'വെടിനിർത്തൽ പ്രമേയം വീറ്റോ ചെയ്ത അമേരിക്കയ്ക്ക് നന്ദി'; റഫക്ക് നേരെ റമദാനിലും ആക്രമണം തുടരുമെന്ന് ഇസ്രായേൽ മന്ത്രി
ഗസ്സയിലേക്കുള്ള ഭക്ഷ്യവിതരണം പൂർണമായും നിർത്താനുള്ള യു.എന്‍ സന്നദ്ധസംഘടനകളുടെ തീരുമാനം വൻദുരന്തം ക്ഷണിച്ചുവരുത്തുമെന്ന് മുന്നറിയിപ്പ്.
തെൽ അവീവ്: റഫക്ക് നേരെയുള്ള ആക്രമണം റമദാനിലും തുടരുമെന്ന് ഇസ്രായേൽ മന്ത്രി ബെന്നി ഗാന്റ്സ്. വെടിനിർത്തൽ പ്രമേയം വീറ്റോ ചെയ്ത അമേരിക്കക്ക് നന്ദി പറഞ്ഞ ഗാന്റ്സ് ഗസ്സക്ക് മേൽ സൈനിക നിയന്ത്രണമാണ് ലക്ഷ്യമെന്നും പറഞ്ഞു. ആക്രമണത്തിൽ നിന്ന് പിറകോട്ടില്ല, ബന്ദി കൈമാറ്റ ചർച്ച സമാന്തരമായി തുടരുമെന്നും ഗാന്റ്സ് കൂട്ടിച്ചേർത്തു.
ഗസ്സയിലേക്കുള്ള ഭക്ഷ്യവിതരണം പൂർണമായും നിർത്താനുള്ള യുഎന്‍ സന്നദ്ധസംഘടനകളുടെ തീരുമാനം വൻദുരന്തം ക്ഷണിച്ചു വരുത്തുമെന്നാണ് മുന്നറിയിപ്പ്. ഗസ്സയിലെ ക്രമസമാധനില തകർന്നതും കൂടി കണക്കിലെടുത്താണ് വിതരണം നിർത്താനുള്ള കാരണം. വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ ഭക്ഷണ ട്രക്കിന് നേരെ ആക്രമണമുണ്ടായതിനെ തുടർന്ന് മൂന്നാഴ്ച മുമ്പ് ഭക്ഷ്യവിതരണം നിർത്തിയിരുന്നു. തുടർന്ന് വിതരണം പുനഃരാരംഭിച്ചപ്പോൾ വെടിവെപ്പുണ്ടായി. ഗസ്സ കടുത്ത ക്ഷാമത്തിലേക്ക് നീങ്ങുകയാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നൽകി.
ഏകദേശം 23 ലക്ഷം ജനങ്ങളെ പട്ടിണി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഗസ്സയിലേക്കുള്ള സഹായം നിർത്തുന്നത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് വിവിധ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി. വംശഹത്യക്ക് അധിനിവേശ സൈന്യം പട്ടിണി ആയുധമാക്കി മാറ്റുകയാണെന്ന് ഗസ്സ അധികൃതർ കുറ്റപ്പെടുത്തി. ഭക്ഷ്യവിതരണത്തിന് സുരക്ഷ ഉറപ്പാക്കാൻ യു.എൻ അധികൃതർ ഇസ്രായേലിനോട് ആവശ്യപ്പെട്ടു.
മൂന്നാം തവണയും യു.എൻ രക്ഷാസമിതി പ്രമേയം വീറ്റോ ചെയ്ത അമേരിക്കൻ നീക്കത്തിനെതിരെ ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ ഗസ്സയിൽ താൽക്കാലിക വെടിനിർത്തലിനു വേണ്ടി സ്വന്തം നിലക്ക് പ്രമേയവുമായി മുന്നോട്ടു പോകുമെന്ന് അമേരിക്ക അറിയിച്ചു. യു.എൻ രക്ഷാസമിതിയുടെ നിർദേശങ്ങൾ തള്ളുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ഹമാസിനെ തുരത്തുംവരെ ആക്രമണം അവസാനിപ്പിക്കില്ലെന്നും നെതന്യാഹു പ്രതികരിച്ചു.
അതിനിടെ, വെടിനിർത്തൽ ചർച്ചകൾക്കായി ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ കൈറോയിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ മൂന്നാം ദിവസമായ ഇന്നും വാദം തുടർന്നു. വിവിധ രാജ്യങ്ങൾ ഇസ്രായേലിനെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. എന്നാൽ അമേരിക്ക ഇസ്രായേൽ നടപടികളെ സംരക്ഷിക്കുന്ന സമീപനമാണ് കോടതിയിൽ കൈക്കൊണ്ടത്. ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നൂറിലേറെ പേർ കൊല്ലപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 29,313 ആയി.