നെതന്യാഹുവിനെ അയോഗ്യനാക്കുന്നത് തടയാന്‍ നിയമം; ആയിരങ്ങള്‍ തെരുവില്‍

അഴിമതിക്കേസുകളില്‍ വിചാരണ നേരിടുന്ന ഘട്ടത്തില്‍ നെതന്യാഹുവിനെ സംരക്ഷിക്കാനാണ് പുതിയ നിയമമെന്നാണ് പരാതി.

Update: 2023-03-24 06:33 GMT
Advertising

ടെല്‍ അവീവ്: ജുഡീഷ്യറിയെ സര്‍ക്കാരിനു കീഴില്‍ കൊണ്ടുവരികയും സുപ്രിംകോടതിയുടെ അധികാരം നിയന്ത്രിക്കുകയും ചെയ്യുന്ന നിയമ ഭേദഗതികളില്‍ ഒന്നാമത്തേത് ഇസ്രായേല്‍ പാര്‍ലമെന്‍റ് പാസ്സാക്കി. കോടതിയെ നോക്കുകുത്തിയാക്കുന്ന നിയമമാണെന്ന പരാതിയുമായി ആയിരങ്ങള്‍ തെരുവില്‍ പ്രതിഷേധിച്ചു. നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

പുതിയ നിയമം അനുസരിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ സര്‍ക്കാരിനു മാത്രമേ അയോഗ്യനാക്കാനാകൂ. അതും ശാരീരിക, മാനസിക കാരണങ്ങളുണ്ടെങ്കില്‍ മാത്രമേ പുറത്താക്കാവൂ. അഴിമതിക്കേസുകളില്‍ വിചാരണ നേരിടുന്ന ഘട്ടത്തില്‍ നെതന്യാഹുവിനെ സംരക്ഷിക്കാനാണ് പുതിയ നിയമമെന്നാണ് പരാതി. 120 അംഗ സെനറ്റില്‍ 47നെതിരെ 61 വോട്ടുകള്‍ക്കാണ് നിയമം പാസാക്കിയത്.

ജുഡീഷ്യറിയെ നോക്കുകുത്തിയാക്കിയുള്ള പരിഷ്കരണത്തിനെതിരെ രണ്ട് മാസമായി ഇസ്രായേലില്‍ വന്‍പ്രതിഷേധമാണ് നടക്കുന്നത്. നെതന്യാഹു ഏകാധിപതിയെപ്പോലെ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നുവെന്ന് ജനങ്ങള്‍ പ്രതികരിച്ചു. ഇസ്രായേല്‍ പതാകയുമേന്തിയായിരുന്നു ഇന്നലെയും പ്രതിഷേധം. ടെൽ അവീവിലെ പ്രധാന ഹൈവേ പ്രതിഷേധക്കാർ ഉപരോധിച്ചു. അതിനിടെ 'അരാജകത്വം ഉടൻ അവസാനിപ്പിക്കാൻ' നെതന്യാഹു പ്രതിപക്ഷ നേതാക്കളോട് ആവശ്യപ്പെട്ടു. 

നെതന്യാഹു ഭരണകൂടം ലോക സമാധാനത്തിന് ഭീഷണി, നെതന്യാഹുവിൽനിന്ന് ഇസ്രായേൽ ജനാധിപത്യത്തെ സംരക്ഷിക്കണം തുടങ്ങിയ പ്ലക്കാർഡുകളുയർത്തിയാണ് ഒരു മാസത്തിലേറെയായി പ്രതിഷേധം നടക്കുന്നത്. മുൻ പ്രധാനമന്ത്രി യൈർ ലാപിഡ് അടക്കമുള്ള പ്രമുഖർ പ്രതിഷേധത്തിന്റെ മുൻനിരയിലുണ്ട്. ജനാധിപത്യമില്ലാത്ത ഇസ്രായേലിൽ കഴിയാൻ ആഗ്രഹമില്ലാത്തതിനാൽ രാജ്യത്തെ ഞങ്ങൾ തന്നെ രക്ഷിക്കുമെന്ന് ലാപിഡ് പറഞ്ഞു.

കഴിഞ്ഞ നവംബറിൽ നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് നെതന്യാഹു വീണ്ടും ഇസ്രായേൽ പ്രധാനമന്ത്രിയായി അധികാരമേറ്റത്. തീവ്ര വലതുപക്ഷ, തീവ്ര യാഥാസ്ഥിതിക ജൂത പാർട്ടികളുമായി സഖ്യം ചേർന്നായിരുന്നു സർക്കാർ രൂപീകരണം.




Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News