ഹസൻ നസ്‌റുല്ലയുടെ പിൻഗാമിയാര്?; മാധ്യമവാർത്തകൾ തള്ളി ഹിസ്ബുല്ല
ഹിസ്ബുല്ല എക്‌സിക്യൂട്ടീവ് കൗൺസിൽ തലവനും ഹസൻ നസ്‌റുല്ലയുടെ ബന്ധുവുമായ ഹാഷിം സഫിയ്യുദ്ദീൻ പുതിയ മേധാവിയാകുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ബെയ്‌റൂത്ത്: ഹസൻ നസ്‌റുല്ല ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് പുതിയ തലവനെ തിരഞ്ഞെടുത്തെന്ന വാർത്തകൾ തള്ളി ഹിസ്ബുല്ല. പുതിയ തലവനെ കുറിച്ചുള്ള വാർത്തകൾ വസ്തുതാപരമല്ല. ഔദ്യോഗിക പ്രസ്താവന വരുന്നത് വരെ അത്തരം വാർത്തകൾ ഗൗരവമായി കാണേണ്ടതില്ലെന്നും ഹിസ്ബുല്ല പ്രസ്താവനയിൽ വ്യക്തമാക്കി.
ഹിസ്ബുല്ല എക്‌സിക്യൂട്ടീവ് കൗൺസിൽ തലവനും ഹസൻ നസ്‌റുല്ലയുടെ ബന്ധുവുമായ ഹാഷിം സഫിയ്യുദ്ദീൻ പുതിയ മേധാവിയാകുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 1964ൽ തെക്കൻ ലബനാനിലാണ് സഫിയുദ്ദീൻ ജനിച്ചത്. ഹിസ്ബുല്ലയുടെ സൈനിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ജിഹാദ് കൗൺസിലിലും അദ്ദേഹം അംഗമാണ്. 1982 മുതൽ ഹിസ്ബുല്ലയുടെ ഭാഗമായ അദ്ദേഹം ഇറാനിലാണ് മതപഠനം പൂർത്തിയാക്കിയത്. 2017ൽ യുഎസ് അദ്ദേഹത്തെ ആഗോള ഭീകരവാദിയായി പ്രഖ്യാപിച്ചിരുന്നു.
വെള്ളിയാഴ്ച ബെയ്‌റൂത്തിലെ ബങ്കറുകൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് നസ്‌റുല്ല കൊല്ലപ്പെട്ടത്. 2023 ഒക്ടോബർ ഏഴിന് ഗസ്സയിൽ ആക്രമണം തുടങ്ങിയത് മുതൽ ലബനാനിൽ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു.കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ലബനാനെ ലക്ഷ്യമിട്ട് ആക്രമണം കടുപ്പിച്ചത്. ഇസ്രായേൽ ആക്രമണത്തിൽ നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. ഹിസ്ബുല്ല നേതാക്കൾ ഉപയോഗിക്കുന്ന പേജറുകളും വാക്കി ടോക്കികളും പൊട്ടിത്തെറിച്ച് 30ൽ കൂടുതൽ ആളുകൾ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേൽ ചാരസംഘടനയായ മൊസാദ് നിർമാണഘട്ടത്തിൽ പേജറുകളിൽ സ്‌ഫോടക വസ്തുകൾ സ്ഥാപിക്കുകയായിരുന്നു എന്നാണ് സൂചന.