ഇടതടവില്ലാതെ വ്യോമാക്രമണം; ഇസ്രായേലിന്റെ മിസൈൽ പ്രതിരോധ സംവിധാനം പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്
അമേരിക്കയുടെ സന്നാഹത്തിനും പരിധിയുണ്ടെന്നും യുക്രൈനും ഇസ്രായേലിനും ഒരുപോലെ ആയുധം നൽകാനാകില്ലെന്നും മുൻ യുഎസ് പ്രതിരോധ വൃത്തം ഡാന സ്‌ട്രോൾ
തെൽ അവീവ്: ഇറാനെതിരെ പ്രത്യാക്രമണത്തിന് കോപ്പുകൂട്ടുന്നതിനിടെ ഇസ്രായേലിനു മുന്നിൽ ഭീഷണിയായി വ്യോമപ്രതിരോധ സന്നാഹം. മതിയായ മിസൈൽ-റോക്കറ്റ്-ഡ്രോൺ വേധ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇസ്രായേലിന്റെ കൈയിലില്ലെന്നാണു പുറത്തുവരുന്ന വിവരം. ഇസ്രായേൽ-യുഎസ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ 'ഫിനാൻഷ്യൽ ടൈംസ്' ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.
ടെർമിനൽ ഹൈ-ആൾട്ടിറ്റിയൂഡ് ഏരിയ ഡിഫൻസ്(താഡ്) എന്ന അമേരിക്കയുടെ മിസൈൽവേധ സംവിധാനം ഇസ്രായേലിൽ എത്തിയതായാണു വിവരം. ഇറാനെതിരായ പ്രത്യാക്രമണത്തിനു മുന്നോടിയായാണ് താഡ് തെൽഅവീവിലെത്തിയത്. എന്നാൽ, ഇസ്രായേലിലെ യുദ്ധസാമഗ്രികളുടെ ക്ഷാമം ഗുരുതരമായൊരു വിഷയമാണെന്നാണ് പശ്ചിമേഷ്യൻ ചുമതല വഹിച്ചിരുന്ന മുൻ യുഎസ് പ്രതിരോധ വൃത്തം ഡാന സ്‌ട്രോൾ ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞത്.
ഇസ്രായേൽ ആക്രമണത്തിന് രൂക്ഷമായ വ്യോമാക്രമണവുമായി ഇറാൻ തിരിച്ചടിക്കുന്നതിനൊപ്പം ഹിസ്ബുല്ല കൂടി ഇതിന്റെ ഭാഗമായാൽ ഇസ്രായേലിന്റെ വ്യോമപ്രതിരോധം വിപുലീകരിക്കേണ്ടിവരുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയുടെ സന്നാഹത്തിനും ഒരു പരിധിയുണ്ട്. ഒരേപോലെ യുക്രൈനും ഇസ്രായേലിനും ആയുധം നൽകാൻ അമേരിക്കയ്ക്കാകില്ല. സുപ്രധാനമായൊരു ഘട്ടത്തിലാണ് എത്തിനിൽക്കുന്നതെന്നും ഡാന സ്‌ട്രോൾ വ്യക്തമാക്കി.
ബാലിസ്റ്റിക് മിസൈലുകൾ നിർവീര്യമാക്കാൻ ആശ്രയിക്കുന്ന ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ 'ഏരോ' നിർമിക്കുന്നത് സർക്കാർ സ്ഥാപനമായ ഇസ്രായേൽ എയറോസ്‌പേസ് ഇൻഡസ്ട്രീസ് ആണ്. കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ബോസ് ലെവി പറയുന്നത് അധിക സമയമെടുത്താണ് മിസൈൽവേധ മിസൈലുകൾ ഇപ്പോൾ നിർമിച്ചുകൊണ്ടിരിക്കുന്നതെന്നാണ്. ചില ഫാക്ടറികളിൽ 24 മണിക്കൂറും ആഴ്ചയിൽ ഏഴു ദിവസവും പ്രവർത്തിക്കുന്നുണ്ട്. നിലവിൽ ആവശ്യമുള്ള മിസൈൽവേധ മിസൈലുകൾ കുറഞ്ഞ സമയം കൊണ്ട് നിർമിക്കാനാകില്ല. എത്രമാത്രം മിസൈലുകൾ കൈയിലുണ്ടെന്ന് ഇസ്രായേൽ വെളിപ്പെടുത്തില്ലെങ്കിലും ആയുധശേഖരം ഇനിയും കൂടുതൽ നിറയ്‌ക്കേണ്ടതുണ്ടെന്നതൊരു രഹസ്യമല്ലെന്നും ലെവി പറയുന്നു.
