വിദ്വേഷ പ്രസംഗത്തിൽ പൂജാരിയെ പുറത്താക്കി കാനഡ ക്ഷേത്രം; പ്രതിഷേധങ്ങൾക്കു പിന്നാലെ സസ്‌പെൻഷൻ പിൻവലിച്ചു

പൂജാരിയെ പുറത്താക്കിയ ക്ഷേത്രം നടപടിയെ ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ സ്വാഗതം ചെയ്തിരുന്നു

Update: 2024-11-08 08:46 GMT
Editor : Shaheer | By : Web Desk
Advertising

ഒട്ടാവ: ഈ മാസം ആദ്യത്തിൽ കാനഡയിൽ നടന്ന സംഘർഷത്തിനു പിന്നാലെ പൂജാരിക്കെതിരെ നടപടിയുമായി ക്ഷേത്രം. ഒന്റാരിയോയിലെ ബ്രാംപ്ടണിലുള്ള ഹിന്ദു സഭാ ക്ഷേത്രം അധികൃതരാണു പൂജാരിയായ രജീന്ദർ പ്രസാദിനെ പുറത്താക്കിയത്. വിദ്വേഷ പ്രസംഗം നടത്തിയെന്നു കാണിച്ചായിരുന്നു ക്ഷേത്രം പ്രസിഡന്റ് മധുസൂദനൻ ലാമയുടെ നടപടി. പ്രതിഷേധങ്ങൾക്കു പിന്നാലെ സസ്‌പെൻഷൻ പിൻവലിച്ചതായും റിപ്പോർട്ടുണ്ട്.

നവംബർ മൂന്നിനായിരുന്നു സംഭവം നടന്നത്. ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്ത ക്ഷേത്രത്തിലെ ഒരു പരിപാടിയിലേക്ക് ഖലിസ്ഥാനി പതാകകളുമായി ഒരു വിഭാഗം സിഖുകാർ എത്തുകയായിരുന്നു. ക്ഷേത്രത്തിൽ സംഘം ആക്രമണം അഴിച്ചുവിട്ടതായും ആരോപണം ഉയർന്നിരുന്നു. സംഭവത്തിനു പിന്നാലെയാണ് ഹിന്ദു-സിഖ് വിഭാഗങ്ങൾ പരസ്പരം ഏറ്റുമുട്ടിയത്.

അക്രമസംഭവങ്ങൾക്കെതിരെ നടത്തിയ പ്രതിഷേധം കാണിച്ചായിരുന്നു ഹിന്ദു സഭാ ക്ഷേത്രം പൂജാരിക്കെതിരെ നടപടി സ്വീകരിച്ചത്. ഇദ്ദേഹത്തിന്റെ വിദ്വേഷ പ്രസംഗമാണ് അക്രമസംഭവങ്ങളിലേക്കു നയിച്ചതെന്നു പരാതി ഉയർന്നിരുന്നു. എന്നാൽ, രജീന്ദറിനെതിരായ നടപടിയിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനു പിന്നാലെ സസ്‌പെൻഷൻ പിൻവലിച്ചതായുള്ള റിപ്പോർട്ടാണു വരുന്നത്. രജീന്ദർ പ്രസാദിനെ സംഭവങ്ങളിൽ ഇടപെടാൻ ഹിന്ദു സഭ ചുമതലപ്പെടുത്തുകയോ അനുവദിക്കുകയോ ചെയ്തിട്ടില്ലെന്ന് ക്ഷേത്രം പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ പുറത്താക്കിയത്. കൂടുതൽ അന്വേഷണത്തെ തുടർന്നാണു തിരിച്ചെടുക്കാൻ തീരുമാനിച്ചതെന്നും ഹിന്ദു സഭ അറിയിച്ചു.

പൂജാരിയെ പുറത്താക്കിയ ക്ഷേത്രം നടപടിയെ നേരത്തെ ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ സ്വാഗതം ചെയ്തിരുന്നു. 'കാനഡയിലെ ബഹുഭൂരിഭാഗം വരുന്ന സിഖുകാരും ഹിന്ദുക്കളും സൗഹാർദപൂർവം കഴിയണമെന്ന് ആഗ്രഹിക്കുന്നവരാണ്. വിദ്വേഷപ്രസംഗം നടത്തിയ പൂജാരിയെ ഹിന്ദു സഭാ ക്ഷേത്രം അധ്യക്ഷൻ പുറത്താക്കിയിരിക്കുകയാണ്. ഹിന്ദു സഭയിൽ ഞായറാഴ്ച രാത്രി നടന്ന അക്രമസംഭവങ്ങളെ ഒന്റാരിയോ സിഖ് സമുദായവും ഗുരുദ്വാര കൗൺസിലും അപലപിച്ചിരുന്നു. സംഘർഷസമയത്ത് വിഭജനത്തിന് ആക്കം കൂട്ടുന്ന നടപടികൾ അനുവദിക്കാനാകില്ല. ഈ വിദ്വേഷവും അക്രമങ്ങളും വിഭജനവുമൊന്നും ഹിന്ദുക്കളും സിഖുകാരും ആഗ്രഹിക്കുന്നുമില്ല'-മേയർ പറഞ്ഞു.

Summary: Hindu priest suspended in Canada's Brampton temple, later reinstated after protests

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News