ഗസ്സയിലെ മാനുഷിക ദുരന്തത്തിൽ നിന്ന് മുഖം തിരിക്കാനാകില്ലെന്ന് കമലാ ഹാരിസ്; ഇസ്രായേലിനൊപ്പം നിന്നതിന് ബൈഡന് നന്ദി പറഞ്ഞ് നെതന്യാഹു
ഗസ്സയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ യുഎസിൽ സമ്മർദം ശക്തമാകുന്നതിനിടെയാണ് നെതന്യാഹുവിന്‍റെ വൈറ്റ് ഹൗസ് സന്ദർശനം
വാഷിങ്ടണ്‍: ഗസ്സയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ യു.എസിൽ സമ്മർദം ശക്തമാകുന്നതിനിടെ വൈറ്റ് ഹൗസ് സന്ദർശിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വെടിനിർത്തൽ ഉടമ്പടി ഇസ്രായേലും ഹമാസും ഉടൻ അംഗീകരിക്കണമെന്ന് ബൈഡൻ ആവശ്യപ്പെട്ടതായി വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി അറിയിച്ചു. കഴിഞ്ഞ 50 വർഷമായി ഇസ്രായേലിനൊപ്പം നിന്ന ബൈഡന് നെതന്യാഹു നന്ദി പറഞ്ഞു.
അതേസമയം, ഗസ്സയിലെ ഗുരുതരമായ മാനുഷിക ദുരന്തത്തിൽ നിന്ന് മുഖം തിരിക്കാനാകില്ലെന്ന് യു.എസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ്. നെതന്യാഹുവുമായി വൈറ്റ് ഹൗസിൽവെച്ച് നടന്ന ചർച്ച ഫലപ്രദമായിരുന്നു എന്നറിയിച്ചതിന് പിന്നാലെ വെടിനിർത്തൽ ഉടമ്പടിക്കും കമല ഹാരിസ് ആഹ്വാനം ചെയ്തു. ഗസ്സയിലെ മനുഷ്യരുടെ യാതനകളിൽ താൻ നിശബ്ദയായിരിക്കില്ല.
എന്നാൽ ഇസ്രായേലിന് സ്വയംപ്രതിരോധത്തിന് അവകാശമുണ്ടെന്നും അത് അവർ എങ്ങനെ ചെയ്യുന്നു എന്നതാണ് വിഷയമെന്നും കമല പറഞ്ഞു. യുഎസ് വൈസ് പ്രസിഡന്‍റ് എന്ന് നിലയിൽ ഇസ്രായേലിനോട് തനിക്ക് പ്രതിബദ്ധതയുണ്ടെന്നും കമല വ്യക്തമാക്കി. യുഎസ് പ്രസിഡന്റുമായുള്ള നെതന്യാഹുവിന്റെ കൂടിക്കാഴ്ചക്കെതിരെ വൈറ്റ് ഹൗസിന് പുറത്തെ തെരുവിൽ പ്രതിഷേധക്കാർ ചുവന്ന പെയിന്‍റ് ഒഴിച്ച് പ്രതിഷേധിച്ചു.
നെതന്യാഹുവിനും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരായ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ് അഭ്യർഥനയോടുള്ള എതിർപ്പ് ബ്രിട്ടൻ പിൻവലിച്ചേക്കുമെന്ന് റിപ്പോർട്ട്. ഈ വാരം അവസാനത്തോടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറുടെ പുതിയ നീക്കം ഫലസ്തീൻ അനുകൂലികളുടെ പിന്തുണ നേടാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.