തടവുകാരെ വെച്ചുമാറാമെന്ന് മൂന്ന് ബന്ദികളുടെ വീഡിയോ പുറത്തുവിട്ട് ഹമാസ് വാഗ്ദാനം
ബന്ദികളിലൊരാൾ ഹീബ്രുവിൽ ഇസ്രായേൽ സർക്കാറിനെ വിമർശിക്കുന്നതും ഹമാസ് പുറത്തുവിട്ട വീഡിയോയിലുണ്ട്
ജറുസലേം: തടവുകാരെ വെച്ചുമാറാമെന്ന് മൂന്ന് ബന്ദികളുടെ വീഡിയോ പുറത്തുവിട്ട് ഹമാസ് വാഗ്ദാനം. ബന്ദികളിലൊരാൾ ഹീബ്രുവിൽ ഇസ്രായേൽ സർക്കാറിനെ വിമർശിക്കുന്നതും ഹമാസ് പുറത്തുവിട്ട വീഡിയോയിലുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഇസ്രായേൽ പ്രതികരിച്ചിട്ടില്ല.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അഭിസംബോധന ചെയ്താണ് ബന്ദികൾ വീഡിയോയിൽ സംസാരിക്കുന്നത്. 'ഞങ്ങളെ നിങ്ങൾ കൊലക്ക് വിട്ടു കൊടുക്കുകയാണ്. നിങ്ങളുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി നിങ്ങൾ ഈ ആക്രമണത്തെ ഉപയോഗിക്കുകയാണ്. ഹമാസ് സേനാംഗങ്ങൾ ഞങ്ങളെ ആക്രമിക്കുമ്പോൾ നിങ്ങളുടെ സൈന്യത്തെയോനിങ്ങളെയോ കണ്ടില്ല'. ഇത്തരത്തിൽ വൈകാരികമായാണ് ബന്ദികൾ വീഡിയോയിൽ സംസാരിക്കുന്നത്.
അതേസമയം ഹമാസിന്റേത് പ്രൊപ്പഗണ്ട വീഡിയോയാണെന്നാണ് ഇസ്രായേലിലെ സർക്കാർ അനുകൂല പത്രമായ ജറുസലേം പോസ്റ്റ് ഇക്കാര്യത്തിൽ വാർത്ത നൽകിയിരിക്കുന്നത്. സമാനമായ വാഗ്ദാനം ഹമാസ് നേരത്തെയും ഇസ്രായേലിന്റെ മുന്നിൽ വെച്ചിരുന്നു. അന്ന് ഇസ്രായേൽ കാബിനറ്റിൽ ഇക്കാര്യം ചർച്ച ചെയ്തിരുന്നെങ്കിലും ഇതിലൊരു തീരുമാനം പിന്നീടുണ്ടായിരുന്നില്ല.