ഗസ വെടിനിർത്തൽ: നിർദേശം അംഗീകരിച്ച് ഹമാസ്; ഇസ്രായേൽ നിലപാട് നിർണായകം
കെയ്‌റോ വെടിനിർത്തൽ ചർച്ചയെ തുടർന്നാണ് നിർണായക തീരുമാനം
കെയ്‌റോ: ഗസയിൽ സമാധാനം പുനസ്ഥാപിക്കാൻ മധ്യസ്ഥ രാജ്യങ്ങൾ മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം അംഗീകരിച്ച് ഹമാസ്. രണ്ടു ദിവസത്തിലധികം നീണ്ട കെയ്‌റോ വെടിനിർത്തൽ ചർച്ചയെ തുടർന്ന് ഖത്തറിൽ തിരിച്ചെത്തിയ ഹമാസ് സംഘമാണ് മുതിർന്നനേതാക്കളുമായുള്ള കൂടിയാലോചനയെ തുടർന്ന് ഔദ്യോഗിക അംഗീകാരം അറിയിച്ചത്.
വെടിനിർത്തലുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്വീകരിക്കണമെന്ന് ഖത്തറിനെയും ഈജിപ്തിനെയും ഹമാസ് അറിയിച്ചിട്ടുണ്ട്. ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവി ഇസ്മാഈൽ ഹനിയ്യയാണ് നിലപാട് ഇരു രാജ്യങ്ങളെയും അറിയിച്ചത്. തുർക്കി പ്രസിഡന്റ് ഉർദ്ഗാനെയും ഈ കാര്യം ഔദ്യോഗികമായി അറിയിച്ചതായി ഹമാസ് വ്യക്തമാക്കി. വെടിനിർത്തലുമായി ബന്ധപ്പെട്ട് നേരത്തെ ഖത്തറിലും പാരീസിലും ചർച്ച നടത്തിയിരുന്നു.
ഹമാസുമായിട്ടുള്ള കരാർ മാത്രമാണ് ബന്ധികളുടെ മോചനത്തിനുള്ള ഏകവഴിയെന്നും അതുകൊണ്ട് ആ രീതിയിൽ തന്നെ മുന്നോട്ട് പോകണമെന്നും ബൈഡൻ നെതന്യാഹുവുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ നിർദേശം നൽകിയിരുന്നു. അതേസമയം വിഷയം പഠിക്കുകയാണെന്നും അതിനു ശേഷം പ്രതികരിക്കുമെന്നും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ ഇത് അംഗീകരിച്ചാൽ 213 ദിവസമായി തുടരുന്ന ഗസ യുന്ധത്തിന് താൽക്കാലികമായെങ്കിലും അറുതി വന്നേക്കാം.