ഇസ്രായേൽ സൈന്യം അൽ-ശിഫ ആശുപത്രിക്കുള്ളിൽ; ഭയന്നുവിറച്ച് രോഗികള്‍
സൈന്യം ആശുപത്രിക്കുള്ളില്‍ കടന്നതോടെ ഭയചകിതരായിരിക്കുകയാണ് രോഗികള്‍
ഗസ്സ: ഇസ്രായേൽ സൈന്യം ഗസ്സയിലെ അൽ-ശിഫ ആശുപത്രിക്കുള്ളിൽ കടന്നു. ഹമാസ് കേന്ദ്രം കണ്ടെത്താനാണ് നടപടിയെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. സൈന്യം ആശുപത്രിക്കുള്ളില്‍ കടന്നതോടെ ഭയചകിതരായിരിക്കുകയാണ് രോഗികള്‍.
ഹമാസ് പോരാളികളെ കണ്ടെത്താന്‍ റെയ്ഡ് നടത്തുകയാണെന്നും എല്ലാവരും കീഴടങ്ങണമെന്നും സൈന്യം ആവശ്യപ്പെട്ടു. പ്രാദേശിക സമയം പുലർച്ചെ 1 മണിക്കാണ് ഇസ്രായേല്‍ ആശുപത്രിയില്‍ അതിക്രമിച്ചു കയറിയതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. അല്‍ ശിഫ ആശുപത്രി താവളമാക്കിയെന്ന ആരോപണങ്ങള്‍ ഹമാസ് നേരത്തെ നിഷേധിച്ചിരുന്നുവെങ്കിലും തങ്ങളുടെ ഇന്‍റലിജന്‍സ് വിഭാഗം ഇസ്രായേലിന്‍റെ നിഗമനങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് യുഎസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ''ഇന്‍റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ അല്‍-ശിഫ ആശുപത്രിയിലെ ഒരു നിർദ്ദിഷ്ട പ്രദേശത്ത് ഹമാസിനെതിരെ ഐഡിഎഫ് സേന കൃത്യവും ലക്ഷ്യബോധമുള്ളതുമായ ഓപ്പറേഷൻ നടത്തുന്നു. ഹമാസിനെ പരാജയപ്പെടുത്താനും നമ്മുടെ ബന്ദികളെ രക്ഷപ്പെടുത്താനും ഐഡിഎഫ് ഗാസയിൽ ഒരു ഗ്രൗണ്ട് ഓപ്പറേഷൻ നടത്തുന്നു'' ഇസ്രായേല്‍ അറിയിച്ചു.
രോഗികളും അഭയാർഥികളുമായി ആയിരങ്ങളാണ് അല്‍-ശിഫയില്‍ തമ്പടിച്ചിരിക്കുന്നത്. ഇസ്രായേൽ കൊന്നൊടുക്കിയ 179 ഫലസ്തീനികളെ ആശുപത്രി വളപ്പിൽ തന്നെ ഇന്നലെ കൂട്ടക്കുഴിമാടമൊരുക്കി ഖബറടക്കിയതിനു തൊട്ടുപിന്നാലെയാണ് എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ആക്രമണം. ബന്ദികളുടെ മോചന ചർച്ചയെ കുറിച്ച് തൽക്കാലം ഒന്നും പറയാനാകില്ലെന്ന് അമേരിക്കയും ഇസ്രായേലും പ്രതികരിച്ചു.
ഇന്ധനം തീർന്ന് ഇരുട്ടിലായ ആശുപത്രിയിൽ ഇൻകുബേറ്ററിൽ കഴിഞ്ഞിരുന്ന ഏഴ് കുഞ്ഞുങ്ങളും അത്യാഹിത വിഭാഗത്തിലെ 29 രോഗികളും കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങിയിരുന്നു. ബോംബിങ്ങിലും വെടിവെപ്പിലും കൊല്ലപ്പെട്ടവരുടേതടക്കമുള്ള മൃതദേഹങ്ങൾ സംസ്കരിക്കാനാകാതെ ആശുപത്രി വളപ്പിൽ അഴുകിയ നിലയിലായിരുന്നു. ഇവ പുറത്തേക്കു മാറ്റാൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ആശുപത്രി വളപ്പിൽ തന്നെ കൂട്ട ഖബറിടമൊരുക്കിയതെന്ന്അൽ ശിഫ ഡയറക്ടർ മുഹമ്മദ് അബൂ സാൽമിയ പറഞ്ഞു.