''വൻകിട വൈദ്യുത പദ്ധതി അദാനിക്കു നൽകാൻ മോദി സമ്മർദം ചെലുത്തി''; വെളിപ്പെടുത്തലുമായി ശ്രീലങ്കൻ വൈദ്യുതി ബോർഡ് തലവൻ, വിവാദമായതോടെ 'യൂ-ടേൺ'

ആരോപണം തള്ളി ശ്രീലങ്കൻ പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെ രംഗത്തെത്തിയതോടെ വൈകാരിക പശ്ചാത്തലത്തിൽ പറഞ്ഞുപോയ കള്ളമായിരുന്നു അതെന്ന് പിന്നീട് ഫെർഡിനാൻഡോ വിശദീകരിച്ചു

Update: 2022-06-12 12:34 GMT
Editor : Shaheer | By : Web Desk
Advertising

കൊളംബോ: ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വെളിപ്പെടുത്തലുമായി സിലോൺ വൈദ്യുതി ബോർഡ് ചെയർമാൻ. ശ്രീലങ്കയിൽ അദാനിക്ക് കാറ്റാടി വൈദ്യുതി നിലയത്തിനുള്ള കരാർ നൽകാൻ മോദി ശ്രീലങ്കൻ പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയെ നിർബന്ധിച്ചെന്നാണ് ആരോപണം.

ശ്രീലങ്കൻ പാർലമെന്റിന്റെ പൊതുസംരംഭ സമിതിക്കു മുൻപാകെ ദിവസങ്ങൾക്കുമുൻപ് നടന്ന വാദംകേൾക്കലിനിടെയായിരുന്നു സിലോൺ ഇലക്ട്രിസിറ്റി ബോർഡ്(സി.ഇ.ബി) ചെയർമാൻ എം.എം.സി ഫെർഡിനാൻഡോ ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്ന് ദ വയർ, ദ ന്യൂസ് മിനുട്ട് തുടങ്ങിയ ന്യൂസ് പോർട്ടലുകൾ റിപ്പോർട്ട് ചെയ്തു. ശ്രീലങ്കയിൽ 500 മെഗാവാട്ടിന്റെ കാറ്റാടി വൈദ്യുതി നിലയം ആരംഭിക്കാൻ അദാനി ഗ്രൂപ്പിന് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്ര മോദി സമ്മർദം ചെലുത്തിയെന്നാണ് ആരോപണം. ഗൊട്ടബയ തന്നെ തന്നോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യമെന്നാണ് ഫെർഡിനാൻഡോ അറിയിച്ചത്. എന്നാൽ, ആരോപണം തള്ളി ഗൊട്ടബയ രംഗത്തെത്തിയതോടെ വൈകാരിക പശ്ചാത്തലത്തിൽ പറഞ്ഞുപോയ കള്ളമായിരുന്നു അതെന്ന് പിന്നീട് ഫെർഡിനാൻഡോ വിശദീകരിച്ചു.

''2021 നവംബർ 24ന് ഒരു യോഗത്തിനുശേഷം പ്രസിഡന്റ് എന്നെ വിളിച്ചുവരുത്തി. എന്നിട്ട് ആ പദ്ധതി അദാനി ഗ്രൂപ്പിന് നൽകണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർബന്ധിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.''- ശ്രീലങ്കൻ മാധ്യമം 'ന്യൂസ് ഫസ്റ്റ്' പുറത്തുവിട്ട ഫെർനിനാൻഡോയുടെ ആരോപണത്തിന്റെ ദൃശ്യങ്ങളിൽ പറയുന്നു. വടക്കൻ ശ്രീലങ്കൻ തീരത്തെ പദ്ധതിക്കായി എങ്ങനെയാണ് അദാനിയെ തിരഞ്ഞെടുത്തതെന്ന പാർലമെന്റ് സമിതിയുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗൊട്ടബയയുടെ ഇത്തരമൊരു നിർദേശം വച്ചിട്ടുണ്ടെന്ന് പറഞ്ഞ് താൻ ധനകാര്യ സെക്രട്ടറിക്ക് കത്തെഴുതിയെന്നും ഫെർഡിനാൻഡോ വെളിപ്പെടുത്തി. വേണ്ടതു ചെയ്യണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇത് സർക്കാരുകൾ തമ്മിലുള്ള ഇടപാടാണെന്നും താൻ സൂചിപ്പിച്ചിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ, ഫെർഡിനാൻഡോയുടെ വെളിപ്പെടുത്തൽ മാധ്യമങ്ങൾ വാർത്തയാക്കിയതിനു പിന്നാലെ ഇക്കാര്യം നിഷേധിച്ച് ഗൊട്ടബയ രജപക്‌സെ രംഗത്തെത്തി. ഏതെങ്കിലും പ്രത്യേക വ്യക്തിക്ക് ഇത്തരമൊരു പദ്ധതി നൽകാൻ താൻ അംഗീകാരം നൽകിയിട്ടില്ലെന്നും ആരോപണം പൂർണമായും തള്ളിക്കളയുന്നതായും ഗൊട്ടബയ ട്വീറ്റ് ചെയ്തു. ഇതിനു പിന്നാലെയാണ് പ്രസ്താവന പിൻവലിക്കുന്നുവെന്ന് ഫെർഡിനാൻഡോ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Summary: 'Gotabaya Rajapaksa said Indian PM Modi insisted on Adani for power project', Says Ceylon Electricity Board (CEB) chairman M.M.C. Ferdinando

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News