'വിപ്ലവ ഗാർഡിനു പുറമെ ആർടെഷും ഇറങ്ങും; ഇസ്രായേലിനെതിരെ അതിശക്തവും സങ്കീർണവുമായ ആക്രമണം'-അറബ് രാജ്യങ്ങളോട് ഇറാന്‍
ഇറാൻ വിപ്ലവ ഗാർഡിനു പുറമെ പരമ്പരാഗത സേനയായ ആർടെഷും ആക്രമണത്തില്‍ പങ്കാളികളാകുമെന്നാണ് ഇറാന്‍ നല്‍കുന്ന സൂചന
തെഹ്‌റാൻ: കൂടുതൽ കരുത്തേറിയ ആയുധങ്ങളുമായി അതിശക്തവും സങ്കീർണവുമായ ആക്രമണത്തിനാണ് തങ്ങൾ ഒരുങ്ങുന്നതെന്ന് അറബ് രാജ്യങ്ങൾക്കു സൂചന നൽകി ഇറാൻ. മിസൈലുകളും ഡ്രോണുകളും മാത്രമായിരിക്കില്ല ഇത്തവണ ഉപയോഗിക്കുകയെന്നാണു വെളിപ്പെടുത്തൽ. ഇറാൻ-അറബ് വൃത്തങ്ങളെ ഉദ്ധരിച്ച് 'ദി വാൾസ്ട്രീറ്റ് ജേണൽ' ആണ് വാർത്ത പുറത്തുവിട്ടത്.
ഒക്ടോബർ 26ലെ ഇസ്രായേൽ ആക്രമണത്തിനു തിരിച്ചടിയായാണ് ഇറാൻ ആക്രമണത്തിനൊരുങ്ങുന്നത്. ഇറാൻ വിപ്ലവ ഗാർഡ് മാത്രമാകില്ല, തങ്ങളുടെ പരമ്പരാഗത സേനയും പ്രത്യാക്രമണത്തിൽ പങ്കെടുക്കുമെന്നാണ് അറബ് നയതന്ത്ര പ്രതിനിധികളെ ഇറാൻ അറിയിച്ചത്. അതിർത്തിരക്ഷാ ചുമതല ഉൾപ്പെടെ വഹിക്കുന്ന ആർടെഷ്(ഇസ്‌ലാമിക് റിപബ്ലിക് ഓഫ് ഇറാൻ ആർമി) സേനയെയും കളത്തിലിറക്കുമെന്നാണു സൂചന.
'സങ്കീർണവും ശക്തവു'മായ ആക്രമണമായിരിക്കുമെന്നാണ് ഇറാൻ മുന്നറിയിപ്പ് നൽകിയതെന്നാണ് ഈജിപ്ത് വൃത്തം വെളിപ്പെടുത്തിയത്. ഇസ്രായേൽ ആക്രമണത്തിൽ നാല് സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടിരുന്നു. ഇതാണ് ഇറാൻ കൂടുതൽ ശക്തമായ തിരിച്ചടിക്കു ന്യായമായി പറയുന്നത്. ഞങ്ങളുടെ മനുഷ്യർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. അതിനാൽ തിരിച്ചടിയില്ലാതെ പറ്റില്ലെന്നാണ് ഇറാൻ അറിയിച്ചത്.
ഏപ്രിൽ 13നും ഒക്ടോബർ ഒന്നിനും ഇറാൻ ഇസ്രായേലിനെ ആക്രമിച്ചത് പ്രധാനമായും മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു. എന്നാൽ, ഇഇത്തവണ ആക്രമണം അതിൽ ഒതുങ്ങില്ലെന്നാണു മുന്നറിയിപ്പ്. മിസൈലുകളും ഇതുവരെ ഉപയോഗിച്ചതിനെക്കാളും കരുത്തേറിയതാകും. മധ്യദൂര ബാലിസ്റ്റിക് മിസൈലുകളായ ഇമാദും ഖദറുമായിരുന്നു ഒക്ടോബർ ഒന്നിന് ഉപയോഗിച്ചത്. ഇതോടൊപ്പം പുതിയ മിസൈലുകളായ ഖൈബർ ഷെകാനും ഫത്തഹും ഇസ്രായേലിലെത്തിയിരുന്നു.
ഇതോടൊപ്പം, യുഎസ് പ്രസിഡന്റിനു മുൻപ് ആക്രമണമുണ്ടാകില്ലെന്നും സൂചനയുണ്ട്. ആക്രമണം തെരഞ്ഞെടുപ്പിൽ സ്വാധീനിക്കുന്ന സാഹചര്യമുണ്ടാകരുതെന്നാണ് ഇറാന്റെ നിലപാടെന്ന് 'വാൾസ്ട്രീറ്റ്' റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് സമാപിച്ച ശേഷമേ എന്തായാലും ആക്രമണമുണ്ടാകൂ. എന്നാൽ, ജനുവരിയിൽ പുതിയ പ്രസിഡന്റ് അധികാരമേൽക്കുന്നതു വരെ കാത്തിരിക്കുകയുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Summary: Iran vows a ‘strong and complex’ attack on Israel, warns regional Arab diplomats