കൊല്ലപ്പെടുംമുമ്പ് ഹിസ്ബുല്ല തലവൻ വെടിനിർത്തലിന് സമ്മതിച്ചിരുന്നെന്ന് ലബനൻ മന്ത്രി; പക്ഷേ ഇസ്രായേൽ വാക്ക് തെറ്റിച്ചു

യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണും വെടിനിർത്തലിൻ്റെ മധ്യസ്ഥതയിൽ പങ്കാളികളായിരുന്നുവെന്നും ബൗഹബിബ് പറഞ്ഞു.

Update: 2024-10-03 05:33 GMT
Advertising

ബെയ്റൂത്ത്: ഇസ്രായേൽ ആക്രമണത്തിൽ വധിക്കപ്പെടുന്നതിന് മുമ്പ് ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ല മേഖലയിൽ വെടിനിർത്തലിന് സമ്മതിച്ചിരുന്നതായി വെളിപ്പെടുത്തൽ. ലബനാൻ വിദേശകാര്യമന്ത്രി അബ്ദുല്ല ബൗഹബിബ് ആണ് ഇക്കാര്യം വെളിപ്പെടുത്തി രം​ഗത്തെത്തിയത്. ബുധനാഴ്ച സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ്, ഹിസ്ബുല്ല യുഎസും ഫ്രാൻസുമടക്കമുള്ള 12 രാജ്യങ്ങളും വിവിധ സംഘടനകളും മുന്നോട്ടുവച്ച വെടിനിർത്തൽ നിർദേശം സമ്മതിച്ചതായി ബൗഹബിബ് സ്ഥിരീകരിച്ചത്. കരാർ ഇസ്രായേലും ആദ്യം അം​ഗീകരിച്ചിരുന്നെങ്കിലും പിന്നീട് വാക്ക് തെറ്റിച്ച് നസ്റുല്ലയെ വധിക്കുകയായിരുന്നു.

'അദ്ദേഹം സമ്മതിച്ചു. അതെ, ലെബനീസ് പക്ഷം സമ്മതിച്ചു'- ബൗഹബിബ് പറഞ്ഞു. ഇതിനായി ഹിസ്ബുല്ലയുമായി കൂടിയാലോചനകൾ നടത്തിയെന്നു പറഞ്ഞ ബൗഹബിബ്, ലെബനീസ് പാർലമെൻ്റ് സ്പീക്കർ നബീഹ് ബെറി അവരുമായി സംസാരിച്ചെന്നും കൂട്ടിച്ചേർത്തു. തീരുമാനത്തെ കുറിച്ച് തങ്ങൾ യുഎസ്, ഫ്രഞ്ച് പ്രതിനിധികളെ അറിയിച്ചു. യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണും വെടിനിർത്തലിൻ്റെ മധ്യസ്ഥതയിൽ പങ്കാളികളായിരുന്നുവെന്നും ബൗഹബിബ് പറഞ്ഞു.

യുഎസും ഫ്രാൻസും ഉൾപ്പെടുന്ന 12 രാജ്യങ്ങളും വിവിധ സംഘടനകളും സെപ്റ്റംബർ 24ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അംഗീകരിച്ചിരുന്നതായി ഇരു രാജ്യങ്ങളും തങ്ങളോട് പറഞ്ഞതായും ബൗഹാബിബ് ചൂണ്ടിക്കാട്ടി. നയതന്ത്ര ശ്രമങ്ങൾ സുഗമമാക്കുന്നതിന് ഹിസ്ബുല്ലയും ഇസ്രായേലും തമ്മിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നായിരുന്നു പ്രസ്താവനയിലെ ആവശ്യം.

ജോ ബൈഡനും മാക്രോണും ന്യൂയോർക്കിൽ നടന്ന യുഎൻ ജനറൽ അസംബ്ലിയുടെ ഭാഗമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം സെപ്തംബർ 25ന് അമേരിക്കയും ഫ്രാൻസും മറ്റ് സഖ്യകക്ഷികളും 21 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു. എന്നാൽ 26ന് വെടിനിർത്തൽ നിർദേശം നെതന്യാഹു നിരസിക്കുകയും സൈന്യത്തോട് കൂടുതൽ ശക്തമായി ആക്രമണം തുടരാൻ ഉത്തരവിടുകയും ചെയ്തു.

തുടർന്ന്, സെപ്തംബർ 27ന് രാത്രി ബെയ്റൂത്തിൻ്റെ തെക്കൻ പ്രാന്തപ്രദേശത്ത് നടത്തിയ വ്യോമാക്രമണത്തിൽ നസ്റുല്ല കൊല്ലപ്പെടുകയായിരുന്നു. ഇതോടെ ഹിസ്ബുല്ലയും ഇസ്രായേലും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തി പ്രാപിച്ചു. ഇസ്രായേലിന്റെ കരയാക്രമണം നേരിടാൻ തയാറെന്ന് ഹിസ്ബുല്ല സെപ്റ്റംബർ 30ന് അറിയിക്കുകയും ചെയ്തു.

