ഇത് ദൈവം എനിക്ക് നല്‍കിയ രണ്ടാം ജന്‍മം; ആശുപത്രി കിടക്കയില്‍ നിന്നും ഇംറാന്‍ ഖാന്‍
വെടിവെപ്പില്‍ ഇംറാന്‍റെ രണ്ടു കാലുകള്‍ക്കും വെടിയേറ്റിരു
ഇസ്‍ലാമബാദ്: ദൈവം തനിക്ക് രണ്ടാം ജന്‍മമാണിതെന്ന് പാകിസ്താന്‍ മുന്‍പ്രധാനമന്ത്രിയും മുന്‍ക്രിക്കറ്ററുമായ ഇംറാന്‍ ഖാന്‍. പാക് സര്‍ക്കാരിനെതിരെയുള്ള പിടിഐ പ്രതിഷേധ റാലിക്കിടെ വെടിയേറ്റതിനു ശേഷം വ്യാഴാഴ്ച ഇതാദ്യമായിട്ടാണ് അദ്ദേഹം ക്യാമറക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. വെടിവെപ്പില്‍ ഇംറാന്‍റെ രണ്ടു കാലുകള്‍ക്കും വെടിയേറ്റിരുന്നു.
വലതുകാല്‍ കെട്ടിവച്ച നിലയില്‍ ആശുപത്രി കിടക്കയില്‍ കഴിയുന്ന ഇംറാന്‍ ഖാന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ''ഇംറാന്‍ ഖാന്‍റെ നില തൃപ്തികരമാണ്. വെടിയുണ്ടയുടെ ചില ഭാഗങ്ങള്‍ ശരീരത്തില്‍ അവശേഷിക്കുന്നതിനാല്‍ അദ്ദേഹത്തെ ഓപ്പറേഷന്‍ തിയറ്ററിലേക്ക് കൊണ്ടുപോയി. വെടിയേറ്റ് എല്ലുകള്‍ തകര്‍ന്നിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടര്‍മാര്‍ പിന്നീട് കൃത്യമായ വിശദീകരണം നല്‍കും'' ഷൗക്കത്ത് ഖാനം ആശുപത്രിയിലെ ഡോക്ടർ ഫൈസൽ സുൽത്താൻ പറഞ്ഞു.
സർക്കാറിനെതിരെയുള്ള പി.ടി.ഐയുടെ റാലിക്കിടെയാണ് കഴിഞ്ഞ ദിവസം ഇംറാന് വെടിയേറ്റത്. ലോംഗ് മാർച്ചെന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ റാലി വസീറാബാദിലെത്തിയിരിക്കെയാണ് സംഭവം നടന്നത്. ഇംറാൻ ഖാനെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നാണ് പി.ടി.ഐ ആരോപിക്കുന്നത്. പ്രതിയെ പിടികൂടിയിട്ടുണ്ട്. ആരുടെയും പ്രേരണമൂലമല്ല ഇംറാൻ ജനങ്ങളെ തെറ്റായ വഴിയിൽ നയിക്കുന്നതിനാലാണ് വധിക്കാൻ ശ്രമിച്ചതെന്നാണ് പ്രതി പറഞ്ഞത്.