ബൈഡന്റെ വെടിനിർത്തൽ നിർദേശം: ഇസ്രായേൽ തീരുമാനം നീളുന്നു
ജീവനോടെയോ അല്ലാതെയോ ബന്ദികളെ തിരിച്ചെത്തിക്കുമെന്ന് നെതന്യാഹു
ദുബൈ: അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശത്തിൽ ഇസ്രായേൽ തീരുമാനം നീളുന്നു. യുദ്ധം അവസാനിപ്പിച്ചാൽ പിന്തുണ പിൻവലിക്കുമെന്ന തീവ്രവലതുപക്ഷത്തിന്റെ മുന്നറിയിപ്പാണ് തുടർ നീക്കങ്ങൾ കൈക്കൊള്ളുന്നതിൽ നിന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ തടയുന്നത്.
ജീവനോടെയോ അല്ലാതെയോ ബന്ദികളെ തിരിച്ചെത്തിക്കുമെന്ന് നെതന്യാഹു പറഞ്ഞു. ഹമാസിനെ അമർച്ച ചെയ്യുന്നതുൾപ്പെടെ യുദ്ധലക്ഷ്യങ്ങളിൽ നിന്ന് പിറകോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരുവിഭാഗത്തെയും എത്രയും പെട്ടെന്ന് ചർച്ചയിലേക്ക് കൊണ്ടുവരാൻ ഖത്തറിൽ ചേർന്ന മധ്യസ്ഥ രാജ്യങ്ങളുടെയും അമേരിക്കയുടെയും യോഗത്തിൽ തീരുമാനിച്ചതായാണ് റിപ്പോർട്ട്. സി.ഐ.എ മേധാവി വില്യം ബേൺസ് ഖത്തർ, ഈജിപ്ത് നേതാക്കളുമായി ചർച്ച നടത്തിയെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തു. ആക്രമണം നിർത്തി സൈന്യത്തെ പിൻവലിക്കുന്ന ഏതൊരു വെടിനിർത്തൽ നിർദേശത്തോടും അനുകൂല സമീപനം സ്വീകരിക്കുമെന്ന് ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മാഈൽ ഹനിയ്യ പറഞ്ഞു.
ദക്ഷിണ ലബനാനിൽ നിന്ന് വടക്കൻ ഇസ്രായേലിനു നേർക്കുള്ള ഹിസ്ബുല്ല ആക്രമണം തടയാൻ വ്യാപക തിരിച്ചടിക്ക് സൈന്യം ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ, ഗസ്സയിൽ വെടിനിർത്തൽ വന്നാൽ ഹിസ്ബുല്ല ആക്രമണം അവസാനിക്കുമെന്നും വ്യാപക യുദ്ധത്തിലേക്ക് നീങ്ങരുതെന്നും അമേരിക്ക ഇസ്രായേലിനെ അറിയിച്ചു.
ഇസ്രായേലിെൻറ ജറൂസലം ദിനാചരണം വെസ്റ്റ് ബാങ്കിൽ സംഘർഷം വർധിപ്പിച്ചു. കിഴക്കൻ ജറൂസലം ഉൾപ്പെടെ എല്ലാം ഇസ്രായേലിനു മാത്രം അവകാശപ്പെട്ടതാണെന്ന് മന്ത്രി ബെൻ ഗവിറിെൻറ പ്രസ്താവനക്കെതിരെ ഫലസ്തീൻ പ്രസിഡൻറും ഹമാസും രംഗത്തുവന്നു. പ്രകോപന നീക്കങ്ങൾക്കെതിരെ അറബ് ലോകം പ്രതികരിക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടു.
റഫ ഉൾപ്പെടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണം ശക്തമായി തുടരുകയാണ്. ഗസ്സയിൽ പരിക്കേറ്റവർക്ക് ചികിത്സ നൽകാൻ ആശുപത്രികൾ ഇല്ലാത്ത സാഹചര്യം മരണസംഖ്യ ഉയർത്തുന്നതായി ഗസ്സ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. പുതുതായി 25 എഫ്-35 യുദ്ധവിമാനങ്ങൾ കൂടി ഇസ്രായേലിന് കൈമാറാനുള്ള അമേരിക്കൻ കമ്പനിയുടെ കരാറിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ലോക്ഹീഡ് മാർട്ടിനുമായാണ് ഇസ്രായേൽ ചൊവ്വാഴ്ച കരാറിൽ ഒപ്പുവെച്ചത്.