ഗസ്സയ്ക്ക് പിറകെ വെസ്റ്റ് ബാങ്കിലും ഇസ്രായേലി ആക്രമണം: മൂന്നു പേർ കൊല്ലപ്പെട്ടു

അധിനിവേശ വെസ്റ്റ് ബാങ്കിലെ പല നഗരങ്ങളിലും ഇസ്രായേൽ സൈന്യം റെയ്ഡ് നടത്തി

Update: 2023-10-29 06:39 GMT
Advertising

വെസ്റ്റ് ബാങ്ക്: ഗസ്സയിലെ മാരകമായ വ്യോമാക്രമണത്തിനിടെ ഫത്ഹിന്റെ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കിലും ഇസ്രായേലി ആക്രമണം. വിവിധ സ്ഥലങ്ങളിലായി നടന്ന ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ടർ നിദ ഇബ്രാഹിം റാമല്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്തു. അധിനിവേശ വെസ്റ്റ് ബാങ്കിലെ പല നഗരങ്ങളിലും ഇസ്രായേൽ സൈന്യം കഴിഞ്ഞ ദിവസം രാത്രി റെയ്ഡ് നടത്തിയിരിക്കുകയാണ്. ഇതിനിടയിലാണ് മൂന്നുപേർ കൊല്ലപ്പെട്ടത്. നബ്ലസിലെ അസ്‌കർ അഭയാർത്ഥി ക്യാമ്പിന് സമീപമാണ് പ്രധാനമായും റെയ്ഡ് നടന്നത്.

ഇസ്രായേൽ സേനയെ പിന്തിരിപ്പിക്കാൻ വീട്ടിലുണ്ടാക്കിയ സ്‌ഫോടകവസ്തുക്കൾ ഫലസ്തീനികൾ ഉപയോഗിച്ചെങ്കിലും അത് വിജയിച്ചില്ലെന്നും അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഗസ്സയിലെ ഫലസ്തീനികളെ പിന്തുണച്ച് പ്രതിഷേധം നടന്ന ജെനിൻ നഗരമധ്യത്തിലും ഇസ്രായേൽ സൈന്യം റെയ്ഡ് നടത്തി.

അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളെ ഇസ്രായേൽ സൈന്യം തടങ്കലാക്കുകയും ചെയ്തു. 20 ഫലസ്തീനിയൻ സ്ത്രീകളും തടവിലാക്കപ്പെട്ടെന്ന് ഫലസ്തീൻ സെന്റർ ഫോർ പ്രിസണർ സ്റ്റഡീസിന്റെ മാധ്യമ വക്താവ് ആമിന അൽ തവീൽ പറഞ്ഞതായി മിഡിൽ ഈസ്റ്റ് ഐയാണ് റിപ്പോർട്ട് ചെയതത്. കസ്റ്റഡിയിലെടുത്ത സ്ത്രീകളിൽ ചിലരെ വീട്ടുതടങ്കലിൽ പാർപ്പിക്കുകയും മറ്റു ചിലരെ അഡ്മിനിസ്ട്രേറ്റീവ് തടങ്കലിലേയ്ക്കും മാറ്റുകയും ചെയ്തതായും റിപ്പോർട്ടിൽ പറഞ്ഞു. ഇതോടെ ഇസ്രായേൽ തുറങ്കിലടച്ച ഫലസ്തീൻ വനിത തടവുകാരുടെ എണ്ണം 60-ലധികമായി.

1,400 പേരുടെ മരണത്തിനിടയാക്കിയ തെക്കൻ ഇസ്രായേലിലെ ഹമാസിന്റെ നേതൃത്വത്തിലുള്ള അപ്രതീക്ഷിത ആക്രമണത്തിന് ശേഷം, അധിനിവേശ പ്രദേശങ്ങളിൽ ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ സൈന്യം ക്രൂരമായ ആക്രമണമാണ് നടത്തുന്നത്. ഇതുവരെ 7,703 ഫലസ്തീനികളാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്.

Israeli attack in the West Bank after Gaza: three people were killed

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News