ഇബ്റാഹിം റഈസിക്ക് കണ്ണീരോടെ വിടനൽകി ഇറാൻ ജനത; അന്ത്യ വിശ്രമം ജന്മദേശത്ത്
വിവിധ സൈനിക വിഭാഗങ്ങളുടെ മേധാവികളും ആത്മീയ നേതാക്കളും സംസ്കാരവേളയിൽ സന്നിഹിതരായിരുന്നു
തെഹ്റാന്‍: ഹെലികോപ്ടർ അപകടത്തിൽ മരിച്ച പ്രസിഡൻറ് ഇബ്രാഹിം റഈസിക്ക് കണ്ണീരോടെ വിടനൽകി ഇറാൻ ജനത. പതിനായിരങ്ങളുടെ കണ്ണീർപ്രാർഥനകൾ നിറഞ്ഞ അന്തരീക്ഷത്തിൽ ജന്മദേശമായ മസ്ഹദിലെ ഇമാം റിസ മസ്ജിദ് ഖബർസ്ഥാനിലാണ് റഈസിയുടെ അന്ത്യവിശ്രമം.
ഇറാൻ വിപ്ലവനായകൻ ആയത്തുല്ല ഖുമൈനിക്ക് നൽകിയ വിടവാങ്ങലിനെ അനുസ്മരിപ്പിക്കും വിധം ജനലക്ഷങ്ങൾ അണിചേർന്ന വിലാപ യാത്രാ ചടങ്ങുകൾക്ക് പിന്നാലെയായിരുന്നു മസ്ഹദ് നഗരത്തിൽ ഇബ്രാഹിം റഈസിയുടെ ഖബറടക്കം. പ്രിയനേതാവിന്റെ മൃതദേഹം മണ്ണിലേക്ക് ഇറക്കി വെക്കവെ, ആയിരങ്ങൾ കണ്ണീരടക്കാൻ പാടുപെട്ടു. വിവിധ സൈനിക വിഭാഗങ്ങളുടെ മേധാവികളും ആത്മീയ നേതാക്കളും സംസ്കാരവേളയിൽ സന്നിഹിതരായിരുന്നു.
ബുധനാഴ്ച തെഹ്റാനിലെ ആസാദി ചത്വരത്തിൽ പതിനായിരങ്ങൾ പങ്കെടുത്ത മയ്യത്ത് നമസ്കാര ചടങ്ങിനെ തുടർന്നാണ് മൃതദേഹം വിമാന മാർഗം മശ്ഹദിലെത്തിച്ചത്. മശ്ഹദിലെ വിദേശ നയതന്ത്ര പ്രതിനിധികളും അയൽ രാജ്യങ്ങളിൽനിന്നുള്ള നേതാക്കളും ഖബറടക്ക ചടങ്ങിൽ പങ്കെടുത്തു. ഇടക്കാല പ്രസിഡന്റ് മുഹമ്മദ് മുഖ്ബറും ചടങ്ങിൽ പങ്കെടുത്തു. ഇന്നലെ രാവിലെ കിഴക്കൻ നഗരമായ ബിർജാൻഡിൽ നടന്ന വിലാപ യാത്രയിൽ ആയിരങ്ങൾ പ്രിയ നേതാവിന് അന്ത്യോപചാരം അർപ്പിക്കാനെത്തി.
വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാെന്റയും അപകടത്തിൽ മരണപ്പെട്ട മറ്റുള്ളവരുടെയും ഖബറടക്ക ചടങ്ങ് തെഹ്റാൻ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിലായാണ് നടന്നത്. ഇബ്രാഹിം റഈസിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാനുമടക്കം എട്ടുപേർ സഞ്ചരിച്ച ഹെലികോപ്ടർ ഞായറാഴ്ച ഉച്ചയോടെയാണ് അസർബൈജാൻ അതിർത്തിയിലെ ജുൽഫയിലെ വനമേഖലയിൽ തകർന്നുവീണത്. അപകടത്തെ കുറിച്ച ഉന്നതതല അന്വേഷണം തുടരുകയാണ്. തകർന്ന അവശിഷ്ടങ്ങളിൽ വെടിയുണ്ട ഉൾപ്പെടെ ഒന്നും കണ്ടെത്താനായില്ല. ലക്ഷ്യദിശയിൽ നിന്ന് ഹെലികോപ്ടർ വ്യതിചലിക്കുകയോ മലയിൽ ഇടിച്ച് തീപിടിക്കുകയോ ചെയ്തില്ലെന്നും അന്വേഷണ സമിതി വ്യക്തമാക്കി.
അധികം വൈകാതെ റിപ്പോർട്ട് പുറത്തു വരുന്നതോടെയാകും ഇതു സംബന്ധിച്ച ദുരൂഹതകൾ പൂർണമായും അവസാനിക്കുക. ജൂൺ 28ന് പുതിയ പ്രസിഡൻറിന്‍റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കും ഇറാൻ തുടക്കം കുറിച്ചു.