‘യുദ്ധം നീണ്ടുപോയാൽ ഹമാസല്ല, ഇസ്രായേലാണ് തകരുക’; വീണ്ടും മുന്നറിയിപ്പുമായി ഇസ്രായേൽ മുൻ സൈനിക മേധാവി
ബന്ദികളുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഹമാസ്
തെൽ അവീവ്: ഗസ്സയിൽ യുദ്ധം ഇനിയും തുടർന്നാൽ ഹമാസല്ല, ഇസ്രായേൽ തന്നെയാണ് തകരുകയെന്ന് മുൻ സൈനിക മേധാവി യിത്ഷാക് ബ്രിക് മുന്നറിയിപ്പ് നൽകി. ‘ഹമാസല്ല, ഇസ്രായേലാണ് തകരുന്നത്’ എന്ന തലക്കെട്ടോടെയാണ് ഇസ്രായേലി മാധ്യമമായ ‘ഹാരെറ്റ്സ്’ ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇസ്രായേലിന് വലിയ തോതിലുള്ള നാശനഷ്ടമാണ് സംഭവിക്കുന്നത്. ഹമാസിനേക്കാൾ വലിയ ആഘാതമാണ് രാജ്യത്തിന് യുദ്ധം ഉണ്ടാക്കുകയയെന്നും യിത്ഷാക് ബ്രിക് റിപ്പോർട്ടിൽ വ്യക്തമാക്കി.
പരിശീലനത്തിന്റെ അഭാവം കാരണം സൈനികർ ക്ഷീണിതരാണ്. യുദ്ധം ചെയ്യാനുള്ള അവരുടെ കഴിവ് നഷ്ടപ്പെടുന്നുണ്ട്. പലരും പരിശീലന കാലയളവ് തീരും മുമ്പേ യുദ്ധത്തിനിറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
വെടിനിർത്തൽ പ്രഖ്യാപിച്ചാലും ഗസ്സയിൽനിന്ന് സൈനികരെ പിൻവലിക്കില്ലെന്ന പ്രധാനമന്ത്രി നെതന്യാഹുവിന്റെ നിലപാടിനെയും മുൻ സൈനിക മേധാവി എതിർത്തു. ഹമാസുമായി വെടിനിർത്തൽ കരാറിലെത്തിയശേഷം ഗസ്സയിൽനിന്ന് സൈന്യത്തെ പിൻവലിക്കുന്നത് പരാജയത്തിന് തുല്യമാണെന്നാണ് ചിലർ വാദിക്കുന്നത്. ഗസ്സയിൽ എന്താണ് നടക്കുന്നതെന്ന് അറിയാത്തതിനാലാണ് അവർ ഇങ്ങനെ പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
തങ്ങളുടെ പ്രവർത്തനങ്ങളെ ന്യായീകരിക്കാനും പരാജയപ്പെട്ട യുദ്ധം തുടരാൻ പൊതുജനങ്ങളിൽനിന്ന് പിന്തുണ ലഭിക്കാനും രാഷ്ട്രീയ, സൈനിക വിഭാഗങ്ങൾ പതിവ് പല്ലവികൾ ആവർത്തിക്കുകയാണ്. യുദ്ധവിരാമം നമ്മുടെ തോൽവിയാണെന്നാണ് അവർ പ്രചരിപ്പിക്കുന്നത്. എന്നാൽ, സൈന്യത്തെയും രാജ്യത്തെയും തകർച്ചയിലേക്കാണ് ഇത് നയിക്കുകയെന്നും യിത്ഷാക് ബ്രിക് മുന്നറിയിപ്പ് നൽകുന്നു.
ഹമാസിന്റെ നിയന്ത്രണത്തിലായതിനാൽ ഗസ്സയിൽ ഇസ്രായേൽ സൈന്യത്തിന് കൂടുതൽ കാലം തുടരാൻ സാധിക്കില്ല. നൂറുകണക്കിന് കിലോമീറ്ററുകൾ നീണ്ടുകിടക്കുന്ന തുരങ്കങ്ങൾ വലിയ വെല്ലുവിളിയാണ്. ഇക്കാര്യങ്ങൾ മുൻനിർത്തി യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുമ്പും ഇസ്രായേൽ നേതൃത്വത്തിനെതിരെ യിത്ഷാക് ബ്രിക് രൂക്ഷവിമർശനവുമായി രംഗത്തുവന്നിരുന്നു.
