ചെങ്കടലിൽ വീണ്ടും യു.എസ്, യു.കെ കപ്പലുകൾ ആക്രമിച്ച് ഹൂതികൾ
‘ഫലസ്തീൻ ജനതക്കെതിരായ ആക്രമണം അവസാനിപ്പിക്കുന്നത് വരെ പ്രവർത്തനം തുടരും’
ചെങ്കടലിലൂടെ യാത്ര ചെയ്യുകയായിരുന്ന അമേരിക്കയുടെയും ബ്രിട്ടന്റെയും ചരക്ക് കപ്പലുകൾ ആക്രമിച്ചതായി ഹൂതി വക്താവ് യഹ്‍യ സാരീ അറിയിച്ചു. യു.എസ് കപ്പലായ ‘സ്റ്റാർ നാസിയ’ ആണ് ആദ്യം ആക്രമണത്തിനിരയായത്.
ബ്രിട്ടീഷ് കപ്പലായ ‘മോർണിംഗ് ടൈഡ്’ ആണ് രണ്ടാമത്തെ കപ്പൽ. നാവിക മിസൈലുകൾ ഉപയോഗിച്ചാണ് ഇവ ആക്രമിച്ചതെന്നും കൃത്യമായി തന്നെ കപ്പലിൽ പതിച്ചെന്നും സാരീ പറഞ്ഞു.
അറബിക്കടൽ, ചെങ്കടൽ എന്നിവിടങ്ങളിലെ യു.എസ്, ബ്രിട്ടീഷ് നടപടികൾക്കെതിരെ ഹൂതികൾ കൂടുതൽ സൈനിക പ്രവർത്തനങ്ങൾ നടത്തും. ആക്രമണത്തോട് പ്രതികരിക്കാനും യെമനെയും അവിടത്തെ ജനങ്ങളെയും സംരക്ഷിക്കാനുമുള്ള അവകാശം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേലുമായി ബന്ധമുള്ളതും ഇസ്രായേലിലേക്ക് പോകുന്നതുമായ കപ്പലുകൾക്ക് നേരെയും ആക്രമണം തുടരും. ഗസ്സയിലെ ഉപരോധം പിൻവലിക്കുകയും ഫലസ്തീൻ ജനതക്കെതിരായ ആക്രമണം അവസാനിപ്പിക്കുകയും ചെയ്യുന്നതുവരെ ഈ പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുടെയും ബ്രിട്ടന്റെയും ആക്രമണങ്ങളെ അവഗണിച്ചുകൊണ്ടാണ് ഹൂതികൾ കപ്പലുകൾക്ക് നേരെ മിസൈലുകൾ തൊടുത്തുവിട്ടത്. ഏകദേശം 50ഓളം കപ്പലുകളാണ് ഇതുവരെ ആക്രമിച്ചത്.
കഴിഞ്ഞദിവസം യെമനിലെ ഹൊദൈദയിലും സാദയിലും ബോംബാക്രമണം നടന്നിരുന്നു. യു.എസും യു.കെയും ചേർന്ന് വടക്കൻ യെമനിലെ സാദ നഗരത്തിന്റെ കിഴക്കൻ ഭാഗത്തേക്ക് മൂന്ന് വ്യോമാക്രമണങ്ങൾ നടത്തിയതായും റിപ്പോർട്ടുണ്ട്.