റഷ്യൻ സൈന്യത്തിൽ അംഗമായ ഇന്ത്യൻ യുവാവ് യുക്രൈനെതിരായ യുദ്ധത്തിൽ കൊല്ലപ്പെട്ടു
യുക്രൈൻ സേനയ്‌ക്കെതിരെ പോരാടാൻ റഷ്യൻ സൈന്യത്തിന്റെ മുൻനിരയിലേക്ക് അയക്കപ്പെട്ടയാളായിരുന്നു രവി മൗൺ.
ചണ്ഡീഗഢ്: റഷ്യൻ സൈന്യത്തിൽ അംഗമായി യുക്രൈനെതിരെ യുദ്ധം ചെയ്യുന്നതിനിടെ ഇന്ത്യക്കാരനായ മറ്റൊരു യുവാവ് കൂടി കൊല്ലപ്പെട്ടു. ഹരിയാന കൈഥാൽ ജില്ലയിലെ മതൗർ സ്വദേശിയായ 22കാരൻ രവി മൗൺ ആണ് കൊല്ലപ്പെട്ടത്. മരണം മോസ്കോയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചതായി യുവാവിന്റെ സഹോദരൻ അജയ് മൗൺ പറഞ്ഞു.
യുക്രൈൻ സേനയ്‌ക്കെതിരെ പോരാടാൻ റഷ്യൻ സൈന്യത്തിന്റെ മുൻനിരയിലേക്ക് അയക്കപ്പെട്ടയാളായിരുന്നു രവി മൗൺ. ജനുവരി 13നാണ് രവി മൗൺ റഷ്യയിലേക്ക് ട്രാൻസ്പോർട്ടേഷൻ ജോലിക്കായി പോയത്. എന്നാൽ പിന്നീട് റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുകയായിരുന്നെന്ന് സഹോദരൻ അറിയിച്ചു. സഹോദരനെക്കുറിച്ചുള്ള വിവരങ്ങൾ ഇല്ലാതായതോടെ കാര്യങ്ങളന്വേഷിച്ച് അജയ് മൗൺ ജൂലൈ 21ന് എംബസിക്ക് കത്തെഴുതിയിരുന്നു. ഇതിനുള്ള മറുപടിയായാണ്, രവി മരിച്ചതായി എംബസി അറിയിച്ചതെന്ന് സഹോദരൻ പറഞ്ഞു.
മൃതദേഹം തിരിച്ചറിയാനായി ഡി.എൻ.എ പരിശോധനാ റിപ്പോർട്ട് അയയ്ക്കാനും എംബസി ആവശ്യപ്പെട്ടതായി കുടുംബം പറഞ്ഞു. രാജ്യത്തിൻ്റെ സൈന്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യൻ പൗരന്മാരെ എത്രയും വേഗം മോചിപ്പിക്കാനും തിരികെയെത്തിക്കാനുമുള്ള നടപടികൾ സ്വീകരിക്കണമെന്ന ഇന്ത്യയുടെ ആവശ്യം റഷ്യ അംഗീകരിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം.
യുക്രൈൻ സേനയ്‌ക്കെതിരെ പോരാടാൻ പോകാൻ റഷ്യൻ സൈന്യം തൻ്റെ സഹോദരനോട് ആവശ്യപ്പെട്ടതായും അല്ലെങ്കിൽ 10 വർഷം തടവ് അനുഭവിക്കേണ്ടിവരുമെന്നായിരുന്നു ഭീഷണിയെന്നും അജയ് മൗൺ പറഞ്ഞു. മാർച്ച് 12 വരെ ഞങ്ങൾ അവനുമായി ബന്ധപ്പെട്ടിരുന്നു. ആ സമയം അവൻ വളരെ അസ്വസ്ഥനായിരുന്നു എന്നും സഹോദരൻ പറഞ്ഞു.
