കശ്മീര്‍ പ്രശ്‌നത്തില്‍ അമേരിക്കന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് പാകിസ്താന്‍
ജമ്മു കശ്മീര്‍ വിഷയം ആഗോള വേദിയില്‍ ഉന്നയിക്കുന്നതിനോട് തുടക്കം മുതല്‍ ഇന്ത്യ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
കശ്മീര്‍ പ്രശ്‌നത്തില്‍ അമേരിക്കന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പ്രശ്‌നപരിഹാരത്തിന് അമേരിക്ക മുന്‍കൈയ്യെടുത്താല്‍ പരിഹാരം ഉണ്ടാകുമെന്ന് അമേരിക്കന്‍ വാര്‍ത്ത വെബ്‌സൈറ്റായ അക്‌സിയസിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
2019 ആഗസ്റ്റ് അഞ്ചിന് കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുമാറ്റിയത് മുതല്‍ കശ്മീരില്‍ വിദേശ ഇടപെടലിന് പാകിസ്താന്‍ സമ്മര്‍ദം ചെലുത്തി വരുന്നുണ്ട്. യു.എന്‍ രക്ഷാസമിതി പ്രമേയം പ്രകാരം കശ്മീര്‍ തര്‍ക്കപ്രദേശമാണ്. കശ്മീരിന്റെ ഭാവി തീരുമാനിക്കാന്‍ കശ്മീരികള്‍ക്ക് അവസരം ഉണ്ടാകണമെന്നും, എന്നാല്‍ അത് നടക്കുന്നില്ലെന്നും ഇമ്രാന്‍ ഖാന്‍ അഭിമുഖത്തില്‍ പറഞ്ഞു.
Pakistan Prime Minister Imran Khan asks @jonathanvswan why the West focuses on the genocide of Muslims in China's Xinjiang province and not the atrocities in Kashmir.
— Axios (@axios) June 21, 2021
Khan: "Why are the people of Kashmir ignored? It is much more relevant." #AxiosOnHBO pic.twitter.com/jTeXrKKEgv
കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നില്ല. ഉയിഗൂര്‍ മുസ്‍ലിങ്ങള്‍ക്ക് നേരെ ചൈന നടത്തുന്ന അക്രമങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍, കശ്മീരില്‍ നടക്കുന്ന അക്രമങ്ങള്‍ അവഗണിക്കുന്നു. ആയിരങ്ങള്‍ കൊല്ലപ്പെടുന്നു. കശ്മീര്‍ തുറന്ന ജയില്‍ ആണെന്നും ഇമ്രാന്‍ ഖാന്‍ അഭിമുഖത്തില്‍ പറഞ്ഞു.
പാകിസ്താന്‍ ആണവായുധ ശേഖരം വര്‍ധിപ്പിക്കുന്നതിനെ കുറിച്ചുള്ള ചോദ്യം ഇമ്രാന്‍ ഖാന്‍ തള്ളി. ആണവായുധം രാജ്യത്തിന്റെ സ്വയരക്ഷക്കാണ്. കശ്മീരില്‍ പരിഹാരം ഉണ്ടാകുന്ന നിമിഷം മേഖലയില്‍ സമാധാനമുണ്ടാവുകയും ആണവായുധങ്ങളെ പറ്റി ആശങ്കപ്പെടേണ്ടതില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
ജമ്മു കശ്മീര്‍ വിഷയം ആഗോള വേദിയില്‍ ഉന്നയിക്കുന്നതിനോട് തുടക്കം മുതല്‍ ഇന്ത്യ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും, കശ്മീര്‍ പ്രശ്‌നം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നുമാണ് രാജ്യത്തിന്റെ നയം.