ബൈഡന് ഹമാസിന്റെ മറുപടി; ഗസ്സയിൽ കൊല്ലപ്പെട്ട 6,747 ഫലസ്തീനികളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടു
കൊല്ലപ്പെട്ടവരിൽ തിരിച്ചറിയാനാകാത്ത 281 പേരുടെയും ഇസ്രായേൽ തകർത്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരുടെയും വിവരങ്ങൾ പുറത്തുവിട്ട പട്ടികയിൽ ചേർത്തിട്ടില്ല
ഗസ്സ: ഫലസ്തീനികളുടെ മരണനിരക്ക് വിശ്വസിക്കുന്നില്ലെന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണത്തിനു പിന്നാലെ കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഗസ്സയിലെ ആരോഗ്യമന്ത്രാലയം. 6,747 പേരുടെ വിശദവിവരങ്ങളടങ്ങിയ രേഖയാണു പ്രസിദ്ധീകരിച്ചത്. ഗസ്സയിലെ മരണനിരക്ക് വിശ്വസിക്കുന്നില്ലെന്നും ഫലസ്തീനികൾ സത്യമാണു പറയുന്നതെന്നു തോന്നുന്നില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ ബൈഡൻ വ്യക്തമാക്കിയത്.
കൊല്ലപ്പെട്ട മുഴുവൻ പേരുടെയും പേര്, പ്രായം, ലിംഗം, തിരിച്ചറിയൽ രേഖയിലെ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഹമാസിന്റെ നേതൃത്വത്തിലുള്ള സർക്കാർ പുറത്തുവിട്ടത്. കൂട്ടത്തിൽ 2,665 പേരും കുട്ടികളാണ്. കൊല്ലപ്പെട്ടവരിൽ 281 പേരെ തിരിച്ചറിയാനാകാത്തതിനാൽ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഇതുൾപ്പെടെ ഒക്ടോബർ ഏഴിനുശേഷം ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 7,028 കടന്നിട്ടുണ്ട്.
ഇസ്രായേൽ തകർത്ത കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരും കാണാതായവരും ഇതിനു പുറമെയാണ്. ഇവരുടെ ഔദ്യോഗിക കണക്ക് പുറത്തുവന്നിട്ടില്ല. മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിടാനുള്ള കാരണം ഹമാസ് വ്യക്തമാക്കിയിട്ടില്ലെങ്കിലും ബൈഡനുള്ള മറുപടിയാണെന്നു വ്യക്തമാണ്.
വൈറ്റ്ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് യു.എസ് പ്രസിഡന്റ് വിവാദ പരാമർശം നടത്തിയത്. സാധാരണക്കാരെ കൊല്ലുന്നത് ഒഴിവാക്കണമെന്ന യു.എസ് നിർദേശം ഇസ്രായേൽ അവഗണിക്കുന്നതിന്റെ തെളിവല്ലേ 2,913 കുട്ടികളടങ്ങുന്ന ഗസ്സയിൽനിന്നുള്ള മരണസംഖ്യയെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. എന്നാൽ, ഫലസ്തീനികൾ പറയുന്ന സംഖ്യയിൽ തനിക്കു വിശ്വാസമില്ലെന്നായിരുന്നു ഇതിനോട് ബൈഡന്റെ പ്രതികരണം.
''കൊല്ലപ്പെട്ടവരുടെ മരണസംഖ്യയുമായി ബന്ധപ്പെട്ട് ഫലസ്തീനികൾ പറയുന്നത് സത്യമാണെന്ന് തോന്നുന്നില്ല. നിരപരാധികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അത് യുദ്ധത്തിനു പോയതിന്റെ വിലയാണ്. തങ്ങൾക്കെതിരെ യുദ്ധം നടത്തുന്നവരിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇസ്രായേൽ ബദ്ധശ്രദ്ധരാകേണ്ടതുണ്ട്. അങ്ങനെയല്ലാതെ പോയാൽ അത് അവരുടെ തന്നെ താൽപര്യത്തിനെതിരാകും. അപ്പോഴും ഫലസ്തീനികൾ പറയുന്ന കണക്കിൽ എനിക്ക് വിശ്വാസമില്ല''-ബൈഡൻ വ്യക്തമാക്കി.
ഗസ്സയിലെ മരണം 6,500 പിന്നിട്ടതായുള്ള ഹമാസ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ബൈഡന്റെ പ്രതികരണം. എന്നാൽ, മരണസംഖ്യ അവിശ്വസിക്കാൻ കാരണം വ്യക്തമാക്കാൻ അദ്ദേഹം തയാറായില്ല.
Summary: Hamas-run Health Ministry in Gaza has released a list of 6,747 Palestinians who had been killed in Israel’s bombardment