അതേസമയം, സഹോദരൻ്റെ മൃതദേഹം തിരികെ കൊണ്ടുവരാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അജയ് മൗൺ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർഥിച്ചു. അവന്റെ മൃതദേഹം കൊണ്ടുവരാൻ ആവശ്യമായ പണം ഞങ്ങളുടെ കൈയിലില്ല. റഷ്യയിലേക്ക് അവനെ അയയ്ക്കാനായി ഒരേക്കർ ഭൂമി വിറ്റ് 11.50 ലക്ഷം രൂപ ചെലവഴിച്ചതായും സഹോദരൻ വ്യക്തമാക്കി.
ജൂൺ 10ന് മറ്റൊരു ഇന്ത്യൻ യുവാവും സമാന സാഹചര്യത്തിൽ റഷ്യയിൽ കൊല്ലപ്പെട്ടിരുന്നു. റഷ്യൻ സൈന്യത്തിൽ ചേർന്ന് യുക്രൈനെതിരെ യുദ്ധം ചെയ്യുന്നതിനിടെ പഞ്ചാബ് അമൃത്സറിലെ പാലംവിഹാർ സ്വദേശിയായ തേജ്പാൽ സിങ് (30) ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞവർഷം ഡിസംബറിൽ തായ്ലൻഡിലേക്ക് ജോലി തേടി പോയതായിരുന്നു തേജ്പാൽ സിങ്ങെന്ന് ഭാര്യ പർമീന്ദർ കൗർ പറഞ്ഞിരുന്നു. എന്നാൽ കുറച്ചുദിവസത്തിന് ശേഷം അദ്ദേഹവും കുറച്ച് കൂട്ടുകാരും റഷ്യയിലേക്ക് പോവുകയും സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുകയും ചെയ്തു. ജൂൺ 10ന്, ഭർത്താവിൻ്റെ ഒരു സുഹൃത്ത് വിളിച്ച് അദ്ദേഹം യുക്രൈയ്നിലെ യുദ്ധക്കളത്തിൽ കൊല്ലപ്പെട്ടതായി തന്നോട് പറഞ്ഞതായും കൗർ വ്യക്തമാക്കി.
ടൂറിസ്റ്റ് വിസയിൽ റഷ്യയിലേക്ക് പോയ സിങ് മാർച്ചിലാണ് കൊല്ലപ്പെട്ടതെന്നും എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് മരണവിവരം വളരെ വൈകിയാണ് പുറത്തുവന്നതെന്നും ഭാര്യ പറഞ്ഞു. 30കാരനായ തേജ്പാൽ സിങ്ങിന്റെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. മൃതദേഹം റഷ്യയിൽ തന്നെയുണ്ടോ അതോ യുക്രൈന്റെ കസ്റ്റഡിയിലാണോ എന്ന കാര്യം ആർക്കുമറിയില്ലെന്നും കൗർ കൂട്ടിച്ചേർത്തിരുന്നു.
ഈ മാസം ആദ്യം, റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനുമായി മോദി വിഷയം ഉന്നയിച്ചതിനെത്തുടർന്ന് റഷ്യൻ സൈന്യത്തിൽ സപ്പോർട്ട് സ്റ്റാഫായി ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരെ ഉടനടി മോചിപ്പിക്കുകയും തിരികെയെത്തിക്കുകയും ചെയ്യണമെന്ന ഇന്ത്യയുടെ ആവശ്യം റഷ്യ അംഗീകരിച്ചിരുന്നു. റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ പ്രശ്നം അതീവ ആശങ്കാജനകമായ വിഷയമാണെന്നും ഭരണകൂടത്തിൽ നിന്ന് ഉടനടി നടപടി വേണമെന്നും വിദേശകാര്യ മന്ത്രാലയം കഴിഞ്ഞമാസം ആവശ്യപ്പെട്ടിരുന്നു. 2022 ഫെബ്രുവരി മുതൽ ആരംഭിച്ച റഷ്യ- യുക്രൈയ്ൻ സംഘർഷം ഇപ്പോഴും തുടരുകയാണ്.