13 ബന്ദികളെ ഹമാസ് ഇസ്രായേലിന് കൈമാറി
12 തായ്‌ലൻഡ് സ്വദേശികളെയും ഹമാസ് മോചിപ്പിച്ചു
ഗസ്സ സിറ്റി: 13 ബന്ദികളെ ഹമാസ് ഇസ്രായേലിന് കൈമാറി. 12 തായ്‌ലൻഡ് സ്വദേശികളെയും ഹമാസ് മോചിപ്പിച്ചു. ഇന്ന് രാവിലെ മുതലാണ് താത്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. വടക്കൻ ഗസ്സയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ടുപേരെ ഇസ്രായേൽ വെടിവെച്ചു കൊന്നു. 39 ഫലസ്തീൻ തടവുകാരെ ഉടൻ ഇസ്രായേൽ മോചിപ്പിക്കും.
റെഡ്‌ക്രോസിന് കൈമാറിയി ബന്ധികളെ ഈജിപ്തിലെത്തിച്ച് അവിടെ നിന്നും ഇസ്രായേലിന് ഈജിപ്ത് മുഖാന്തരം കൈമാറും. ഇവിടെ നിന്നും സൈന്യത്തിന്റെ ഹെലികോപ്റ്ററിൽ ഇവരെ തെൽഅവീവിലേക്ക് കൊണ്ടുപോകും. ഖത്തറിന്റെ മധ്യസ്ഥ ചർച്ചിയില്ലാത്ത കാര്യമാണ് തായ്‌ലൻഡ് സ്വദേശികളുടെ മോചനം. ഇതിന് പിന്നിൽ ഇറാനാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
അതേസമയം ഇസ്രായേൽ യുദ്ധം നിർത്തണമെന്ന് ബൈൽജിയം, സ്‌പെയിൻ പ്രധാന മന്ത്രിമാർ ആവശ്യപ്പെട്ടു. ദ്വീരാഷ്ട്ര പരിഹാരം വേണമെന്നും ഫലസ്തീനിനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുമെന്നും പ്രധാനമന്ത്രിമാർ പറഞ്ഞു. എന്നാൽ നാലു ദിവസത്തെ ഇടവേള അവസാനിച്ചാലുടൻ യുദ്ധം ആരംഭിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞു. ബെൽജിയം, സ്‌പെയിൻ പ്രധാനമന്ത്രിമാരുടെ പ്രസ്താവനയിൽ ഇസ്രയേൽ പ്രതിഷേധമറിയിച്ചു. ഇരുരാജ്യത്തിന്റെ അംബാസഡർമാരെ ഇസ്രയേൽ വിളിച്ചു വരുത്തി.
അതേസമയം ശത്രുവിന്റെ തന്ത്രങ്ങളെ പരാജയപ്പെടുത്താൻ പോരാളികൾ ശക്താരാണെന്ന് ഹമാസ് രാഷ്ട്രീയ വിഭാഗം മേധാവി ഇസ്മാഈൽ ഹനിയ്യ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ, വിമോചനത്തിന്റെ വിലയാണ് രക്തസാക്ഷികൾ. തോക്കിലൂടെ, കൊലയിലൂടെ, ഉന്മൂലനത്തിലൂടെ ബന്ദികളെ കിട്ടുമെന്ന് അവർ കരുതി. ഖത്തറിന്റെയും ഈജിപ്തിന്റെയും അഭ്യർത്ഥന മാനിച്ചു സങ്കീർണ ചർച്ചകളിലൂടെയാണ് സന്തുലിത കരാർ രൂപപ്പെടുത്തിയതെന്നും ഹനിയ വ്യക്തമാക്കി. കുടാതെ ഖത്തറിനും ഈജിപ്തിനും ലോകരാജ്യങ്ങൾക്കും ഹനിയ്യ നന്ദി പറഞ്ഞു.