ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റുല്ല കൊല്ലപ്പെട്ടോ? ഇസ്രായേൽ ബോംബാക്രമണത്തിൽ സംഭവിച്ചതെന്ത്

ആ​ക്രമണസമയത്ത് ഹസൻ നസ്‌റുല്ല ആസ്ഥാനത്ത് ഉണ്ടായിരുന്നുവെന്ന് ഇസ്രായേൽ അവകാശപ്പെട്ടു

Update: 2024-09-28 06:36 GMT
Advertising

ജെറുസലേം: ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റുല്ലയെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ബോംബാക്രണത്തിൽ 300 ലേറെ ​പേർ കൊല്ല​പ്പെട്ടതായി ഇസ്രായേൽ മാധ്യമമായ ഹാരറ്റ്സ് റിപ്പോർട്ട് ചെയ്യുന്നു. ആ​ക്രമണസമയത്ത് ഹസൻ നസ്‌റുല്ല ആസ്ഥാനത്ത് ഉണ്ടായിരുന്നുവെന്നും മറ്റ് രണ്ട് മുതിർന്ന ഹിസ്ബുല്ല കമാൻഡർമാർ കൊല്ലപ്പെട്ടതായും ഇസ്രായേൽ അവകാശപ്പെട്ടു. 300 ഓളം പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.

ബോംബ് സ്‌ഫോടനം നടക്കുമ്പോൾ ഹസൻ നസ്റുല്ല ആസ്ഥാനത്തുണ്ടായിരുന്നുവെന്നും ഗുരുതരമായി പരിക്കേറ്റതായും സൈന്യം വ്യക്തമാക്കി. സംഘടനയുടെ തെക്കൻ മേഖല കമാൻഡർ അലി കരാക്കിയും സിറിയയിലെയും ലെബനനിലെയും ഖുദ്‌സ് ഫോഴ്‌സിന്റെ കമാൻഡറുമായ അബ്ബാസ് നിൽഫൊറൂഷാൻ എന്നിവർ കൊല്ലപ്പെട്ടതായി സൈന്യം അവകാശപ്പെട്ടു.

ഇസ്രായേലി പ്രതിരോധ ഉദ്യോഗസ്ഥരുടെ കണക്കുകൾ പ്രകാരം വ്യോമസേനയുടെ ആക്രമണത്തിൽ 300 ഓളം പേർ കൊല്ലപ്പെട്ടു. സമീപത്തെ കെട്ടിടങ്ങളിൽ താമസിച്ചിരുന്നവരും കൊല്ലപ്പെട്ടിട്ടുണ്ട്. ജനവാസകേന്ദ്രങ്ങളിലെ കെട്ടിടങ്ങൾക്ക് താ​ഴെയാണ് ഹിസ്ബുല്ല ആസ്ഥാനമെന്നും അതാണ് ലക്ഷ്യമിട്ടതെന്നും ഐഡിഎഫ് വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു.

ഇസ്രായേൽ ആക്രമണമുണ്ടായെങ്കിലും ഹസൻ നസ്‌റുല്ല ആക്രമണത്തെ അതിജീവിച്ചതായി ഹിസ്ബുല്ല വക്താവ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഹസൻ നസ്റുല്ല സുരക്ഷിതനാണെന്ന് അൽ-അറബിയയും അൽ-ഹദത്തും ഉൾപ്പെടെയുള്ള മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

ഹസൻ നസ്റുല്ലയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭിച്ചതിന് ശേഷമാകും ഇസ്രായേൽ വ്യാപകമായി ബോംബാക്രമണം നടത്തിയതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് ഇന്നലെ നടന്നതെന്ന് ലബനാൻ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആറ് കെട്ടിടങ്ങൾ പൂർണമായും തകർന്നതായി അറബ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കെട്ടിടങ്ങളിൽ നിറയെ ആളുകളുണ്ടായിരുന്നുവെന്ന് ലബനാൻ ആരോഗ്യമന്ത്രി പറഞ്ഞു. ബൈറൂത്തിലെ ആശുപത്രികളിൽ രക്തം ദാനം ചെയ്യാൻ പൊതുജനങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു. 

അതേസമയം താമസസ്ഥലങ്ങളിൽ നടത്തിയ ബോംബാക്രമത്തിൽ കുട്ടികളടക്കം നിരവധി പേർ കൊല്ലപ്പെട്ടതായാണ് വിവരം. നൂറ് കണക്കിനാളുകൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിരവധി കെട്ടിടങ്ങൾ നിലംപൊത്തി. ബൈറൂത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ തുടർച്ചയായി ഇസ്രായേൽ ബോംബാക്രമണം നടത്തുകയായിരുന്നു. വ്യാപകമായി ബോംബാക്രമണം നടന്ന ദാഹിയ പട്ടണത്തിലേക്ക് ആംബുലൻസുകൾക്ക് പോലും എത്തിച്ചേരാൻ കഴിഞ്ഞില്ല.

മരണസംഖ്യകുത്തനെ വർദ്ധിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തിങ്കളാഴ്ച മുതൽ ലബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 700-ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഹിസ്ബുല്ലയുടെ കമാൻഡ് സെന്റർ, ആയുധ ഡിപ്പോകൾ എന്നിവ ലക്ഷ്യമിട്ടാണ് ബോംബാക്രമണം നടത്തിയതെന്ന് ഇസ്രായേൽ അവകാശപ്പെട്ടെങ്കിലും ജനവാസമേഖലയിലാണ് ആക്രമണം നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദാഹിയയിൽ നിന്ന് ആയിരങ്ങളാണ് പലായനം ചെയ്യുന്നത്.

ബൈറൂത്തിലെ മാധ്യമപ്രവർത്തകനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നതിങ്ങനെയാണ്. ‘ഹിസ്ബുല്ലയുടെ കമാൻഡ് സെന്ററോ ആസ്ഥാനമോ എന്നൊന്നില്ല. ഇസ്രായേൽ ബോംബാക്രമണത്തിൽ തകർന്നതെല്ലാം ഫ്ലാറ്റുകളും വീടുകളുമാണ്. ആറോ ഏഴോ ബഹുനില കെട്ടിടങ്ങൾ തകർത്തു. ഈ കെട്ടിടങ്ങളിൽ ഹിസ്ബുല്ലയുമായി ബന്ധമുള്ളവർ താമസിക്കുന്നുണ്ടെങ്കിലും ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്. പലരും കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നും അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News