അഫ്ഗാനിലെ യു.എസ് ഡ്രോണ്‍ ആക്രമണം; കൊല്ലപ്പെട്ടത് സന്നദ്ധപ്രവര്‍ത്തകനും കുടുംബവുമെന്ന് റിപ്പോര്‍ട്ട്
കൊല്ലപ്പെട്ട പത്തുപേരില്‍ ഏഴുപേരും കുട്ടികളാണെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതിനു ശേഷം ഏറ്റവും ഒടുവില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് യു.എസ് എയ്ഡ് ഗ്രൂപ്പിലെ സന്നദ്ധപ്രവര്‍ത്തകനും കുടുംബവുമെന്ന് റിപ്പോര്‍ട്ട്. ഇലക്ട്രിക്കല്‍ എഞ്ചിനിയറായ 43കാരന്‍ സെമാരി അഹ്മദിയും കുടുംബവുമാണ് മരിച്ചതെന്നാണ് വിഡിയോ ദൃശ്യങ്ങൾ വിലയിരുത്തി ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മരിച്ചവരില്‍ ഏഴു പേര്‍ കുട്ടികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂട്രീഷന്‍ ആന്‍ഡ് എജുക്കേഷന്‍ ഇന്റര്‍നാഷനല്‍ (എന്‍.ഇ.ഐ) എന്ന ദുരിതാശ്വാസ സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നു സെമാരി അഹ്മദി. ആക്രമണം നടന്ന ദിവസം വെള്ളം ശേഖരിക്കാനാണ് വിമാനത്താവളത്തിലേക്കുള്ള വഴിയില്‍ അഹ്മദിയുടെ വാഹനം വിവിധ സ്ഥലങ്ങളില്‍ നിര്‍ത്തിയത്. കാറിലുണ്ടായിരുന്നത് സ്ഫോടക വസ്തുക്കളായിരുന്നില്ലെന്നും ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നു.
കാബൂള്‍ വിമാനത്താവളത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ നൂറിലധികം സാധാരണക്കാരും 13 അമേരിക്കന്‍ സൈനികരും കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഐ.എസ് ചാവേറിനെ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയത്. റീപര്‍ ഡ്രോണില്‍ നിന്നുള്ള ഹെല്‍ഫയര്‍ മിസൈല്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. കൊല്ലപ്പെട്ടയാളുടെ പേരുവിവരങ്ങള്‍ അറിയില്ലെന്നും എന്നാല്‍, ഐ.എസിന്റെ അഫ്ഗാന്‍ ഘടകത്തിന്റെ പ്രവര്‍ത്തകനാണെന്നുമായിരുന്നു അമേരിക്കന്‍ സൈന്യത്തിന്റെ വിശദീകരണം.