വടക്കൻ ഗസ്സയിൽ ശക്തി വീണ്ടെടുത്ത് ഹമാസ്
വടക്കൻ ഗസ്സയിൽ ഹമാസ് ശക്തി വീണ്ടെടുത്ത് പഴയ നിലയിലേക്ക് തിരിച്ചെത്തിയതായും ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഏകദേശം 3000 ഹമാസ് പോരാളികൾ ഇവിടെ പ്രവർത്തനം പുനരാരംഭിച്ചു. കൂടാതെ സംഘടനയുടെ പ്രവർത്തനശേഷി വർധിപ്പിക്കുന്നതിലും ഇവർ സജീവ പങ്കാളികളാണ്.
ഗസ്സയുടെ മറ്റു ഭാഗങ്ങളിൽനിന്ന് പോരാളികളെ ഇവിടേക്ക് എത്തിക്കുന്നതിന് പകരം പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുകയാണ്. വടക്കൻ ഗസ്സയിൽ വീണ്ടും യുദ്ധം വേണ്ടി വരുമെന്നും മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
‘ഞങ്ങളെ സംരക്ഷിക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടു’
അതേസമയം, കഴിഞ്ഞദിവസം റഫയിൽ കൊല്ലപ്പെട്ട ആറ് ബന്ദികളുടെ വിഡിയോ ഹമാസ് പുറത്തുവിട്ടു. ഇവർ കൊല്ലപ്പെടുന്നതിന് മുമ്പ് ചിത്രീകരിച്ച വിഡിയോയാണിത്. കൊലപ്പെട്ട ഒറി ഡാനിനോ ഇസ്രായേൽ നേതൃത്തിനെതിരെ ഇതിൽ സംസാരിക്കുന്നുണ്ട്. ഇസ്രായേൽ പ്രധാനമന്ത്രിയെയും യുദ്ധ മന്ത്രിസഭയെയും അദ്ദേഹം കുറ്റപ്പെടുത്തി. ‘ഒക്ടോബർ ഏഴിന് നിങ്ങൾ പരാജയപ്പെട്ടു. ഞങ്ങളെയും ഇസ്രായേലി പൗരൻമാരെയും സംരക്ഷിക്കാനുള്ള ദൗത്യത്തിലും നിങ്ങൾ പരാജയപ്പെടുന്നു. നിങ്ങളുടെ പരാജയപ്പെട്ട രക്ഷാപ്രവർത്തനങ്ങൾ കാരണം ഒന്നിന് പിറകെ ഒന്നായി ഞങ്ങൾ മരിക്കുകയാണ്’ -ഒറി ഡാനിനോ വിഡിയോയിൽ പറയുന്നു.
ബന്ദികളെ തിരികെയെത്തിക്കാനുള്ള എല്ലാ പ്രവർത്തനങ്ങളും തുടരണമെന്ന് അദ്ദേഹം ഇസ്രായേലി ജനതയോടെ ആവശ്യപ്പെടുന്നുണ്ട്. ‘ഞങ്ങളെ ഇവിടെനിന്ന് ജീവനോടെ കൊണ്ടുവരണം. കാരണം ഈ അവസ്ഥയിൽ ആരും നിലനിൽക്കില്ല. വളരെ മോശം അവസ്ഥയിലൂടയാണ് ഞങ്ങൾ കടന്നുപോകുന്നത്. ഭക്ഷണവും വെള്ളവുമില്ല. മുഴുവൻ സമയവും ബോംബാക്രമണവും വെടിവെപ്പും തുടരുകയാണ്’ -അദ്ദേഹം കൂട്ടിച്ചേർത്തു. ജെറുസലേം സ്വദേശിയണ് ഒറി ഡാനിനോ. ഒക്ടോബർ ഏഴിന് നോവ ഫെസ്റ്റിവലിനിടെയാണ് ഇയാളെ ഹമാസ് പിടികൂടി ബന്ദിയാക്കുന്നത്.
ബന്ദികളുടെ പുതിയ വിഡിയോ കൂടി പുറത്തുവന്നതോടെ സർക്കാറിനെതിരെ ഇസ്രായേലിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ശനിയാഴ്ച ആരംഭിച്ച പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. തെൽ അവീവ്, റെഹോവോട്ട്, ഹോഡ് ഹഷറോൺ, അൽ ജലീൽ തുടങ്ങിയ നഗരങ്ങളിലെല്ലാം ജനം തെരുവിൽ തന്നെയുണ്ട്. ഒരു ലക്ഷത്തോളം പേരാണ് തെൽ അവീവിൽ നെതന്യാഹു സർക്കാറിനെതിരെ പ്രതിഷേധവുമായി രംഗത്തുള്ളത്. പലയിടത്തും പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. അതേസമയം, വെടിനിർത്തൽ മുഖേനയല്ലാതെ ബന്ദികളെ ജീവനോടെ ലഭിക്കില്ലെന്ന് ഹമാസ് ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.