വിടവാങ്ങിയത് ആറൂരി മുതൽ ഹനിയ്യ വരെ; അതിജീവന പാതയിൽ ഹമാസ്

ഹമാസിനെ ഭൂമുഖത്തുനിന്ന് തന്നെ ഇല്ലാതാക്കുമെന്ന് പറഞ്ഞാണ് ഇസ്രായേൽ ആക്രമണം തുടങ്ങുന്നത്

Update: 2024-10-06 06:19 GMT
Advertising

സ്വന്തം നാടിന്റെ അതിജീവനത്തിനായി പോരാട്ടം തുടങ്ങിയ പ്രസ്ഥാനമാണ് ഹമാസ്. ഇപ്പോൾ ഹമാസും അതിജീവന പാതയിലാണ്. ഒരു വർഷത്തിനിടെ എണ്ണമറ്റ നഷ്ടങ്ങളാണ് പ്രസ്ഥാനത്തിനുണ്ടായത്. എന്നാൽ, അതിനെയെല്ലാം മറികടന്ന് ഓരോ ദിവസവും ഇസ്രായേലിന് മുന്നിൽ പുതിയ വെല്ലുവിളികൾ തീർക്കുകയാണ് അവർ. ഗസ്സയുടെ ഭൂരിഭാഗം പ്രദേശങ്ങളും മുച്ചൂടും നശിപ്പിച്ചിട്ടും ഹമാസിനെ പൂർണമായും ഇല്ലാതാക്കാൻ ഇസ്രായേലിനായിട്ടില്ല. അവുടെ കൈവശമുള്ള മുഴുവൻ ബന്ദികളെയും മോചിപ്പിക്കാനും സാധിച്ചിട്ടില്ല. കൂടാതെ ഇസ്രായലിന് മേൽ പുതിയ ആക്രമണങ്ങൾ ഹമാസ് തുടരുകയും ചെയ്യുന്നു.

അതിന്റെ ​ഒടുവിലത്തെ ഉദാഹാരണമായിരുന്നു ദിവസങ്ങൾക്ക് മുമ്പ് തെൽ അവീവിൽ നടന്ന വെടി​വെപ്പ്. സംഭവത്തിൽ ഏഴുപേർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ കഴിഞ്ഞദിവസം ഖാൻ യുനുസിൽ മൈനുകൾ സ്ഥാപിച്ച് നടത്തിയ സ്​ഫോടനത്തിലും ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു. ഇങ്ങനെ നിരവധി ആക്രമണങ്ങൾ ഒരു വർഷത്തിനിടെ ഹമാസ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുണ്ട്. ഇതിൽ ആയിരക്കണക്കിന് ഇസ്രോയലി സൈനികർക്കാണ് ജീവൻ നഷ്ടമായത്.

ഒരു വർഷമായിട്ടും തകരാതെ ഹമാസ്

2023 ഒക്ടോബർ ഏഴ് ഇസ്രായേൽ അക്ഷരാർഥത്തിൽ ഞെട്ടിവിറച്ച ദിനമായിരുന്നു. തൂഫാനുൽ അഖ്സ എന്ന് പേരിട്ട് ഹമാസിന്റെ സായുധ വിഭാഗമായ ഇസ്സുദ്ദീൻ അൽ ഖസ്സാം ബ്രിഗേഡ്സ് നടത്തിയ ഓപറേഷന്റെ ആഘാതത്തിൽനിന്ന് അധിനിവേശ രാജ്യം ഇപ്പോഴും മുക്തമായിട്ടില്ല. അന്ന് തുടങ്ങിയതാണ് ഹമാസിനെ തകർക്കാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങൾ. ആഴ്ചകൾക്കകം ഹമാസിനെ ഇല്ലാതാക്കുമെന്നായിരുന്നു ഇസ്രായേലിന്റെ അവകാശവാദം. ഈ കാരണവും പറഞ്ഞ് തുടങ്ങിയ ഗസ്സയിലെ ആസൂത്രിത വംശഹത്യ ഒരു വർഷമായിട്ടും തുടരുകയാണ്.

ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യ ഉൾപ്പെടെയുള്ള നേതാക്കളും നിരവധി പോരാളികളും ഇതിനിടെ കൊല്ലപ്പെട്ടു. പക്ഷെ, അടങ്ങാത്ത പോരാട്ടവീര്യവുമായി പിറന്ന മണ്ണിന്റെയും അൽ അഖ്സ പള്ളിയുടെയും മോചനത്തിനായി ഹമാസ് പോരാട്ടം തുടരുന്നു. ഒരു ഭാഗത്ത്​ അമേരിക്കയുടെ സർവപിന്തുണയോടെ അത്യാധുനിക ആയുധങ്ങളുടെ പിൻബലത്തിലാണ്​ ഇസ്രായേൽ വംശഹത്യ തുടരുന്നത്. പരിമിതമായ ആയുധങ്ങളുമായാണ്​ ഹമാസിന്‍റെ പോരാട്ടം. ഇതിൽ പലതും തദ്ദേശീയമായി നിർമിക്കുന്നവയാണ്. ഈ സൗകര്യങ്ങൾ ഉപയോഗിച്ച് ഇസ്രായേലിലേക്ക് മിസൈലുകൾ വരെ ഹമാസിന് വിക്ഷേപിക്കാൻ സാധിച്ചു.