ഹിസ്ബുല്ലയുടെ സൈനികശേഷി തകർക്കാൻ ഇസ്രായേലിന് കഴിഞ്ഞിട്ടില്ലെന്നും സയണിസത്തിനെതിരായ പോരാട്ടം നേരത്തെ നിശ്ചയിച്ച പോലെ തന്നെ തുടരുമെന്നും ഹിസ്ബുല്ല ഉപനേതാവ് നഈം ഖാസിം പറഞ്ഞു. ഹിസ്ബുല്ല തലവൻ കൊല്ലപ്പെട്ടതിന് ശേഷമുള്ള ആദ്യ പ്രസംഗത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഇസ്രായേൽ കരയുദ്ധത്തിന് തയാറെടുക്കുകയാണെങ്കിൽ ലെബനനെ സംരക്ഷിക്കുമെന്നും ഖാസിം വ്യക്തമാക്കിയിരുന്നു.

പിന്നാലെ കഴിഞ്ഞദിവസം ഇറാനും ഇടപെട്ടു. ഇസ്രായേലിനു നേരെ 181 മിസൈലുകൾ പായിച്ച ഇറാന്റെ നടപടിയിൽ ഇസ്രായേൽ ഞെട്ടി. ചൊവ്വാഴ്ച രാത്രിയാണ് ഇറാൻ ഇസ്രായേലിനു നേരെ വ്യാപക മിസൈൽ ആക്രമണം നടത്തിയത്. ‘ട്രൂ ​പ്രോമിസ് 2’ എന്ന പേരിലാണ് ഇറാൻ സൈനിക വിഭാഗമായ ഐആർജിഎസ് ആക്രമണം നടത്തിയത്. ഇ​സ്രായേലിനെതിരായ ഏറ്റവും വലിയ സൈനിക ആക്രമണമായിരുന്നു ഇത്.

ഇറാൻ അയച്ച ബാലിസ്റ്റിക്​ മിസൈലുകളുടെ തീമഴയിൽ ​തെൽ അവീവ്​ ഉൾപ്പെടെ മുഴുവൻ ഇസ്രായേൽ നഗരങ്ങളും അക്ഷരാർഥത്തിൽ നടുങ്ങി​. മുഴുവൻ ജനങ്ങളോടും ബങ്കറുകളിലേക്ക്​ മാറാനായിരുന്നു നിർദേശം. ബെൻ ഗുരിയോൺ ഉൾപ്പെടെ എല്ലാ വിമാനത്താവളങ്ങളുടേയും പ്രവർത്തനം നിർത്തി. വ്യോമാതിർത്തി പൂർണമായും അടച്ചിട്ടു. റെയിൽ ഗതാഗതവും നിർത്തി.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെ എല്ലാ മന്ത്രിമാരും മണിക്കൂറുകൾ ബങ്കറുകളുടെ സുരക്ഷയിൽ കഴിച്ചുകൂട്ടി. ഇറാൻ തിരിച്ചടിക്കില്ലെന്ന കണക്കുകൂട്ടൽ തെറ്റിയതോടെ ഇനിയെന്ത്​ എന്ന വിഭ്രാന്തിയിലാണ്​ നെതന്യാഹുവും സൈനിക നേതൃത്വവും. മിസൈലുകൾ പലതും ലക്ഷ്യം കണ്ടതായി ഇറാ​ൻ അവകാശ​പ്പെട്ടു. പ്രതികാരത്തിനു തുനിഞ്ഞാൽ ഇസ്രായേലിനെതിരെ ഏതറ്റം വരെ പോകാനും സജ്ജമാണെന്നും​ ഇറാൻ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നൽകി​.

ബുധനാഴ്ച ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലില്‍ എട്ട് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടതായി ഐഡിഎഫ് അറിയിച്ചു. ദക്ഷിണ ലബനാൻ പട്ടണത്തിൽ കടന്നുകയറാനുള്ള ഇസ്രായേൽ സൈനികരുടെ ശ്രമത്തിനെതിരെ ശക്തമായി ചെറുത്തുനിൽക്കുന്നതായി ഹിസ്ബുല്ല വ്യക്തമാക്കി. ശക്തമായ പ്രതിരോധം ബോധ്യപ്പെട്ടതോടെ കൂടുതൽ സൈനികരെ അടിയന്തരമായി മേഖലയിൽ വിന്യസിക്കാനും ഇസ്രായേൽ നീക്കം തുടങ്ങിയിട്ടുണ്ട്.




Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News