കോവിഡ് ലോക്ക്ഡൗണിനിടെ തീപ്പിടിത്തത്തിൽ പത്ത് മരണം; നിയന്ത്രണങ്ങൾക്കെതിരെ ചൈനയിൽ പ്രതിഷേധവുമായി ജനം തെരുവിൽ

രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും റെക്കോർഡ് സൃഷ്ടിച്ച് ഉയരുന്നതിനിടെയാണ് തീപ്പിടിത്തവും പ്രതിഷേധവും.

Update: 2022-11-26 13:27 GMT
Advertising

സിൻചിയാങ്: രാജ്യത്ത് വീണ്ടും കോവിഡ് വ്യാപിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിനെതിരെ പ്രതിഷേധം. സിൻചിയാങ് പ്രവിശ്യയിലാണ് പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയത്.

വൻ തീപ്പിടുത്തത്തെത്തുടർന്ന് പത്ത് പേർ മരിക്കാനിടയായതിനെ തുടർന്നാണ് ജനക്കൂട്ടം ഹസ്മത്ത്-സ്യൂട്ട് ഗാർഡുകൾക്ക് നേരെ ആക്രോശിച്ച് രം​ഗത്തിറങ്ങിയത്. രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും റെക്കോർഡ് സൃഷ്ടിച്ച് ഉയരുന്നതിനിടെയാണ് തീപ്പിടിത്തവും പ്രതിഷേധവും.

വ്യാഴാഴ്‌ച രാത്രി സിൻചിയാങ്ങിലെ ഉറുംകിയിലെ ഒരു ബഹുനില കെട്ടിടത്തിലാണ് 10 പേരുടെ മരണത്തിനിടയാക്കിയ തീപ്പിടിത്തമുണ്ടായത്. കർശന കോവിഡ് നിയമങ്ങൾ കാരണം കെട്ടിടത്തിലെ താമസക്കാർക്ക് താഴേക്ക് ഇറങ്ങാൻ കഴിയാതിരുന്നത് അപകടം വർധിപ്പിച്ചതായി നിരവധി പേർ ചൂണ്ടിക്കാട്ടുന്നു. ‌‌ഇതോടെയാണ് പ്രതിഷേധം അലയടിക്കുന്നത്.

ലോക്ക്ഡൗൺ മൂലം തങ്ങൾക്ക് പുറത്തിറങ്ങാൻ സാധിക്കുന്നില്ലെന്നും തീപ്പിടിത്തത്തെ തുടർന്നുള്ള കടുത്ത പുക ശ്വസിച്ച് ഓക്സിജൻ കിട്ടാതെ തങ്ങളുടെ കുട്ടികൾ മരിക്കുകയാണെന്നും വാതിലുകൾ തുറക്കാനാവുന്നില്ലെന്നും ഉൾപ്പെടെ കെട്ടിടത്തിലെ താമസക്കാർ സഹ​താമസക്കാർക്ക് അയച്ച സോഷ്യൽമീഡിയ ഓഡിയോ സന്ദേശങ്ങൾ പുറത്തുവന്നിരുന്നു.

'ലോക്ക്ഡൗൺ അവസാനിപ്പിക്കുക' എന്നതടക്കമുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ജനം തെരുവിൽ പ്രതിഷേധിക്കുന്നത്. മറ്റു ചിലർ 'അടിമകളാകാൻ വിസമ്മതിക്കുന്നവരേ, എഴുന്നേൽക്കൂ' എന്നർഥം വരുന്ന ചൈനയുടെ ദേശീയ​ഗാനത്തിലെ വരികൾ പാടിയും പ്രതിഷേധ രം​ഗത്തുണ്ട്. ലോക്ക്ഡൗണിൽ നിന്ന് തങ്ങൾക്ക് മോചനം വേണമെന്ന് ആളുകൾ ആവശ്യപ്പെടുന്നു.

രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ലോക്ക്ഡൗണാണ് സിൻജിയാങ് പ്രദേശത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ദശലക്ഷം നിവാസികൾക്കാണ് 100 ദിവസത്തേക്ക് വീട് വിട്ടിറങ്ങുന്നതിന് വിലക്കുള്ളത്. കഴിഞ്ഞ രണ്ട് ദിവസത്തിൽ നഗരത്തിൽ നൂറോളം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

10 മില്യൺ ഉയിഗൂറുകളുടെയും അവകാശപോരാട്ട ഗ്രൂപ്പുകളുടെയും വാസസ്ഥലം കൂടിയാണ് സിൻജിയാങ്. തടങ്കൽപ്പാളയങ്ങളിലെ നിർബന്ധിത തൊഴിൽ ഉൾപ്പെടെ മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കെതിരെ കടുത്ത അതിക്രമങ്ങളാണ് നടക്കുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

24 മണിക്കൂറിനിടെ രാജ്യത്ത് 32,000ൽ കൂടുതൽ കോവിഡ് കേസുകളാണ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് ചൈനീസ് ആരോഗ്യ കമ്മീഷനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് ചൈന നിയന്ത്രണങ്ങൾ കടുപ്പിച്ചത്.

ബുധനാഴ്ച 31,444 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ലോക്ക‍‍്ഡൗൺ, ദിവസേനയുള്ള മാസ് ടെസ്റ്റിങ്, ശക്തമായ നിരീക്ഷണം, കോൺടാക്ട് ട്രേസിങ്, നിർബന്ധിത ക്വാറന്റീൻ തുടങ്ങിയ കർശന നിയന്ത്രണങ്ങളാണ് കോവിഡ് നിരക്ക് കുറയ്ക്കാൻ ചൈന ഏർപ്പെടുത്തുന്നത്.

കോവിഡ് നിയന്ത്രണങ്ങളിൽ അടുത്തിടെ ചൈന ചില ഇളവുകൾ അനുവദിച്ചിരുന്നു. രാജ്യത്ത് എത്തുന്നവരുടെ ക്വാറന്റീൻ കാലയളവ് 10 ദിവസത്തിൽനിന്ന് എട്ട് ദിവസമായി കുറച്ചതായിരുന്നു അതിൽ പ്രധാനപ്പെട്ടത്. കോവിഡ് നിരക്ക് കുതിച്ചുയർന്നതോടെ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കുകയാണ് രാഷ്ട്രം. തലസ്ഥാനമായ ബെയ്ജിങ്ങിലടക്കം കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News