വലിയ തിരിച്ചടി നേരിടുന്നുണ്ടെങ്കിലും ഗസ്സയിലും വെസ്റ്റ്​ ബാങ്കിലുമെല്ലാം ഹമാസിന്റെ ജനപ്രീതി വർധിക്കുന്നു എന്നതാണ്​ കഴിഞ്ഞ ഒരു വർഷത്തിനിടെയുണ്ടായ പ്രധാന മാറ്റം. കൂടാതെ ലോകമെമ്പാടും ഹമാസിനെയും സ്വതന്ത്ര ഫലസ്തീനിനെയും പിന്തുണക്കുന്നവർ സധൈര്യം മുന്നോട്ടുവരുന്ന കാഴ്ചയാണുള്ളത്. പ്രതിഷേധ പ്രകടനങ്ങളിൽ ‘കഫിയ്യ’ ചെറുത്തുനിൽപിന്റെ പ്രതീകമായി. ഖസ്സാം ബ്രിഗേഡ്സ് വക്താവ് അബൂ ഉബൈദ അവരുടെ ഹീറോയായി മാറി.

ഹമാസിന്റെ കൈവശമുള്ള ബന്ദികളെവിടെ?

ഒക്ടോബർ ഏഴിന് ശേഷം വടക്കൻ ഗസ്സയിലാണ് ഇസ്രായേൽ കരയാക്രമണം തുടങ്ങുന്നത്. ആക്രമണം കടുത്തതോടെ ലക്ഷക്കണക്കിന് ആളുകൾ ഇവിടെനിന്ന് പലായനം ചെയ്തു. മാസങ്ങൾ നീണ്ട ആക്രമണത്തിനൊടുവിൽ വടക്കൻ ഗസ്സയിൽനിന്ന് പൂർണമായും ഹമാസിനെ ഉൻമൂലനം ചെയ്തുവെന്ന് ഇസ്രായേൽ പ്രഖ്യാപിക്കുകയുണ്ടായി. ഇതോടൊപ്പം ലക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന തെക്കൻ ഗസ്സയിലെ റഫയിലടക്കം ആക്രമണം തുടങ്ങുകയും ചെയ്തു. എന്നാൽ, വടക്കൻ ഗസ്സയിൽ ഹമാസ് പഴയ ശക്തിയോടെ പ്രവർത്തിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ഇവിടെനിന്ന് പിൻവാങ്ങിയ ഇസ്രായേലി സൈന്യത്തിന് വീണ്ടും വടക്കൻ ഗസ്സയിലേക്ക് മടങ്ങിവരേണ്ടി വരികയും ചെയ്തു.

ഒക്ടോബർ ഏഴിന് 250ഓളം ബന്ദികളെയാണ് ഹമാസ് തടങ്കലാക്കിയത്. ഇതിൽ പലരെയും മോചിപ്പിച്ചു. ചിലർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. എന്നാൽ, ഹമാസിന്റെ കൈവശമുള്ള നൂറുകണക്കിന് ബന്ദികളെ ഇപ്പോഴും ഇസ്രായേലിന് മോചിപ്പിക്കാനായിട്ടില്ല. ഇവർ എവിടെയാണെന്നതിന്റെ സൂചന പോലും ഇസ്രായേൽ സൈന്യത്തിനില്ല. ഇവരെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേൽ തെരുവുകളിൽ വലിയ ​പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. ബന്ദികളെ മോചിപ്പിക്കാൻ സാധിക്കാത്ത ഇസ്രായേൽ ഭരണകൂടം കൂടുതൽ സ്ഥലങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ച് യുദ്ധം മനഃപൂർവം നീണ്ടുക്കൊണ്ടുപോവുകയാണ്.

 

നേതാക്കളുടെ മരണത്തിലും തളരാത്ത പ്രസ്ഥാനം

ജനുവരിയിലാണ് ഹമാസ് പോളിറ്റ് ബ്യൂറോയിലെ ഡെപ്യൂട്ടി ചെയർമാൻ സാലിഹ് ആറൂരി കൊല്ലപ്പെടുന്നത്. ലബനാൻ തലസ്ഥാനമായ ബെയ്റൂത്തിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് മരണം. ‘നേതാക്കൾ രക്തസാക്ഷികളാകുന്ന പ്രസ്ഥാനം ഒരിക്കലും പരാജയപ്പെടില്ല’ എന്നായിരുന്നു അന്ന് ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യ പ്രഖ്യാപിച്ചത്. ഒടുവിൽ തന്റെ മുൻഗാമികളു​ടെ അതേ പാതയിൽ ഹനിയ്യയും രക്തസാക്ഷിത്വം വരിച്ചു. ജൂലൈ 31ന് ഇറാനിലെ തെഹ്റാനിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം. കഴിഞ്ഞ ഒരു വർഷത്തിനിടെയുണ്ടായ ഹമാസിന്റെ ഏറ്റവും വലിയ നഷ്ടമായിരുന്നുവത്.

