കമലാ ഹാരിസ് പ്രസിഡന്റായാല്‍ ഇസ്രായേല്‍ ഇല്ലാതാകുമെന്ന് ട്രംപ്

താൻ പ്രസിഡന്റായാൽ ഗസയുൾപ്പടെയുള്ള മേഖലകളിൽ നിന്നുള്ള അഭയാർഥികളെ അമേരിക്കയിൽ നിന്ന് കുടിയൊഴിപ്പിക്കുമെന്ന് ട്രംപ്

Update: 2024-09-06 11:42 GMT
Advertising

വാഷിങ്ടൺ: ഡമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസ് അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ ഇസ്രായേൽ ലോകത്ത് നിന്ന് തുടച്ചുനീക്കപ്പെടുമെന്ന്  മുൻ അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വ്യാഴാഴ്ച ലാസ് വേഗസിലെയും നെവാഡയിലെയും ജൂതമതസ്ഥരോട് സംവദിക്കുന്നതിനിടയിലാണ് ട്രംപ് കമലാ ഹാരിസിനെതിരെ വിവാദ പ്രസ്താവന നടത്തിയത്.

കമലാ ഹാരിസ് പ്രസിഡന്റ് ആയാല്‍ ഇസ്രായേല്‍ എന്ന രാജ്യം തന്നെയുണ്ടാവില്ല. നിങ്ങൾക്ക് തിരികെ പോകാൻ ഇസ്രായേൽ എന്ന മണ്ണുണ്ടാകില്ല. ഇത് നിങ്ങൾ എല്ലാവരോടും പറയണമെന്നും ട്രംപ് പറഞ്ഞു. താൻ പ്രസിഡന്റായാൽ ഗസയുൾപ്പടെയുള്ള മേഖലകളിൽ നിന്നുള്ള അഭയാർഥികളെ അമേരിക്കയിൽ നിന്ന് കുടിയൊഴിപ്പിക്കും. പ്രതിഷേധത്തിനിടയിൽ സർക്കാർ മുതലുകൾ നശിപ്പിക്കുന്ന ഹമാസ് അനുകൂലികളെ അറസ്റ്റ് ചെയ്യും. ജൂതവിരുദ്ധത പ്രചരിപ്പിക്കുന്ന സർവകലാശാലകൾക്കുള്ള ധനസഹായവും അംഗീകാരവും റദ്ദാക്കുമെന്നും ട്രംപ് പറഞ്ഞു.

താന്‍ പ്രസിഡന്റായിരുന്നെങ്കിൽ ഒക്ടോബര്‍ 7 ന് ഇസ്രായേലിനെ ഹമാസ് ആക്രമിക്കില്ലായിരുന്നു. ഇസ്രായേലിനെ വെറുക്കുന്ന, ജൂതന്മാരെ ഇഷ്ടപ്പെടാത്ത കമലാ ഹാരിസിന് വോട്ട് ചെയ്യുന്നവരിൽ ജൂതന്മാരുമുണ്ട്. കമലാ ഹാരിസിന് വോട്ട് ചെയ്താൽ അവരെങ്ങനെയാണ് നിലനില്‍ക്കാന്‍ പോകുന്നതെന്നും ട്രംപ് ചോദിച്ചു.

ഗസയിൽ തുടരുന്ന കൊടുംക്രൂരതകൾക്കെതിരെ ഈ വര്‍ഷമാദ്യം അമേരിക്കയിലെ വിവിധ സര്‍വകലാശാലകളില്‍  ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭങ്ങളും സമരങ്ങളും നടന്നിരുന്നു. ഇതിനുപിന്നാലെ ട്രംപ് നടത്തിയ പ്രസ്താവനകള്‍ക്ക് മറുപടിയുമായി കമല ഹാരിസിന്റെ പ്രചാരണ വക്താവ് മോർഗൻ ഫിങ്കൽസ്റ്റീൻ രംഗത്തെത്തി. ജൂതരെ എന്നും തരം താഴ്ത്തിയ ചരിത്രമാണ് ട്രംപിനുള്ളത്. ജൂതവിരുദ്ധരുമായി ട്രംപിന് രഹസ്യബന്ധമുണ്ടെന്നും ഫിങ്കൽസ്റ്റീൻ വ്യക്തമാക്കി.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News