ഇറാൻ ആണവായുധ കേന്ദ്രത്തിനെതിരെ ആക്രമണ ഭീഷണിയുമായി ഇസ്രായേൽ
ആക്രമണം നടത്തിയാൽ ഇസ്രായേലിൻെറ അവസാനം കുറിക്കുമെന്ന് ഇറാനും താക്കീത് ചെയ്തു.
ഇറാൻ ആണവായുധ കേന്ദ്രത്തിനെതിരെ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഇസ്രായേൽ. സൈനികരോട് ഏതൊരു സാഹചര്യവും നേരിടാൻ സജ്ജമാകണമെന്ന് പ്രതിരോധ മന്ത്രി നിർദേശിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയുമായി ചേർന്ന് സൈനിക പരിശീലനത്തിനും ഇസ്രായേൽ തയാറെടുക്കുന്നതായാണ് റിപ്പോർട്ട്.
എന്തുവില കൊടുത്തും ഇറാന്റെ ആണവ കേന്ദ്രങ്ങൾ അക്രമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇസ്രായേലിന്റെ നീക്കം. കഴിഞ്ഞ ദിവസം അമേരിക്കയിൽ എത്തിയ ഇസ്രായേൽ പ്രതിരോധമന്ത്രി ബെന്നി ഗാൻറ്സ് ഇറാനു മേലുള്ള ഉപരോധം പിൻവലിക്കരുതെന്ന് ബൈഡൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു.
യു.എസ് അനുമതി ലഭിച്ചാൽ ഇറാൻ ആണവ കേന്ദ്രങ്ങളിൽ ആക്രമണത്തിന് സജ്ജമാണെന്നാണ് ഇസ്രായേൽ നിലപാട്. ഇതുമായി ബന്ധപ്പെട്ട് സംയുക്ത സൈനിക പരിശീലനത്തിനും പദ്ധതിയുള്ളതായി റിപ്പോർട്ടുണ്ട്. അതേസമയം ഇസ്രായേലിനെ ലക്ഷ്യം വെച്ച് ഇറാൻെറ പശ്ചിമ പ്രവിശ്യയിൽ സൈനിക വിന്യാസം നടക്കുന്നതായി അമേരിക്ക ആരോപിച്ചു. ആക്രമണം നടത്തിയാൽ അതോടെ ഇസ്രായേലിൻെറ അവസാനം കുറിക്കുമെന്ന് ഇറാനും താക്കീത് ചെയ്തു.
൨൦൧൫ ലെ ആണവ കരാർ പുനസ്ഥാപിക്കാൻ അമേരിക്ക ഒഴികെയുള്ള വൻശക്തി രാജ്യങ്ങളുമായുള്ള വിയന്ന ചർച്ച നിർണായക ഘട്ടത്തിൽ എത്തിനിൽക്കെയാണ് ഇസ്രായേലിന്റെ യുദ്ധഭീഷണി.
2015ൽ രൂപപ്പെടുത്തിയ വ്യവസ്ഥകളിൽ ഊന്നി വേണം കരാറെന്ന ഇറാന്റെ ഉപാധി യു.എസ് തള്ളി. ഈ സാഹചര്യത്തിൽ വിയന്ന ചർച്ച പരാജയപ്പെട്ടാൽ പശ്ചിമേഷ്യൻ സാഹചര്യം കൂടുതൽ സങ്കീർണമായേക്കും.