'തിരിച്ചടി സർവസന്നാഹങ്ങളും ഉപയോഗിച്ച്, സങ്കൽപിക്കാനാകാത്ത പ്രത്യാഘാതം നേരിടേണ്ടിവരും'; ഇസ്രായേലിന് ഇറാന്റെ മുന്നറിയിപ്പ്

ഇറാനെതിരായ ആക്രമണത്തിന് തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിച്ചതിനെതിരെ ഇറാഖ് ഐക്യരാഷ്ട്രസഭയെ സമീപിച്ചിട്ടുണ്ട്

Update: 2024-10-28 09:15 GMT
Editor : Shaheer | By : Web Desk
Advertising

തെഹ്‌റാൻ: ഇസ്രായേൽ ആക്രമണത്തിനു ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന സൂചന നൽകി ഇറാൻ. ലഭ്യമായ എല്ലാ ആയുധങ്ങളും ഉപയോഗിച്ചായിരിക്കും പ്രത്യാക്രമണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മാഈൽ ബാഗേയി അറിയിച്ചു. പ്രത്യാഘാതങ്ങൾ കയ്‌പേറിയതായിരിക്കുമെന്നാണ് ഇറാൻ വിപ്ലവ ഗാർഡിലെ(ഐആർജിസി) മുതിർന്ന കമാൻഡർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, ലക്ഷ്യസ്ഥാനങ്ങളെ കുറിച്ച് മുൻകൂട്ടി ഇറാനു വിവരം നൽകിയതായുള്ള റിപ്പോർട്ടുകൾ ഇസ്രായേൽ തള്ളി.

ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഐആർജിസി കമാൻഡർ ഹുസൈൻ സലാമി മുന്നറിയിപ്പ് നൽകി. സങ്കൽപിക്കാനാകാത്ത പ്രത്യാഘാതമായിരിക്കും ഇസ്രായേൽ അനുഭവിക്കേണ്ടിവരികയെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ആക്രമണത്തിലൂടെ ഇസ്രായേലിന് അവരുടെ ലക്ഷ്യങ്ങളൊന്നും കൈവരിക്കാനായിട്ടില്ല. ഗസ്സയിലും ലബനാനിലുമുള്ള ഇസ്‌ലാമിക പ്രതിരോധ മുന്നണിയോട് ഏറ്റുമുട്ടി നിൽക്കാനാകാത്തതിന്റെ നിരാശയും പിഴച്ച കണക്കുകൂട്ടലുകളുമാണ് സയണിസ്റ്റ് ഭരണകൂടത്തിന്റെ നിയമവിരുദ്ധമായ ആക്രമണം കാണിക്കുന്നതെന്നും ഹുസൈൻ സലാമി പറഞ്ഞു.

ഒക്ടോബർ ഒന്നിലെ മിസൈൽ ആക്രമണത്തിനു തിരിച്ചടിയായി 25നനായിരുന്നു ഇസ്രായേലിന്റെ വ്യോമാക്രമണം. പുലർച്ചെ രണ്ടു മണിയോടെ ആരംഭിച്ച ആക്രമണം ഏതാനും മണിക്കൂറുകൾ നീണ്ടുനിന്നു. തലസ്ഥാനമായ തെഹ്‌റാനിലും പടിഞ്ഞാറൻ ഇറാനിലുമുള്ള വിവിധ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. യുദ്ധവിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. തങ്ങളുടെ നാലു സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ഭൂരിഭാഗം മിസൈലുകളും ബോംബുകളും വ്യോമപ്രതിരോധ സംവിധാനം തകർത്തെന്നും ഇസ്രായേലിനു ലക്ഷ്യം നേടനായിട്ടില്ലെന്നും ഇറാൻ സൈന്യം പ്രതികരിച്ചു.

ഇറാനെതിരായ ആക്രമണത്തിന് തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിച്ചതിൽ ഇറാഖ് ഐക്യരാഷ്ട്രസഭയ്ക്കു പരാതി നൽകിയിട്ടുണ്ട്. തുർക്കിയുടെ വ്യോമാതിർത്തിയും ഇസ്രായേൽ ലംഘിച്ചതായി റിപ്പോർട്ടുകളുണ്ട്.

Summary: Iran says it will use all available tools to respond to Israel’s attack, and warns Israel of ‘bitter consequences’

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News