താത്കാലിക വെടിനിർത്തലിനില്ല; ഇസ്രായേൽ സൈന്യം പൂർണമായും ഗസ്സയിൽ നിന്ന് പിൻമാറണം: ഹമാസ്
ഗസ്സയിൽനിന്ന് ഇസ്രായേൽ സൈന്യം പൂർണമായി പിൻമാറണമെന്ന് ഹമാസ് ആവശ്യപ്പെട്ടു.
ഗസ്സ: താൽക്കാലിക വെടിനിർത്തലിന് തയ്യാറല്ലെന്ന് ഹമാസ്. സ്ഥിരം വെടിനിർത്തൽ പ്രഖ്യാപിച്ച് ഗസ്സ മുനമ്പിൽനിന്ന് ഇസ്രായേൽ പൂർണമായി പിൻമാറണമെന്നും മുതിർന്ന ഹമാസ് നേതാവിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു. ഗസ്സയിൽ ഒരു മാസത്തോളം നീളുന്ന താൽക്കാലിക വെടിനിർത്തൽ മധ്യസ്ഥൻമാർ നിർദേശിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹമാസ് നേതൃത്വത്തിന്റെ പ്രതികരണം.
അതിനിടെ സിറിയയിലും ഇസ്രായേൽ ആക്രമണം നടത്തി. ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുണ്ടായതായി സിറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വടക്കൻ ഇസ്രായേലിൽ ലബനാനിൽനിന്നുള്ള റോക്കറ്റ് ആക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണെന്ന് ഇസ്രായേൽ മാധ്യമമായ ഹാരറ്റ്‌സ് റിപ്പോർട്ട് ചെയ്തു. ഹിസ്ബുല്ലയുടെ തുടർച്ചയായ റോക്കറ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വടക്കൻ ഇസ്രായേലിൽ അപായസൈറണുകൾ നിലക്കാതെ മുഴങ്ങുകയാണെന്നും ഹാരറ്റ്‌സ് റിപ്പോർട്ട് ചെയ്തു.