അധിനിവേശ വെസ്റ്റ്ബാങ്കിൽ നിന്ന് ഫലസ്തീനികളെ കുടിയിറക്കാനുള്ള ഇസ്രായേൽ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി ഹമാസ്

വെസ്റ്റ് ബാങ്കിൽ 720,000 അനധികൃത കുടിയേറ്റക്കാർ താമസിക്കുന്നുണ്ടെന്നാണ് ഇസ്രായേൽ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്

Update: 2024-11-02 17:35 GMT
Advertising

ജറുസലേം: അധിനിവേശ വെസ്റ്റ്ബാങ്കിൽ നിന്ന് ഫലസ്തീനികളെ കുടിയിറക്കാനുള്ള ഇസ്രായേലിൻ്റെയും അനധികൃത ഇസ്രായേലി കുടിയേറ്റക്കാരുടെയും പദ്ധതിക്കെതിരെ ഹമാസ്. ഇസ്രായേലിൻ്റെ നീക്കത്തിനെതിരെ മുതിർന്ന ഹമാസ് നേതാവ് മഹമൂദ് മർദാവിയാണ് മുന്നറിയിപ്പ് നൽകിയത്. മസാഫർ യാറ്റ, ജോർ‌ദാൻ താഴ്വര, നബ്ലസ്, സാൽഫിത്ത്, റമല്ല തുടങ്ങിയവയ്ക്ക് ചുറ്റുമുള്ള ​ഗ്രാമങ്ങൾ എന്നിവിടങ്ങളിലെ ഇസ്രായേൽ പ്രവർത്തനങ്ങൾ അധിനിവേശ വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളെ ലക്ഷ്യമിട്ടുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.

'ജനസംഖ്യാപരമായ യാഥാർഥ്യത്തിൽ മാറ്റം വരുത്താനും വെസ്റ്റ് ബാങ്ക് അധീനതയിലാക്കാനുള്ള പദ്ധതി പൂർത്തിയാക്കുകയുമാണ് ഇതിലൂടെ അവർ ലക്ഷ്യമിടുന്നത്.'- അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ‌ ഏഴ് മുതൽ അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യവും അനധികൃത കുടിയേറ്റക്കാരും ചേർന്ന് 16,663 ആക്രമണങ്ങൾ നടത്തിയതായാണ് റിപ്പോർട്ട്. ഇത് കാരണം നിരവധി നാടോടി സംഘങ്ങൾ മാറിതാമസിക്കേണ്ടി വന്നെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കിഴക്കൻ ജറുസലേം ഉൾപ്പെടെ വെസ്റ്റ് ബാങ്കിൽ 720,000 അനധികൃത കുടിയേറ്റക്കാർ താമസിക്കുന്നുണ്ടെന്നാണ് ഇസ്രായേൽ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കു പ്രകാരം വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം നടത്തിയ വെടിവയ്പ്പിൽ 767 ഫലസ്തീനികൾ കൊല്ലപ്പെടുകയും 6,300 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 

ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശം അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഈ നടപടി ഉടൻ അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ജൂലൈയിൽ വിധി പുറപ്പെടുവിച്ചിരുന്നു. ഫലസ്തീനികളെ അവരുടെ മണ്ണിൽനിന്ന് പുറന്തള്ളുന്ന നടപടി അനുവദിക്കാനാവില്ല. കിഴക്കൻ ജറുസലേമിലെ ഇസ്രായേൽ അധിനിവേശം ഫലസ്തീനികൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നുവെന്നുമായിരുന്നു കോടതി നിരീക്ഷണം. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News