അയേൺ ഡോം, ഡേവിഡ് സ്ലിങ്, ഏരോ എന്നിങ്ങനെ മൂന്ന് തലങ്ങളിലുള്ള മിസൈൽ പ്രതിരോധ സംവിധാനമാണ് ഇസ്രായേലിനുള്ളത്. ഇതിൽ 70 കി.മീറ്റർ ദൂരത്തുനിന്നുള്ള മിസൈലുകളും റോക്കറ്റുകളുമാണ് അയേൺ ഡോമിനു നിർവീര്യമാക്കാൻ സാധിക്കുക. 300 കി.മീറ്റർ ദൂരത്തുനിന്നുള്ള ഹ്രസ്വദൂര മിസൈലുകൾ ഡേവിഡ്‌സ് സ്ലിങ് ഉപയോഗിച്ചാണു തകർക്കുക. അതിനു മുകളിലുള്ള മധ്യദൂര മിസൈലുകളും 2,400 കി.മീറ്റർ വരെ ദൂരത്തുനിന്നുള്ള ദീർഘദൂര മിസൈലുകളും ഏരോ 2, ഏരോ 3 സംവിധാനങ്ങൾ ഉപയോഗിച്ചാണു നിർവീര്യമാക്കാൻ ശ്രമിക്കുന്നത്.
ഗസ്സയിൽനിന്നുള്ള ഹമാസ് റോക്കറ്റുകളെ തകർക്കാനാണ് അയേൺ ഡോം ഇതുവരെ ഉപയോഗിച്ചിരുന്നത്. ഡേവിഡ്‌സ് സ്ലിങ് ലബനാനിൽനിന്നുള്ള റോക്കറ്റുകൾ നിർവീര്യമാക്കാനും ഉപയോഗിച്ചുവരുന്നു. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളെ ചെറുക്കാൻ ഇറക്കിയത് ഏരോ സംവിധാനമായിരുന്നു. യമനിൽനിന്നുള്ള ഹൂതി ആക്രമണത്തിനും ഇറാഖിൽനിന്നുള്ള ആക്രമണത്തിനുമെതിരെയെല്ലാം ഇതേ സംവിധാനം തന്നെയാണ് ഉപയോഗിക്കുന്നത്.
കഴിഞ്ഞ ഏപ്രിലിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിനെതിരെ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് 99 ശതമാനം വിജയം കാണാനായെന്നാണ് ഇസ്രായേൽ അവകാശപ്പെട്ടിരുന്നത്. അന്ന് 170 ഡ്രോണുകളും 30 ക്രൂയിസ് മിസൈലുകളും 120 ബാലിസ്റ്റിക് മിസൈലുകളുമാണ് ഇറാൻ അയച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ ഒന്നിനു നടന്ന രണ്ടാം ആക്രമണത്തിനു മുന്നിൽ ഇസ്രായേൽ വ്യോമപ്രതിരോധ സംവിധാനങ്ങൾക്കും പിടിച്ചുനിൽക്കാനായില്ല. 30ലേറെ മിസൈലുകളാണ് അതീവസുരക്ഷാ മേഖലയായ ഇസ്രായേലിന്റെ നെവാറ്റിം വ്യോമതാവളത്തിൽ പതിച്ചത്. ഇവിടെ വലിയ തോതിലുള്ള നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്രായേലിന്റെ അത്യാധുനികമായ മിസൈലുകളും ഡ്രോണുകളുമെല്ലാം ഈ താവളത്തിലാണുള്ളത്. മൊസാദ് ആസ്ഥാനത്തിന്റെ ഏതാനും മീറ്ററുകൾ അകലെയും മിസൈലുകൾ പതിച്ചിരുന്നു.
വടക്കൻ ഇസ്രായേലിൽ ഒരു ദിവസം ഒഴിവില്ലാതെ ലബനാനിൽനിന്ന് മിസൈലുകളും റോക്കറ്റുകളും വർഷിക്കുന്നുണ്ട്. ഗസ്സയിൽനിന്നും പലപ്പോഴായി ഹമാസ് റോക്കറ്റുകളും ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യമിട്ട് എത്തുന്നുണ്ട്. ഇതിനു പുറമെയാണ് ഹൂതികളും ഇറാഖി മിലീഷ്യയും മിസൈലുകളും റോക്കറ്റുകളും അയയ്ക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനകം 20,000ത്തിലേറെ റോക്കറ്റുകളും മിസൈലുകളും അതിർത്തി കടന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിയെന്നാണ് ഔദ്യോഗിക കണക്ക്. അതിർത്തി കടന്നുള്ള വ്യോമാക്രമണം ദിവസവും മുടക്കമില്ലാതെ തുടരുന്നതുകൊണ്ട് വ്യോമപ്രതിരോധം ഇസ്രായേലിനു ദുഷ്‌ക്കരമായിത്തീർന്നിരിക്കുകയാണ്.
Summary: Israel faces potential shortage of interceptor missiles amid Iran threats: Financial Times reports