ഗസ്സയിലുള്ള നേതാവ് യഹ്‍യ സിൻവാറാണ് ഹനിയ്യയുടെ പിൻഗാമിയായി എത്തുന്നത്. ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരനാണ് ഇദ്ദേഹം. എന്നാൽ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി സിൻവാറിനെക്കുറിച്ച് ഒരു വിവരവുമില്ലെന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒക്ടോബർ ഏഴിന് ആക്രമണം തുടങ്ങിയത് മുതൽ ഗസ്സയിലെ തുരങ്കങ്ങളിലാണ് സിൻവാർ കഴിയുന്നത്. കഴിഞ്ഞ 11 മാസത്തിനിടെ തുരങ്കത്തിന് പുറത്തുള്ളവരുമായി സിൻവാർ സമ്പർക്കം പുലർത്തിയിരുന്നു. മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന രാഷ്ട്രങ്ങളുമായും സിൻവാർ ഇടനിലക്കാർ വഴി ബന്ധപ്പെട്ടു.

 

സിൻവാറിന് എന്തുസംഭവിച്ചു എന്നറിയാൻ ഇസ്രായേൽ അന്വേഷണം നടത്തുന്നുണ്ട്. അതേസമയം, സിൻവാർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും ഹമാസിന്റെ സുപ്രധാന കാര്യങ്ങളിൽ നിർദേശം നൽകുന്നുണ്ടെന്നും അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അൽ ഖസ്സാം ബ്രിഗേഡ്സിന്റെ മേധാവി മുഹമ്മദ് ദൈഫിനെ കൊലപ്പെടുത്തിയെന്നും ഇസ്രായേൽ അവകാശപ്പെട്ടിരുന്നു. എന്നാൽ, അദ്ദേഹവും ജീവിച്ചിരിപ്പുണ്ടെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്.

വെടിനിർത്തൽ കരാറിൽ വിട്ടുവീഴ്ചയില്ല

അമേരിക്കയുടെയും ഖത്തറിന്റെയും ഈജിപ്തിന്റെയും നേതൃത്വത്തിൽ നടക്കുന്ന വെടിനിർത്തൽ കരാർ ചർച്ചകൾ ഇതുവരെയും ലക്ഷ്യം കണ്ടിട്ടില്ല. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നിർദേശിച്ച മൂന്ന് ഘട്ടമായിട്ടുള്ള വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചതാണ്. ഇതോടൊപ്പം തങ്ങളുടെ നിലപാടുകളിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും നേതാക്കൾ വ്യക്തമാക്കിയിരുന്നു. എന്നാൽ, കരാറിനോട് അടുക്കുമ്പോഴെല്ലാം ഇസ്രായേൽ പ്രധാനമന്ത്രി ഓരോ തവണയും പുതിയ ആവശ്യങ്ങളുമായി രംഗത്തുവരികയാണ്​. ഇതിനോട് വഴങ്ങാൻ ഹമാസ് ഒരിക്കലും സന്നദ്ധമല്ല. യുദ്ധം പരമാവധി നീട്ടിക്കൊണ്ടുപോയി അധികാരത്തിൽ കടിച്ചുതൂങ്ങുകയാണ്​ നെതന്യാഹുവിന്‍റെ ലക്ഷ്യമെന്ന്​ ഹമാസ്​ ആരോപിക്കുന്നു.

ഇസ്രായേലിന്റെ ആക്രമണം ഒരു വർഷം പിന്നിടുമ്പോഴും പുതിയ ആളുകൾ ഹമാസിലേക്ക് കടന്നുവരികയാണ്. എല്ലാം നഷ്ടപ്പെട്ട യുവജനങ്ങളാണ് പുതുതായി സംഘടനയുടെ ഭാഗമാകുന്നതെന്ന് മിഡിൽ ഈസ്റ്റിലെ യുദ്ധവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അവർക്ക് മുന്നിൽ ഒരേയൊരു ലക്ഷ്യമേയുള്ളൂ, അത് പ്രതികാരമാണ്. തങ്ങളുടെ എല്ലാ നഷ്ടങ്ങൾക്കും കാരണമായ ഇസ്രായേലിനെ ഇല്ലാതാക്കി ഫലസ്തീനെ സ്വതന്ത്രമാക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. അതിനാൽ തന്നെ നേതാക്കളെ ഇല്ലാതാക്കിയാലും ഇനിയും ഹമാസിനെ ഇസ്രായേൽ ഭയക്കേണ്ടി വരുമെന്ന് ഉറപ്പാണ്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - വി.കെ. ഷമീം

Senior Web Journalist

Similar News