ഷം പേരുടെ പിന്തുണയിലൂടെയാണ് ഇത്തവണ സഹായം സംഭരിക്കുന്നത്. കപ്പൽ വരും ദിവസങ്ങളിലായി യാത്ര പുറപ്പെടും. അതേസമയം, കപ്പലിനെ തടയാനാണ് ഇസ്രായേലിന്റെ ശ്രമമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2010ലാണ് കൂട്ടായ്മ രൂപീകരിക്കുന്നതും ഫലസ്തീന് സഹായം എത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നതും. 2010 മേയിൽ ഗസ്സയിലെ ഇസ്രായേൽ ഉപരോധം മറികടന്ന് ആറ് കപ്പലുകളിലായി സഹായമെത്തിക്കാൻ ശ്രമിക്കുന്നതിനിടെ ഇസ്രായേൽ സൈന്യം തടഞ്ഞിരുന്നു. മാവി മർമര എന്ന കപ്പലിൽ സൈന്യം കയറുകയും 11 തുർക്കി സന്നദ്ധ പ്രവർത്തകരെ കൊല്ലുകയും ചെയ്തു. കൂടാതെ നിരവധി പേർക്ക് പരിക്കുമേറ്റു. സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി. കൂടാതെ തുർക്കിയും ഇസ്രയേലും തമ്മിലുള്ള ബന്ധം വഷളാവുകയും ചെയ്തു.

ഇത്തവണയും ഗസ്സയിലേക്ക് സഹായവുമായി പോകുമെന്ന് 2010-ൽ മാവി മർമരയിലുണ്ടായിരുന്ന ഫലസ്തീൻ അനുകൂല പ്രവർത്തകയും മനുഷ്യാവകാശ അഭിഭാഷകയുമായ ഹുവൈദ അറാഫ് പറഞ്ഞു. ദൗത്യത്തെ തടസ്സപ്പെടുത്താനുള്ള ഇസ്രായേലിൻ്റെ ശ്രമങ്ങൾ ഞങ്ങൾ തിരിച്ചറിയുന്നുണ്ട്. സമാധാനപരമായ ഒരു ഫലമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അവർ ആക്രമിക്കാൻ തീരുമാനിക്കുകയാണെങ്കിൽ, കപ്പലിലുള്ളവർ അഹിംസാത്മകമായ ചെറുത്തുനിൽപ്പിൽ ഏർപ്പെടും’ -ഹുവൈദ അറാഫ് പറഞ്ഞു.

2010 മുതൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗസ്സക്ക് ആവശ്യമായ പ്രവർത്തനങ്ങൾ ചെയ്യുന്നു​ണ്ടെന്നും അതിനായി തങ്ങൾ വീണ്ടും ഇവിടെ എത്തിയിരിക്കുകയാണെന്നും മുൻ അമേരിക്കൻ സൈനിക ഉദ്യോഗസ്ഥയും നയതന്ത്രജ്ഞയുമായ ആൻ റൈറ്റ് പറഞ്ഞു. 2003-ൽ ഇറാഖ് യുദ്ധത്തിൽ പ്രതിഷേധിച്ച് അവർ യു.എസ് സർക്കാരിൽ നിന്ന് രാജിവെക്കുകയായിരുന്നു. ഗസ്സയിലെ പട്ടിണിപ്പാവങ്ങൾക്ക് മാനുഷിക സഹായം എത്തിക്കുക എന്നതാണ് ഫ്ലോട്ടിലയുടെ ദൗത്യമെന്ന് റൈറ്റ് പറഞ്ഞു. നമ്മൾ വംശഹത്യക്ക് സാക്ഷ്യം വഹിക്കുമ്പോൾ അതിൽ നിന്ന് പിന്നോട്ട് നിൽക്കാൻ കഴിയില്ല. എനിക്ക് 77 വയസ്സായി. പക്ഷേ എനിക്ക് 100 വയസ്സായാലും ഈ ദൗത്യത്തിനോടൊപ്പം ഉണ്ടാകുമെന്നും ആൻ റൈറ്റ് പറഞ്ഞു.

ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് അംഗമായ അർജൻ്റീനിയൻ സർജൻ ഡോ. കാർലോസ് ടോർട്ടയും സന്നദ്ധ പ്രവർത്തനവുമായി രംഗത്തുണ്ട്. ഗസ്സ ജനങ്ങളുടെ വേദന കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 2009ൽ താൻ അൽ ഷിഫ ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. ഇത്രയുമധികം ആളുകൾ കൊല്ലപ്പെടുകയും മുറിവേൽക്കുകയും കഷ്ടപ്പെടുകയും ചെയ്തുന്നതായി മറ്റെവിടെയും കണ്ടിട്ടില്ല. എന്തിനാണ് ഈ ദൗത്യത്തിന് പോകുന്നതെന്ന് ആളുകൾ എന്നോട് ചോദിക്കുന്നുണ്ട്. എന്തുകൊണ്ട് പോകുന്നില്ല എന്നതാണ് എന്റെ ഉത്തരം. ഞങ്ങൾ ആരോഗ്യ പ്രവർത്തകരാണ്. അതിനാൽ പരിക്കേറ്റവർക്കൊപ്പം നിലകൊള്ളാൻ ആഗ്രഹിക്കുക എന്നത് സ്വാഭാവികമാണെന്നും ഡോ. കാർലോസ് പറഞ്ഞു.

ലിവർപൂളിൽ നിന്നുള്ള മുൻ മർച്ചൻ്റ് നേവി ഉദ്യോഗസ്ഥനായ 63 കാരൻ ലീ പാറ്റനും ദൗത്യസംഘത്തിലുണ്ട്. ‘ഈ യാത്രയോടൊപ്പം ചേരുക എന്നത് തനിക്ക് നിർബന്ധമാണ്. പാവപ്പെട്ട ആ കുട്ടികളെ കാണുമ്പോൾ, അവരെ പരിപാലിക്കാൻ ആരുമില്ലെന്ന് അറിയുമ്പോൾ പോകാതിരിക്കാൻ കഴിയില്ല’ -ലീ പാറ്റൻ പറഞ്ഞു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News