വീണ്ടും വെടിനിര്‍ത്തല്‍ പ്രമേയം അവതരിപ്പിച്ച് ഹമാസ്; യാഥാര്‍ത്ഥ്യബോധമില്ലാത്ത ആവശ്യങ്ങളെന്ന് നെതന്യാഹു
ഇസ്രായേല്‍ ജയിലില്‍ കഴിയുന്ന 700 മുതല്‍ 1000 വരെ ഫലതീനികള്‍ക്ക് പകരമായി എല്ലാ സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും രോഗികളെയും ആദ്യഘട്ടത്തില്‍ മോചിപ്പിക്കുമെന്ന് ഹമാസ് പറഞ്ഞു
ഗസ്സ സിറ്റി: ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഹമാസ് ദ്വിമുഖ നിര്‍ദ്ദേശം മധ്യസ്ഥര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ഇസ്രയേലികള്‍ തടവിലാക്കിയ ഫലസ്തീനികളെ മോചിപ്പിക്കണമെന്നതാണ് നിര്‍ദ്ദേശം.
ഇസ്രായേല്‍ ജയിലില്‍ കഴിയുന്ന 700 മുതല്‍ 1000 വരെ ഫലതീനികള്‍ക്ക് പകരമായി എല്ലാ സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും രോഗികളെയും ആദ്യഘട്ടത്തില്‍ മോചിപ്പിക്കുമെന്ന് ഹമാസ് പറഞ്ഞു. ഇസ്രായേലിലെ എല്ലാ സ്ത്രീ സൈനികരെയും ആദ്യ ഘട്ടത്തില്‍ വിട്ടയക്കുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
ബന്ദി കൈമാറ്റത്തിന് ശേഷം സ്ഥിരമായ വെടിനിര്‍ത്തലിനുള്ള അന്തിമ തീയതി അംഗീകരിക്കുകയും ഗസ്സയില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തെ പൂര്‍ണ്ണമായി പിന്‍വലിക്കുന്നതിനുള്ള സമയപരിധി അറിയിക്കുകയും ചെയ്യണം. നിര്‍ദ്ദേശത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഇരുഭാഗത്തുമുള്ള എല്ലാ തടവുകാരെയും വിട്ടയക്കുമെന്നും ഹമാസ് അറിയിച്ചു.
'ഹമാസ് യാഥാര്‍ത്ഥ്യ ബോധമില്ലാത്ത ആവശ്യങ്ങള്‍ ഉന്നയിക്കുന്നത് തുടരുകയാണെന്ന്' ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിലൂടെ അറിയിച്ചു.
ഗസ്സയിലെ ആകെ ജനസംഖ്യയുടെ നാലിലൊന്ന് ഭാഗം ആളുകളും പട്ടിണിയിലാണ്. കാരണം ഇസ്രായേല്‍ അധിനിവേശം ഗസ്സയിലേക്ക് ആവശ്യമായ മാനുഷിക സഹായം തടഞ്ഞു. ഭക്ഷണത്തിനായി കാത്തുനിന്നവരെ വെടിവെച്ചും ബോംബെറിഞ്ഞും കൊന്നൊടുക്കി.
ഗസ്സയില്‍ പ്രതിസന്ധി രൂക്ഷമായതിനാല്‍ ഇസ്രായേലും ഹമാസും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ലാതാക്കാന്‍ ഈജിപ്തും ഖത്തറും ശ്രമിച്ചിരുന്നു.
സ്ഥിരമായ വെടിനിര്‍ത്തല്‍, മാനുഷിക സഹായങ്ങള്‍ ലഭ്യമാക്കല്‍, തെക്ക്-മധ്യ ഗസ്സയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരെ വടക്കന്‍ ഗസ്സയിലേക്ക് പോകാന്‍ അനുവദിക്കുക. എന്നിവയ്ക്കായി കെയ്റോ ശ്രമിക്കുന്നുണ്ടെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫതഹ് എല്‍-സിസി പറഞ്ഞു. ഈജിപ്തുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമായ റഫയിലെ ഇസ്രായേല്‍ ആക്രമണത്തെ കുറിച്ചും ഫതഹ് മുന്നറിയിപ്പ് നല്‍കി.
റഫ ആക്രമിക്കപ്പെടുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. 63 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള റഫയില്‍ 1.5 ദശലക്ഷത്തിലധികം ആളുകളാണ് താമസിക്കുന്നത്. സുരക്ഷിത മേഖല എന്ന് പ്രഖ്യാപിച്ചിരുന്ന പ്രദേശം ഇപ്പോള്‍ ആക്രമിക്കപ്പെടുകയാണ്. ഫലസ്തീനികള്‍ ഓരോ ശ്വാസവും എടുക്കുന്നത് അത് തങ്ങളുടെ അവസാനമായിരിക്കുമെന്ന ഭയത്തിലാണ്.
സ്ഥിരമായ വെടിനിര്‍ത്തല്‍, ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം പിന്‍വലിക്കല്‍, തീരദേശ മേഖലയിലേക്ക് അവശ്യവസ്തുക്കള്‍ എത്തിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നെതന്യാഹു നിരസിച്ചതിനാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെട്ടുവെന്ന് ഹമാസ് പറഞ്ഞു.
.