ഇസ്രായേൽ വ്യോമാക്രമണം: ഇസ്മാഈൽ ഹനിയ്യയുടെ മറ്റൊരു ചെറുമകൾ കൂടി മരിച്ചു
ഈദ് ദിനത്തിൽ ഹനിയ്യയുടെ മക്കൾ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ നടന്ന വ്യോമാകമ്രണത്തിൽ മൂന്ന് മക്കളും നാല് പേരക്കുട്ടികളും കൊല്ലപ്പെട്ടിരുന്നു
ഗസസിറ്റി:ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഹമാസ് രാഷ്ട്രീയകാര്യവിഭാഗം മേധാവി ഇസ്മാഈൽ ഹനിയ്യയുടെ ചെറുമകൾ മരിച്ചു. ഈദ് ദിനത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്മാഈൽ ഹനിയ്യയുടെ മകന്റെ മകളായ മലക് ആണ് മരിച്ചത്.
ഈദ് ദിനത്തിൽ അഭയാർഥി ക്യാമ്പ് മേഖലയിൽ സന്ദർശനത്തിനെത്തിയ ഹനിയയുടെ മക്കളുടെയും കുടുംബത്തിനും നേരെ ഇസ്രായേൽ നടത്തിയ വ്യോമാകമ്രണത്തിൽ മൂന്ന് മക്കളും നാല് പേരക്കുട്ടികളും കൊല്ലപ്പെട്ടിരുന്നു. അന്ന് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട മലക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്.
ഹനിയ്യയുടെ മക്കളായ ഹസിം ഹനിയ്യ, ആമിർ ഹനിയ്യ, മുഹമ്മദ് ഹനിയ്യ എന്നിവരും പേരക്കുട്ടികളായ അമൽ, മോന, ഖാലിദ്, റസാൻ എന്നിവരാണ് ഈദ് ദിനത്തിൽ കൊല്ലപ്പെട്ടത്. കുടുംബം സഞ്ചരിച്ച വാഹനത്തിന് നേരെ വ്യോമാക്രമണം നടത്തുകയായിരുന്നു.
‘എൻ്റെ മക്കളുടെ രക്തം ഞങ്ങളുടെ ജനങ്ങളുടെ രക്തത്തേക്കാൾ പ്രിയപ്പെട്ടതല്ല, എന്നായിരുന്നു ഇസ്രായേൽ മക്കളെ കൊലപ്പെടുത്തിയത് അറിഞ്ഞപ്പോൾ ഇസ്മാഈൽ ഹനിയ പ്രതികരിച്ചത്.