'യുഎസ് സംവിധാനങ്ങള്‍ക്ക് നിങ്ങളെ രക്ഷിക്കാനാവില്ല'; ഇസ്രായേലിനോട് ഇറാന്‍ സൈനിക മേധാവി

ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട ഭരണകൂടങ്ങളിലൊന്നായി ഇസ്രായേൽ മാറിയെന്ന് ഹുസൈൻ സലാമി

Update: 2024-10-25 10:14 GMT
Editor : ദിവ്യ വി | By : Web Desk
Advertising

തെഹ്‌റാൻ: ഇസ്രായേലിനെയും യു.എസിനേയും കടന്നാക്രമിച്ച് ഇറാൻ റവല്യൂഷണറി ഗാർഡ് മേധാവി ഹുസൈൻ സലാമി. ഇസ്രായേൽ സ്വയം തകർന്നടിഞ്ഞ് ആത്മഹത്യയുടെ വക്കിലാണെന്നും സയണിസ്റ്റ് അസ്തിത്വം സ്വന്തം ശവക്കുഴി തോണ്ടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട ഭരണകൂടങ്ങളിലൊന്നായി ഇസ്രായേൽ മാറിയിരിക്കുന്നു. യുഎസ് ഉദ്യോഗസ്ഥർ ഒഴികെ ഒരു രാഷ്ട്രീയക്കാരും അവിടം സന്ദർശിക്കാൻ തയ്യാറല്ല. യു.എസിന്‍റെ പ്രതിരോധ സംവിധാനങ്ങൾക്ക് ഇസ്രായേലിനെ സംരക്ഷിക്കാൻ കഴിയില്ലെന്നും സലാമി പറഞ്ഞു.

സയണിസ്റ്റുകൾ ഇപ്പോൾ ചെയ്തുകൂട്ടുന്നതിനെല്ലാം വലിയ വില നൽകേണ്ടി വരും. ഈ ഭൂമുഖത്ത് നിന്ന്തന്നെ അവർ മായ്ക്കപ്പെടും. ക്രൂരമായ നിലപാട് സ്വീകരിക്കുന്ന സയണിസ്റ്റുകൾക്കെതിരെ ലെബനാനിലേയും ഫലസ്തീനിലേയും യുവാക്കൾ സംഘടിക്കും. അവർക്കൊപ്പം ഈ ലോകത്തിന്റെ നാനാതുറയിൽ നിന്നുള്ള യുവാക്കളും അണിനിരക്കുമെന്നും അദ്ദേഹം പറഞ്ഞു.

സയണിസ്റ്റുകളെ തകർക്കുമെന്ന് ആവർത്തിച്ച് പറഞ്ഞ സലാമി, ശത്രുക്കളെ തങ്ങൾക്ക് ഭയമില്ലെന്നും സ്വയം ആത്മവിശ്വാസം സൂക്ഷിക്കുന്നവരാണ് തങ്ങളെന്നും പ്രതികരിച്ചു. അതേസമയം ഇതിനു മുമ്പും ഇസ്രായേലിനെതിരെ സലാമി മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന്റെ ഏതെങ്കിലും ഒരു പോയിന്റിൽ ആക്രമണം നടത്തിയാൽ ഇസ്രായേലിനെ തകർക്കുമെന്നായിരുന്നു മുന്നറിയിപ്പ്.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News